ബജാജ് പറഞ്ഞത് ഇത്രയും മൈലേജ്, എന്നാൽ ഫ്രീഡം 125 സിഎൻജി റോഡിൽ ഓടിച്ചപ്പോൾ കിട്ടിയത് ഇത്രമാത്രം!
റോഡിൽ പരീക്ഷിച്ച ബജാജ് ഫ്രീഡം 125 സിഎൻജി മോഡിൽ 85 കിമി/കി.ഗ്രാം മൈലേജ് നൽകി. അതേസമയം കമ്പനി അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 100 കി.മീ/കിലോ എന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ലോക ഇരുചക്രവാഹന ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്താണ് ഇന്ത്യൻ ടൂവീലർ ബ്രാൻഡായ ബജാജ് അടുത്തിടെ ഒരു ബൈക്കിറക്കിയത്. ബജാജ് ഫ്രീഡം 125 എന്ന ബൈക്കിന്‍റെ വരവായിരുന്നു അത്. ഇത് രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണ്. ഈ ബൈക്കിൽ രണ്ട് കിലോ സിഎൻജി സിലിണ്ടറാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. അതേ സമയം, രണ്ട് ലിറ്റർ പെട്രോൾ ടാങ്കും ബൈക്കിൽ ഉണ്ട്. ഒരു കിലോഗ്രാം സിഎൻജിയിൽ നിന്നുള്ള മൈലേജ് 100 കിമി ആണെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരുലിറ്റർ പെട്രോളിൽ 65 കിലോമീറ്റർ ഓടും എന്നാണ് ബജാജ് പറയുന്നത്. എങ്കിലും, ഇപ്പോൾ ഫ്രീഡം 125-ൻ്റെ അവലോകനങ്ങൾ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു. അതിൽ അതിന് റോഡിൽ ലഭിക്കുന്ന യഥാർത്ഥ മൈലേജും വെളിപ്പെടുത്തിയിട്ടുണ്ട്.
ഓട്ടോ ജൈണലായ റഷ്‌ലൈൻ റോഡിൽ പരീക്ഷിച്ച ബജാജ് ഫ്രീഡം 125 സിഎൻജി മോഡിൽ 85 കിമി/കി.ഗ്രാം മൈലേജ് നൽകി. അതേസമയം കമ്പനി അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 100 കി.മീ/കിലോ എന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എങ്കിലും, മൈലേജ് കണക്കുകൾ റോഡിനെയും ഡ്രൈവിംഗ് സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. മികച്ച ഡ്രൈവിംഗിലൂടെ മൈലേജ് വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ് ലൈൻ പറയുന്നു. അതായത്, കമ്പനി പറയുന്ന 100 കി.മീ/കിലോ മൈലേജ് എന്നത് വളരെ അകലെയൊന്നുമല്ല എന്ന് ചുരുക്കം. മാത്രമല്ല, 85 കി.മീ/കിലോയിൽ പോലും, ബജാജ് ഫ്രീഡം 125-ന് സിഎൻജി ഇന്ധനത്തിൻ്റെ വില കുറവായതിനാൽ ഇന്ത്യയിലെ മറ്റേതൊരു മോട്ടോർസൈക്കിളിനേയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പ്രവർത്തനച്ചെലവുതന്നെയാണ് എന്നതും ശ്രദ്ധേയം.
പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാൻ കഴിയുന്ന 125 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ബജാജ് ഫ്രീഡത്തിനുള്ളത്. എഞ്ചിൻ 9.5 പിഎസ് പവറും 9.7 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്‍പീഡ് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ. ഈ മോട്ടോർസൈക്കിളിൽ സീറ്റിനടിയിൽ സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിട്ടുണ്ട്. ഒട്ടും കാണാത്ത വിധത്തിലാണ് ഈ സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിരിക്കുന്നത്. സിഎൻജി നിറയ്ക്കാൻ കമ്പനി അതിൻ്റെ ഇന്ധന ടാങ്കിൽ തന്നെ ഇടം നൽകിയിട്ടുണ്ട്. ഇന്ധന ടാങ്കിൽ പെട്രോൾ നിറയ്ക്കുന്ന നോസിലിന് സമീപമാണ് സിഎൻജി ഫില്ലിങ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. അതായത് സിഎൻജി നിറയ്ക്കാൻ നിങ്ങൾ സീറ്റ് തുറക്കുകയോ ബൈക്കിൽ നിന്ന് ഇറങ്ങുകയോ ചെയ്യേണ്ടതില്ല.
ഈ മോട്ടോർസൈക്കിളിൻ്റെ 11 സുരക്ഷാ പരിശോധനകൾ നടത്തി. ഏഴ് നിറങ്ങളിലാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. ലോഞ്ചിങ്ങിനൊപ്പം ഇതിൻ്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇത് ഓൺലൈനിലോ കമ്പനിയുടെ ഡീലറെ സന്ദർശിച്ചോ ബുക്ക് ചെയ്യാം. ഫ്രീഡം 125ന്‍റെ വിതരണം ആദ്യം മഹാരാഷ്ട്രയിലും ഗുജറാത്തിലും ആരംഭിക്കും. ഉടൻതന്നെ രാജ്യത്തുടനീളം ലഭ്യമാകും. മൂന്നു വേരിയൻ്റുകളിലായാണ് ഈ മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്. NG04 ഡിസ്ക് LED, NG04 ഡ്രം LED, NG04 ഡ്രം LED എന്നിവ ഇതിൽ ഉൾപ്പെടുന്നു. എൻജി04 ഡിസ്‌ക് എൽഇഡിയുടെ എക്‌സ് ഷോറൂം വില 1.10 ലക്ഷം രൂപയും എൻജി04 ഡ്രം എൽഇഡിയുടെ എക്‌സ് ഷോറൂം വില 1.05 ലക്ഷം രൂപയും എൻജി04 ഡ്രമ്മിൻ്റെ എക്‌സ് ഷോറൂം വില 95,000 രൂപയുമാണ്.
ശ്രദ്ധിക്കുക: മുകളിൽ സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂം ആണ്, വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യാസമുണ്ടാകാം.