പുതിയ സ്വിഫ്റ്റിന്‍റെ യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റ്, ഇതാ റിസൾട്ട്, മൂന്നുസ്റ്റാർ മാത്രം!
ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ അസിസ്റ്റ് സിസ്റ്റം, സ്പീഡ് അസിസ്റ്റ്, ഡ്രൈവർ ക്ഷീണം കണ്ടെത്തൽ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എഡിഎഎസ് സാങ്കേതികവിദ്യയാണ് യൂറോ-സ്പെക്ക് സ്വിഫ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നത്.
യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ പരീക്ഷണത്തിൽ നാലാം തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് മൂന്ന് സ്റ്റാർ നേടിയതായി റിപ്പോര്‍ട്ട്. യൂറോ എൻസിഎപി ടെസ്റ്റുകളെ നാല് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (എഒപി), ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (സിഒപി), ദുർബലമായ റോഡ് ഉപയോക്താക്കൾ (വിആർയു), സേഫ്റ്റി അസിസ്റ്റ് (എസ്എ) എന്നിവ. സ്വഫിറ്റ് ഹാച്ച്ബാക്ക് മുതിർന്നവരുടെ ഒക്കപ്പൻറ് പ്രൊട്ടക്ഷനിൽ 40ൽ 26.9 പോയിൻ്റും (67 ശതമാനം) കുട്ടികളുടെ സംരക്ഷണത്തിൽ (65 ശതമാനം) 49ൽ 32.1 പോയിൻ്റും നേടി. റോഡ് യാത്രികരുടെ സുരക്ഷാ സഹായ സ്‌കോറുകളും സേഫ്റ്റി അസിസ്റ്റ് സ്‍കോറും യഥാക്രമം 76 ശതമാനവും 62 ശതമാനവുമാണ്. ഫ്രണ്ട്, ലാറ്ററൽ, റിയർ ഇംപാക്ട് ടെസ്റ്റുകളും റെസ്‌ക്യൂ ആൻഡ് എക്‌സ്‌ട്രിക്കേഷനും ഉൾപ്പെടെ നാല് പാരാമീറ്ററുകളിൽ മോഡലിന്‍റെ സുരക്ഷ റേറ്റുചെയ്‌തു.
ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ അസിസ്റ്റ് സിസ്റ്റം, സ്പീഡ് അസിസ്റ്റ്, ഡ്രൈവർ ക്ഷീണം കണ്ടെത്തൽ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എഡിഎഎസ് സാങ്കേതികവിദ്യയുമായാണ് യൂറോപ്യൻ വിപണിയിൽ വിൽക്കുന്ന സ്വിഫ്റ്റിനെ സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷിച്ച മോഡലിന് മുന്നിലും വശങ്ങളിലുമുള്ള എയർബാഗുകൾ, പിന്നിലെ ഐസോഫിക്സ് ചൈൽഡ് മൗണ്ടുകൾ, ലോഡ് ലിമിറ്ററുകൾ, പ്രെറ്റെൻഷനറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയും ഉണ്ട്.
മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി പുതിയ സ്വിഫ്റ്റ് ഫ്രണ്ട്, ലാറ്ററൽ, റിയർ ഇംപാക്റ്റുകളിൽ യഥാക്രമം 10.5/16 പോയിൻ്റും 11.5/16 പോയിൻ്റും 4/4 പോയിൻ്റും നേടി. കുട്ടികളുടെ സുരക്ഷയിൽ, അതിൻ്റെ റെസ്‌ക്യൂ ആൻഡ് എക്‌സ്‌ട്രിക്കേഷൻ ക്രാഷ് ടെസ്റ്റ് പ്രകടനം (8 മുതൽ 10 വയസ്സ് വരെയുള്ളവർ) സ്‌കോർ യഥാക്രമം 4-ൽ 0.8, 24 പോയിൻ്റിൽ 14.1 എന്നിങ്ങനെയാണ്. ഇത് മോശമായ സംരക്ഷണം കാണിക്കുന്നു. ചൈൽഡ് സേഫ്റ്റി, സിആർഎസ് ഇൻസ്റ്റലേഷൻ പരിശോധനകളിൽ, ഹാച്ച്ബാക്കിന് യഥാക്രമം 13-ൽ 6 പോയിൻ്റും 12-ൽ 2 പോയിൻ്റും ലഭിച്ചു.
കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രികരുടെയും തല, പെൽവിസ്, തുടയെല്ല്, കാൽമുട്ട് തുടങ്ങിയ ഭാഗങ്ങളിലെ പരിക്കുകൾ ഉൾപ്പെടുന്ന ദുർബലമായ റോഡ് ഉപയോക്താക്കളുടെ (VRU) ടെസ്റ്റിൽ, പുതിയ സുസുക്കി സ്വിഫ്റ്റിന് 36-ൽ 29.2 പോയിൻ്റ് ലഭിച്ചു. വിആർയു ഇംപാക്ട് മിറ്റിഗേഷൻ സിസ്റ്റം സ്‌കോർ 27-ൽ 18.8 പോയിൻ്റാണ്. യൂറോ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങൾ അനുസരിച്ച്, ഹാച്ച്ബാക്കിൻ്റെ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം മറ്റ് വാഹനങ്ങൾ കണ്ടെത്തി മികച്ച രീതിയിൽ പ്രവർത്തിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ.
മാരുതി സുസുക്കി അടുത്തിടെയാണ് പുതിയ സ്വിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇവിടെ വിൽക്കുന്നത് ഇന്ത്യയിൽ നിർമ്മിച്ച മാരുതി സ്വിഫ്റ്റാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, യൂറോപ്പിൽ വിൽക്കുന്ന മോഡൽ ജപ്പാനിലെ സാഗരയിലുള്ള സുസുക്കിയുടെ പ്ലാൻ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.