ഇനി കാറില്‍, ഓട്ടോയില്‍ എത്ര പേര്‍ക്ക് വീതം കയറാം? ഇതാ അറിയേണ്ടതെല്ലാം!
ഇതാ സംസ്ഥാനത്തെ പുതിയ യാത്രാ നിബന്ധനകളെക്കുറിച്ച് അറിയേണ്ടതെല്ലാം
തിരുവനന്തപുരം: ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടത്തിൽ സംസ്ഥാനത്ത് യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അന്തര്‍ ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാൽ തിരിച്ചറിയൽ രേഖ ആവശ്യമാണ്. ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും. അതേ സമയം അന്തര്‍ ജില്ലാ പൊതുഗതാഗതമുണ്ടാകില്ല. ഇതാ പുതിയ യാത്രാ നിബന്ധനകളെക്കുറിച്ച് അറിയേണ്ടതെല്ലാം
- സമീപ ജില്ലകളിലേക്കുള്ള യാത്രയ്ക്കു പൊലീസിന്റെ പാസ് വേണ്ട; സ്വന്തം തിരിച്ചറിയൽ കാർഡ് കരുതണം.
- യാത്രാസമയം രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രം.
- ദൂരദേശങ്ങളിൽ നിന്നു വരുന്നവർക്കു രാത്രി ഏഴിനകം എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ അധികസമയം അനുവദിക്കും.
- കോവിഡ് ജോലികൾ ചെയ്യുന്നവർക്കും അവശ്യ സർവീസിലുള്ള സർക്കാർ ജീവനക്കാർക്കും യാത്രയ്ക്കു സമയപരിധിയില്ല.
- രാത്രി ഏഴിനും രാവിലെ ഏഴിനുമിടയിൽ മറ്റു ജില്ലകളിലേക്കു പോകുന്നവർ പൊലീസ് പാസ് വാങ്ങണം. എന്നാല്‍ ആവശ്യസേവന വിഭാഗക്കാർക്കു തിരിച്ചറിയൽ കാർഡ് മതി.
ഹോട്ട് സ്‍പോട്ടുകളിൽ (കണ്ടെയിൻമെന്‍റ് സോണ്‍) യാത്ര ഉൾപ്പെടെ കാര്യങ്ങളിൽ കർശന നിയന്ത്രണം തുടരും. കണ്ടെയിൻമെന്‍റ് സോണിന് അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. കണ്ടെയിൻമെന്‍റ് സോണുകളിലെ പ്രവേശനത്തിന് കൂടുതൽ ശക്തമായ നിരീക്ഷണം ഉണ്ടാകും. അടിയന്തിര ഘട്ടങ്ങളില്‍ ഹോട്ട് സ്പോട്ടുകളില്‍ എത്തിച്ചേരുന്നവര്‍ക്ക് 14 ദിവസം ഹോം/ സ്ഥാപന ക്വാറന്‍റീന്‍ വേണ്ടി വരും. എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് എത്തുന്ന സന്നദ്ധ/ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് ബാധകമല്ല.
- ടാക്സി കാർ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ 2 പേരാകാം. കുടുംബമെങ്കിൽ 3 പേർ മാത്രം.
- ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കു പുറമേ ഒരാൾ. കുടുംബമാണെങ്കിൽ 3 പേർ.
- ഇരുചക്ര വാഹനങ്ങളിൽ ഒരാൾ. കുടുംബാംഗമാണെങ്കിൽ മാത്രം പിൻസീറ്റ് യാത്ര.
- ബസിലും ബോട്ടിലും യാത്ര പകുതി സീറ്റിൽ മാത്രം യാത്ര. മൊത്തം സീറ്റിന്റെ 50% യാത്രക്കാർ മാത്രം. യാത്രക്കാരെ നിർത്തിയുള്ള യാത്ര അനുവദിക്കില്ല.
- ലോക്ഡൗൺ മൂലം ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, ബന്ധുക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരാനും ജോലിസ്ഥലത്തു കുടുങ്ങിയവർക്കു മടങ്ങാനും അനുമതി.
- ഇലക്ട്രീഷ്യന്മാരും മറ്റു ടെക്നീഷ്യൻമാരും ട്രേഡ് ലൈസൻസിന്റെ പകർപ്പു കരുതണം.
- കോവിഡ് കാലത്തേക്ക് മാത്രം ബസ്‍ ചാര്‍ജ്ജ് മിനിമം നിരക്ക് 8 രൂപയിൽ നിന്നു 12 രൂപയാകും