'ഉന്നാൽ മുടിയാത് തമ്പീ'; കുറഞ്ഞ ടിക്കറ്റ് നിരക്ക്, എസിയും, റോബിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസി ബസ് വൻ ഹിറ്റ്
കെഎസ്ആർടിസി എസി ബസിന് പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസിന് 659 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി അല്ലാത്ത റോബിൻ ബസിന് 650 രൂപയാണ്.
പത്തനംതിട്ട: പത്തനംതിട്ട - കോയമ്പത്തൂർ സർവ്വീസ് നടത്തുന്ന റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി പുറത്തിറക്കിയ എസി ലോ ഫ്ലോർ ബസിന്‍റെ ആദ്യ സർവ്വീസ് വൻ ഹിറ്റ്. കോയമ്പത്തൂർ എസി ലോ ഫ്ലോർ സർവീസിന് ആദ്യ ദിനം തന്നെ മികച്ച വരുമാനമാണ് കിട്ടിയത്. ബസ് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തും. പത്തനംതിട്ടയില്‍ നിന്നും ഇന്ന് കോയമ്പത്തൂരിലേക്ക് പോയ ലോ ഫ്ളോര്‍ എ.സി ബസ്സിന്‍റെ തിരിച്ചുള്ള സർവ്വീസിൽ നിറയെ യാത്രക്കാരാണ്. റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുൻപേ പത്തനംതിട്ടയിൽ നിന്നും സർവീസ് തുടങ്ങിയ ബസിനെ യാത്രക്കാരും വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.
വിവാദ നായകനായ റോബിൻ ബസിന് ബദലായാണ് കെഎസ്ആര്‍ടിസി പ്രത്യേക കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിച്ചത്. അഞ്ച് മണിക്കാണ് റോബിൻ ബസ് പുറപ്പെടുന്നത്. എന്നാൽ അരമണിക്കൂർ നേരത്തെ 4.30നാണ് കെഎസ്ആർടിസി ലോ ഫ്ലോർ ബസ് പുറപ്പെട്ടത്. തുടക്കത്തിൽ യാത്രക്കാരില്ലാതെ കാലിയായിട്ടാണ് പത്തനംതിട്ടയില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിച്ചതെങ്കിലും പിന്നീട് ബസിൽ യാത്രികരെത്തി. രാവിലെ 4:30ന് പുറപ്പെട്ട് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നത്. 11.30ന് ബസ് കോയമ്പത്തൂരില്‍ എത്തി.
കോയമ്പത്തൂരിൽ നിന്നും വൈകിട്ട് 4.30ന് പുറപ്പെട്ട ബസ് രാത്രി 11.30 ഓടെ പത്തനംതിട്ടയിലെത്തും. സർവ്വീസിന് മികച്ച സ്വീകരണമാണെന്നും കെഎസ്ആർടിസിയെ തകർക്കാൻ ഉള്ള നീക്കമാണ് റോബിൻ ബസ് ഉടമ നടത്തുന്നതെന്നും ജീവനക്കാർ പറഞ്ഞു. കെഎസ്ആർടിസി എസി ബസിന് പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസിന് 659 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി അല്ലാത്ത റോബിൻ ബസിന് 650 രൂപയാണ്. അതേസമയം പത്തനംതിട്ട - കോയമ്പത്തൂർ സർവിസ് പെർമിറ്റില്ലാതെയാണെന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ KL15 A 0909 നമ്പർ ലോ ഫ്ലോർ എസി ബസ്സിന് 15/07/2028 തീയതി വരെയുള്ള ഇന്റർസ്റ്റേറ്റ് പെർമിറ്റ് എടുത്തിട്ടുള്ളതാണ്. പെർമിറ്റ് കേരള ആർടിഎ നൽകി തമിഴ്നാട് സംസ്ഥാന ആർടിഎ കൗണ്ടർ സൈൻ ചെയ്ത് എല്ലാ നടപടിക്രമങ്ങളും നിയമങ്ങളും അനുസരിച്ചുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റാണെന്ന് കെഎസ്ആർടിസി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
Read More : വിശന്ന് കരഞ്ഞ ഒരു വയസുള്ള മകന്‍റെ വായിൽ മദ്യമൊഴിച്ചു, തലയ്ക്കടിച്ച് കൊന്നു; അമ്മയും കാമുകനും പിടിയിൽ