"എന്ത് വിധിയിത്.." ഡീസലിന് 293 രൂപ, പെട്രോളിന് 290 രൂപ; തലയില്‍ കൈവച്ച് പാക്കിസ്ഥാനികള്‍!
പുതുതായി സത്യപ്രതിജ്ഞ ചെയ്‍ത കാവൽ സർക്കാർ ഇന്ധനവില ലിറ്ററിന് 20 പാക്കിസ്ഥാനി രൂപ (പികെആര്‍) വരെ വർദ്ധിപ്പിച്ചതിനാൽ പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ വില റെക്കോർഡ് ഉയർന്നതായി ഡോണിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാനിൽ പെട്രോൾ, ഡീസൽ വിലയില്‍ റെക്കോർഡ് വര്‍ദ്ധനവ്. പുതുതായി സത്യപ്രതിജ്ഞ ചെയ്‍ത കാവൽ സർക്കാർ ഇന്ധനവില ലിറ്ററിന് 20 പാക്കിസ്ഥാനി രൂപ (പികെആര്‍) വരെ വർദ്ധിപ്പിച്ചതിനാൽ പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ വില റെക്കോർഡ് ഉയർന്നതായി ഡോണിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഡീസൽ വില 20 പാക്കിസ്ഥാനി രൂപ വർധിപ്പിച്ച് ലീറ്ററിന് 293.40 പാക്കിസ്ഥാനി രൂപയായി. ലീറ്ററിന് 17.50 പാക്കിസ്ഥാനി രൂപ വർധിപ്പിച്ചതിന് ശേഷം പെട്രോൾ വില ലിറ്ററിന് 290.45 പാക്കിസ്ഥാനി രൂപ ആണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം വിലയിലുണ്ടായ വർധനയാണ് ഈ തീരുമാനത്തിന് കാരണമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, സർക്കാർ വിജ്ഞാപനമനുസരിച്ച് മണ്ണെണ്ണയുടെയും ലൈറ്റ് ഡീസൽ എണ്ണയുടെയും വിലയിൽ മാറ്റമില്ല.
അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) കരാറിൽ വിവരിച്ചിരിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുമായി ഒത്തുപോകുന്നതാണ് ഇന്ധന വില ഉയർത്താനുള്ള ഈ തീരുമാനം. പാക്കിസ്ഥാൻ ഗവൺമെന്റ് ഇന്ധനവിലയിൽ വൻ വര്‍ദ്ധനവ് വരുത്തിയതിനാല്‍ വില വെറും 15 ദിവസത്തിനുള്ളിൽ ലിറ്ററിന് 40 പികെആർ വർദ്ധിച്ചു. ഒരു വർഷം മുമ്പ് രാജ്യത്തെ ഇന്ധനങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, സർക്കാർ കണക്കുകൾ പ്രകാരം പെട്രോൾ വില കഴിഞ്ഞ വർഷത്തെ ഏറ്റവും താഴ്ന്ന നിലയേക്കാൾ 35 ശതമാനത്തോളം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യൻ രൂപയെ അപേക്ഷിച്ച് വളരെ കുറഞ്ഞ മൂല്യമാണ് പാക്കിസ്ഥാനി രൂപയ്ക്ക്. 0.28 പൈസ മാത്രമാണ് ഒരു പാക്കിസ്ഥാനി രൂപയുടെ നിലവിലെ മൂല്യം.
നയാപ്പൈസയില്ല, വാങ്ങാൻ ആളുമില്ല; പാക്കിസ്ഥാനിലെ കച്ചവടം മതിയാക്കി കിയയും സ്‍കൂട്ടായി!
അതേസമയം പാക്കിസ്ഥാനിലെ കാർ വിപണി അതിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിൽപ്പന വളരെ കുറച്ച് മാത്രമായി തുടരുന്നു. പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ കലങ്ങി മറിഞ്ഞ അവസ്ഥയിലൂടെ നീങ്ങുന്നത് തുടരുന്നു. മാത്രമല്ല ഓട്ടോമോട്ടീവ് വ്യവസായം മൊത്തത്തിൽ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നു. പല നിർമ്മാതാക്കളും ഉൽപ്പാദന സമയക്രമത്തിൽ താൽക്കാലിക വിരാമം പ്രഖ്യാപിച്ചു. 1000 സിസിയോ അതിൽ കുറവോ ശേഷിയുള്ള ചെറിയ എഞ്ചിനുകളുള്ള എൻട്രി ലെവൽ കാറുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിസന്ധിയെ തുടര്‍ന്ന് പാക്കിസ്ഥാനിലെ നാല് കാർ ഡീലർഷിപ്പുകൾ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ മോട്ടോഴ്‍സ് അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മൂന്നുപതിറ്റാണ്ടോളമായി പാക്കിസ്ഥാനില്‍ വാഹനങ്ങൾ വിൽക്കുന്ന കിയ യാത്ര അവസാനിപ്പിച്ചത്. ഉൽപ്പാദനം കുറഞ്ഞതും രാജ്യത്തെ വിലക്കയറ്റവുമാണ് ഇതിന് കാരണമായി പറയുന്നത്. കിയ മോട്ടോഴ്‍സ് ക്വറ്റ, കിയ മോട്ടോഴ്‌സ് ചെനാബ് ഗുജറാത്ത്, കിയ മോട്ടോഴ്‍സ് മോട്ടോഴ്‌സ് അവന്യൂ ദേരാ ഗാസി ഖാൻ, മോട്ടോഴ്‌സ് ഗേറ്റ്‌വേ മർദാൻ എന്നീ ഡീലര്‍ഷിപ്പുകള്‍ അടച്ചുപൂട്ടാനാണ് കമ്പനി തീരുമാനിച്ചത്. അതേസമയം പാക്കിസ്ഥാനിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ചൂട് അനുഭവപ്പെടുന്ന ആദ്യത്തെ കാർ നിർമ്മാതാക്കളല്ല കിയ. ഇതിനുമുമ്പ് സുസുക്കി, ടൊയോട്ട തുടങ്ങിയ കമ്പനികളും പാക്കിസ്ഥാനിലെ തങ്ങളുടെ ഉൽപ്പാദന സൗകര്യങ്ങൾ അടച്ചുപൂട്ടിയിരുന്നു. മറ്റ് പല കാർ നിർമ്മാതാക്കളും ഉൽപ്പാദനം വെട്ടിക്കുറച്ചു. പാക്കിസ്ഥാന്‍റെ സമീപകാല സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ആഗോള, അന്തർദേശീയ കാർ നിർമ്മാതാക്കൾ പ്രതിസന്ധിയിലാണ്. പാകിസ്ഥാൻ ഈ മാന്ദ്യത്തിൽ നിന്ന് യഥാസമയം കരകയറുന്നില്ലെങ്കിൽ ഇനിയും പ്രമുഖ കാർ നിർമ്മാതാക്കളും വാഹന ബ്രാൻഡുകളും രാജ്യം വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.