Vehicle Scrapping : മാരുതിയുടെ വണ്ടി പൊളിക്കല്‍ കേന്ദ്രം തുറന്ന് കേന്ദ്രമന്ത്രി

എല്ലാ മാസവും 2,000 വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ഒരു വാഹനം സ്‌ക്രാപ്പ് ചെയ്യാൻ മൂന്ന് മണിക്കൂറിലധികം സമയമെടുക്കും.

Nitin Gadkari inaugurates Maruti's vehicle scrapping unit in Noida

മാരുതി സുസുക്കിയുടെയും (Maruti Suzuki) ടൊയോട്ട സുഷോ ഗ്രൂപ്പിന്റെയും (Toyota Tsusho Group) സർക്കാർ അംഗീകരിച്ച ആദ്യ സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് സൗകര്യം എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ (ELV) നോയിഡയിൽ (Noida) കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി (Nitin Gadkari) ഉദ്ഘാടനം ചെയ്‍തു. മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് 10,993 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന സ്ഥാപനം നടത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

44 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച സ്‌ക്രാപ്പേജ് പ്ലാന്റ് കേന്ദ്രത്തിന്റെ വാഹന സ്‌ക്രാപ്പേജ് പോളിസി അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. എല്ലാ മാസവും 2,000 വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ഒരു വാഹനം സ്‌ക്രാപ്പ് ചെയ്യാൻ മൂന്ന് മണിക്കൂറിലധികം സമയമെടുക്കും.

മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് സ്ക്രാപ്പേജ് നയമെന്നും പഴയ കാറുകൾ പുതിയ കാറുകളേക്കാൾ മലിനീകരണം കൂടുതലാണെന്നും അതിനാൽ അവ ഘട്ടം ഘട്ടമായി നിർത്തേണ്ടതുണ്ടെന്നും സൌകര്യം ഉദ്ഘാടം ചെയ്‍ത് കൊണ്ട് ഗഡ്‍കരി പറഞ്ഞു. സ്ക്രാപ്പേജ് പോളിസി കാരണം വിൽപ്പന 10-12% വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

"പഴയ വാഹനങ്ങൾ മലിനീകരണം ഉണ്ടാക്കുന്നു, അത് സമൂഹത്തിന് വലിയ പ്രശ്‌നമാണ്. സ്‌ക്രാപ്പിംഗ് സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെ പ്രധാനമാണ്. ഇതുമൂലം എല്ലാ അസംസ്‌കൃത വസ്‍തുക്കളും കുറഞ്ഞ ചിലവിൽ ലഭിക്കും, അതിലൂടെ ഉൽപാദനച്ചെലവ് കുറയ്ക്കാൻ കഴിയും.. " അദ്ദേഹം കൂട്ടിച്ചേർത്തു.

പല രാജ്യങ്ങളെയും പോലെ, ഓരോ 3-4 വർഷത്തിലും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന ഒരു നയം നമുക്കും ആവശ്യമാണെന്നും 15 വർഷം കാത്തിരിക്കേണ്ടതില്ലെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞ. 

രാജ്യത്തെ എല്ലാ ജില്ലകളിലും ഇത്തരം ഏതാനും വാഹന പുനരുപയോഗ അല്ലെങ്കിൽ സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങളെങ്കിലും ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി ഗഡ്‍കരി പറഞ്ഞു. ഇത്തരമൊരു നീക്കം പഴയ കാറുകൾ ഒഴിവാക്കുന്ന പ്രക്രിയ ലഘൂകരിക്കുമെന്ന് മാത്രമല്ല, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും വാഹന മലിനീകരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

"ഓട്ടോ മേഖലയ്ക്ക് 7.5 ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവുണ്ട്. 5 വർഷത്തിനുള്ളിൽ ഇത് 15 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 2070-ഓടെ ഇന്ത്യ ലക്ഷ്യമിടുന്നത് നെറ്റ് സീറോ എമിഷൻ ആണ്, അത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞാൻ സ്ക്രാപ്പേജ് പോളിസി പരിഹാരങ്ങളിലൊന്നാണെന്ന് ആത്മവിശ്വാസമുണ്ട്.. ”ഗഡ്‍കരി പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഓട്ടോമൊബൈൽ സ്‌ക്രാപ്പേജ് പോളിസി പുറത്തിറക്കിയിരുന്നു. കേന്ദ്ര മോട്ടോർ വെഹിക്കിൾസ് (23-ാം ഭേദഗതി) നിയമം 2021 എന്ന ദേശീയ വാഹന സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്ന വൊളെണ്ടറി വാഹന സ്‌ക്രാപ്പിംഗ് നയം അനുസരിച്ച്, വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഓട്ടോമേറ്റഡ് കേന്ദ്രങ്ങളിൽ ഫിറ്റ്‌നസ് പരിശോധന നിർബന്ധമാക്കും. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷം പരിശോധനയ്ക്ക് വിധേയമാകും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നതിന് പോളിസി പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം പഴയ വാഹനങ്ങൾ റദ്ദാക്കാൻ ഉടമകൾ തീരുമാനിക്കുകയാണെങ്കിൽ, പുതിയ വാഹനം വാങ്ങുമ്പോൾ 5 ശതമാനം ഇൻസെന്റീവ് നൽകും.

നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) രജിസ്റ്റർ ചെയ്യില്ല. 15 വർഷത്തിലധികം പഴക്കമുള്ള വാഹന ഉടമകൾ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് എട്ടിരട്ടി അധികം നൽകണം. 15 വർഷത്തിലധികം പഴക്കമുള്ള കാറുകളുടെ പുതുക്കൽ ഫീസായി 5,000 രൂപ പോളിസി നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ, 15 വർഷം പഴക്കമുള്ള ബൈക്കുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് നിലവിലെ 300 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1,000 രൂപയാകും. ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്കും കാറുകൾക്കും രജിസ്ട്രേഷൻ പുതുക്കുന്നതിന് കൂടുതൽ ചെലവ് വരും. ഇത് യഥാക്രമം 10,000 രൂപ, 40,000 രൂപ  എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള ബസ് അല്ലെങ്കിൽ ട്രക്ക് പോലുള്ള പൊതു, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും നിലവിലുള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതൽ ചിലവ് വരും. പുതുക്കൽ ഫീസ് 10,000 മുതൽ 12,500 വരെ ആയിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചിത്രം - പ്രതീകാത്മകം

Latest Videos
Follow Us:
Download App:
  • android
  • ios