ദക്ഷിണേന്ത്യയ്ക്ക് പുതിയൊരു സൂപ്പര്‍ റോഡ്, അതും മാസങ്ങള്‍ക്കകം; സൂപ്പര്‍ ഹീറോയായി വീണ്ടും ഗഡ്‍കരി!
ചെന്നൈയിൽ അശോക് ലെയ്‌ലാൻഡിന്റെ 75-ാം വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മെട്രോ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്നതിനാണ് എക്സ്പ്രസ് വേ സജ്ജീകരിച്ചിരിക്കുന്നത്. 285.3 കിലോമീറ്റർ നീളമുള്ള നാലുവരി പദ്ധതിയാണിത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് വേ 2023 അവസാനത്തോടെയോ അടുത്ത വർഷം ജനുവരിയോടെയോ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. 17,000 കോടി രൂപ ചെലവിലാണ് ഗ്രീൻഫീൽഡ് പദ്ധതി നിർമ്മിക്കുന്നത്. 2024 മാർച്ചോടെ ഇത് പൂർത്തിയാക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
ചെന്നൈയിൽ അശോക് ലെയ്‌ലാൻഡിന്റെ 75-ാം വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മെട്രോ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്നതിനാണ് എക്സ്പ്രസ് വേ സജ്ജീകരിച്ചിരിക്കുന്നത്. 285.3 കിലോമീറ്റർ നീളമുള്ള നാലുവരി പദ്ധതിയാണിത്.
“ഞാൻ ഇന്ന് ചെന്നൈയിൽ ദേശീയപാതാ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്‍തു. ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് ഹൈവേ ഈ വർഷം അവസാനമോ 2024 ജനുവരിയിലോ ആരംഭിക്കും. അതിനാൽ നിങ്ങൾക്ക് ഈ മേഖലയിൽ ലക്ഷ്വറി ബസുകളും സ്ലീപ്പർ കോച്ചുകളും ആരംഭിക്കാൻ കഴിയും..” മന്ത്രി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. “നമ്മൾ നല്ല റോഡുകൾ ഉണ്ടാക്കുന്നു. സൂറത്ത്, നാസിക്, അഹമ്മദ്‌നഗർ, കർണൂൽ ഒപ്പം കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി കൂടാതെ ബെംഗളൂരു, ഹൈദരാബാദ് എന്നിവ വഴി ഡൽഹിയെ ചെന്നൈയിലേക്ക് ബന്ധിപ്പിക്കുന്നത് പ്രവേശന നിയന്ത്രിത ഹൈവേ പദ്ധതിയിലൂടെയാണ്.." അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാതാ പദ്ധതികളുടെ വേഗതയിൽ താൻ തൃപ്‍തനാണെന്നും ചെന്നൈ തുറമുഖ-മധുരവോയൽ എലിവേറ്റഡ് എക്‌സ്‌പ്രസ് വേ പദ്ധതിയുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഥനോൾ കലർന്ന ഇന്ധനത്തിൽ ഓടാൻ കഴിയുന്ന അശോക് ലെയ്‌ലാൻഡിന്റെ വാഹനം ബെംഗളൂരുവിൽ ലോഞ്ച് ചെയ്‍തതായും മന്ത്രി പറഞ്ഞു.
ഓട്ടോമൊബൈൽ മേഖല ഇന്ത്യയുടെ ജിഡിപിയിൽ 6.5 ശതമാനം സംഭാവന ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന കാഴ്ചപ്പാടിൽ ഇത് പ്രധാന പങ്ക് വഹിക്കുമെന്നും ഗഡ്‍കരി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖല ലോകത്തിലെ മൂന്നാമത്തെ വലിയ മേഖലയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരമാവധി ജിഎസ്‍ടി സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോജിസ്റ്റിക്‌സിന്റെ ചെലവ് നിലവിലെ 14 ശതമാനം-16 ശതമാനം എന്നതിൽ നിന്ന് ഒമ്പത് ശതമാനം ആയി കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനാൽ ഓട്ടോമൊബൈൽ രംഗത്ത് ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യമെന്നും ഗഡ്‍കരി പറഞ്ഞു. ഭാവിയിലെ ഇന്ധനമാണ് ഹൈഡ്രജനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മലിനീകരണം ചൂണ്ടിക്കാട്ടി, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനും ബസുകളും ട്രക്കുകളും മെഥനോൾ ഉപയോഗിച്ച് ഓടിക്കാനുള്ള നടപടികളും അദ്ദേഹം വ്യരക്തമാക്കുന്നു. ഇലക്ട്രിക് ഹൈവേകൾ നിർമ്മിക്കാൻ കേന്ദ്രസർക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഗഡ്‍കരി പറഞ്ഞു. അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയിൽ നിന്നുള്ള IeV സീരീസ് ഇലക്ട്രിക് ലൈറ്റ് വാണിജ്യ വാഹനങ്ങൾ അദ്ദേഹം അനാവരണം ചെയ്‍തു.
അശോക് ലെയ്‌ലാൻഡ് സംസ്ഥാനത്ത് നിക്ഷേപം തുടരുന്നതായി ചടങ്ങിൽ സംസാരിച്ച തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജ പറഞ്ഞു. അശോക് ലെയ്‌ലാൻഡിന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഭിനന്ദന സന്ദേശവും അദ്ദേഹം വായിച്ചു.