കേരളത്തിന് ആ‘ശ്വാസ’വുമായി കേന്ദ്രത്തിന്‍റെ ആ ട്രെയിന്‍!
ഓക്സിജനുമായി കേരളത്തിലേക്കുള്ള കേന്ദ്രത്തിന്‍റെ ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയില്‍
കൊച്ചി: ഓക്സിജനുമായി കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയില്‍ എത്തി. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നര മണിയോടെയാണ് ട്രെയിന്‍ വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡിഷയിലെ കലിംഗാനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്ന് ദ്രവീകൃത മെഡിക്കൽ ഓക്സിജനുമായിട്ടായിരുന്നു ട്രെയിനിന്‍റെ വരവ്.
ആറ് ക്രയോജനിക് കണ്ടെയിനറുകളിലായി 118 ടൺ ഓക്സിജൻ ലഭിച്ചു. ഇത് ഏജൻസികൾ മുഖാന്തിരം വിവിധ ജില്ലകളിലേക്ക് ട്രക്കുകളിൽ എത്തിക്കും. അടുത്ത ഓക്സിജൻ എക്സ്‌പ്രസ് ഉടൻ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദില്ലിയിലെ ഓക്സിജൻ ആവശ്യത്തില്‍ കുറവ് വന്നതിനെത്തുടർന്നാണ് ടാറ്റാ സ്റ്റീൽ പ്ലാന്റിൽനിന്നുള്ള ഓക്സിജൻ കേരളത്തിനു നൽകാൻ കേന്ദ്രം തീരുമാനിച്ചത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ഓക്സിജൻ ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപെട്ടിരുന്നു. സംസ്ഥാനം ഓക്സിജൻ ക്ഷാമം നേരിടുന്നതായി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
500 ടാങ്കുകളിലായി 7900 മെട്രിക് ടണ്ണിലധികം ഓക്സിജൻ റെയിൽവേ ഇതിനകം വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചു. ഏപ്രിൽ 24 മുതലാണ് രാജ്യത്ത് ഓക്സിജനുമായി തീവണ്ടികൾ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകൾ തടസ്സമില്ലാതെ ഓടാൻ വേണ്ട ക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാടിന് മൂന്നുതവണയും കർണാടകയ്ക്ക് രണ്ടുതവണയും കേന്ദ്രം ഓക്സിജൻ എത്തിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 139 ഓക്സിജൻ എക്സ്‍പ്രസ് വഴി വിവിധ സംസ്ഥാനങ്ങൾക്കായി 8,700 ടൺ ദ്രവീകൃത ഓക്സിജനാണ് എത്തിച്ചതെന്നാണ് കണക്കുകള്‍.
ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കറുകളാണ് റെയില്‍വേ എത്തിക്കുന്നത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‍ത പ്രത്യേക കണ്ടെയിനർ ടാങ്കറുകളിലാണു ഓക്സിജൻ നിറച്ചു കൊണ്ടു വന്നത്. വാഗണിൽ ഉറപ്പിച്ചാണ് ടാങ്കറുകൾ എത്തുന്നത്. വല്ലാർപാടത്തു വച്ചു ഫയർ ഫോഴ്‍സിന്റെ മേൽനോട്ടത്തിൽ ടാങ്കർ ലോറികളിലേക്ക് ഈ ഓക്സിജന്‍ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പശ്ചിമബംഗാളിൽ നിന്ന് കേരളത്തിലേക്ക് ഓക്സിജൻ കൊണ്ടുവരുന്നതിനായി ടാങ്കറുകൾ അയക്കുന്ന ദൗത്യവും പൂർത്തിയാക്കി. രണ്ടുദിവസംകൊണ്ട് മൂന്ന് ടാങ്കറുകളാണ് ബംഗാളില്‍ എത്തിച്ചത്.
കനത്ത മഴയാണ് ടാങ്കറുകൾ അയക്കാൻ തടസമായത്. ആദ്യം കൊച്ചി വിമാനത്താവളത്തിൽനിന്ന് അയക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ടാങ്കറുകൾ കോയമ്പത്തൂരിലെത്തിച്ചു. എന്നാല്‍ അവിടെയും മഴ വില്ലനായി എത്തി. തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് തന്നെ ഒരെണ്ണം അയച്ചു. കാലാവസ്ഥ അനുകൂലമാകാതിരുന്നതിനാൽ ബാക്കി രണ്ട് ടാങ്കറുകൾ ഞായറാഴ്ച വീണ്ടും കൊച്ചിയിലെത്തിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വ്യോമസേനാവിമാനത്തിൽ രണ്ട് ടാങ്കറുകളും കൊൽക്കത്തയിലേക്ക് കയറ്റിഅയച്ചു. ഓക്സിജൻ നിറച്ച ടാങ്കറുകൾ തിരിച്ച് റോഡ് മാർഗമായിരിക്കും കേരളത്തിലേക്കു കൊണ്ടുവരിക എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona