ജനപ്രിയ യൂട്യൂബര്‍ക്ക് എംവിഡിയുടെ മുട്ടൻപണി, ഡ്രൈവിംഗ് ലൈസൻസ് തെറിച്ചത് 10 വർഷത്തേക്ക്!

സെക്ഷൻ 19 (1) (ഡി), (എഫ്) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്‍തതിനാൽ വാസന്റെ ഡ്രൈവിംഗ് ലൈസൻസ് 2033 ഒക്ടോബർ 5 വരെ തമിഴ്‌നാട് സർക്കാർ ഗതാഗത വകുപ്പ് അയോഗ്യനാക്കി.

Popular Tamil YouTuber TTF Vasans driving license suspended prn

ജനപ്രിയ തമിഴ് യൂട്യൂബറും റേസറുമായ വൈകുണ്ഠവാസൻ എന്ന ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസൻസ് തമിഴ്‌നാട് ഗതാഗത വകുപ്പ് 10 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. 2023 ഒക്‌ടോബർ 6 മുതലാണ് ഇയാളുടെ ലൈസൻസ് അയോഗ്യമാക്കാൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ (ആർടിഒ) ഓഫീസ് ഉത്തരവിട്ടത്.  സെക്ഷൻ 19 (1) (ഡി), (എഫ്) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്‍തതിനാൽ വാസന്റെ ഡ്രൈവിംഗ് ലൈസൻസ് 2033 ഒക്ടോബർ 5 വരെയാണ് തമിഴ്‌നാട് സർക്കാർ ഗതാഗത വകുപ്പ് അയോഗ്യമാക്കിയത്.

ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോവ്ലോഗറും നടനുമാണ് ടിടിഎഫ് വസന്‍. കഴിഞ്ഞ സെപ്റ്റംബര്‍ 19ന് ചെന്നൈ-വെല്ലൂർ ഹൈവേയിൽ കാഞ്ചീപുരത്തിനടുത്തുള്ള തമൽ മേഖലയിൽ വേഗത്തിലും അശ്രദ്ധയിലും അപകടകരമായും ഇരുചക്രവാഹനം ഓടിച്ചതിന് വാസനെതിരെ ബാലുചെട്ടി ഛത്രം പോലീസ് കേസെടുത്ത്അറസ്റ്റ് ചെയ്‍തിരുന്നു. പുഴൽ ജയിലിൽ കഴിയുന്ന ടിടിഎഫ് വാസൻ സമർപ്പിച്ച ജാമ്യാപേക്ഷ കാഞ്ചീപുരം കോടതി നേരത്തെ തള്ളിയിരുന്നു.

ഈ സാഹചര്യത്തിൽ ജാമ്യം തേടി ടിടിഎഫ് വാസൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കന്നുകാലികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വാഹനത്തിന്റെ ചക്രം പൊങ്ങിയെന്നും ബ്രേക്ക് ഇട്ടില്ലെങ്കിൽ കന്നുകാലികൾക്ക് അപകടമുണ്ടാകുമായിരുന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, അപകടത്തിൽ പരിക്കേറ്റ് ജയിലിൽ മതിയായ ചികിത്സ ലഭിക്കാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നും വ്രണങ്ങൾ വഷളാകുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്നും ഒരു കുറ്റകൃത്യത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും കോടതി വിധിക്കുന്ന വ്യവസ്ഥകൾ പാലിക്കുമെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. എന്നാൽ മദ്രാസ് ഹൈക്കോടതി വാസന് ജാമ്യം അനുവദിച്ചില്ല.

വാസന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാര്യമായ അനുയായികളുണ്ട്. പൊതു റോഡുകളിൽ ബൈക്ക് സ്റ്റണ്ടുകൾ, റേസിംഗ് മുതലായവയുടെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നു. അതേസമയം അപകടത്തിന്‍റെ സിസിടിവി ദൃശ്യവും അപകടം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും ജീവന് ഭീഷണി ഉയര്‍ത്തിയതിനും വസനെതിരെ പൊലീസില്‍ പരാതി എത്തിയിരുന്നു.

യുട്യൂബര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ഇത് ആദ്യമായല്ല ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പരസ്യമായി ലംഘിച്ചതിന് പലപ്പോഴും ഗതാഗത വകുപ്പ് പിടികൂടിയിട്ടുണ്ട്. യുട്യൂബില്‍ ഒട്ടേറെ ആരാധകരുള്ള വസന്‍റെ പേരില്‍ കാര്യമായ നടപടിയൊന്നും സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കര്‍ശന നടപടി.

Latest Videos
Follow Us:
Download App:
  • android
  • ios