പുത്തൻ ഹോണ്ട അമേസ് അടുത്ത വര്‍ഷം, പ്രധാന വിശദാംശങ്ങൾ
ഹോണ്ട 2024 ൽ അതിന്റെ ജനപ്രിയ കോംപാക്റ്റ് സെഡാനായ അമേസിന് ഒരു തലമുറ മാറ്റവും നൽകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇടത്തരം എസ്‌യുവി, സബ്-4 മീറ്റർ സെഗ്‌മെന്റുകളിൽ യഥാക്രമം ഹ്യുണ്ടായ് ക്രെറ്റയുടെയും മാരുതി ബ്രെസ്സയുടെയും ആധിപത്യത്തെ വെല്ലുവിളിക്കാൻ രണ്ട് പുതിയ എസ്‌യുവികളുടെ പണിപ്പുരയിലാണ് ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ. 2023 വേനൽക്കാലത്ത് തങ്ങളുടെ ആദ്യ എസ്‌യുവി അരങ്ങേറ്റം കുറിക്കുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ ഉത്സവ സീസണിൽ അതിന്റെ വിപണി ലോഞ്ച് നടക്കാൻ സാധ്യതയുണ്ട്. ഹോണ്ട 2024 ൽ അതിന്റെ ജനപ്രിയ കോംപാക്റ്റ് സെഡാനായ അമേസിന് ഒരു തലമുറ മാറ്റവും നൽകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2024 ഹോണ്ട അമേസ് അതിന്റെ നിലവിലുള്ള പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിൽ രൂപകൽപ്പന ചെയ്‌തേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന പുതിയ ഹോണ്ട മിഡ്-സൈസ് എസ്‌യുവിയിലും ഇതേ ആർക്കിടെക്ചർ ഉപയോഗിക്കും. പുതിയ അമേസിൽ കാര്യമായ കോസ്മെറ്റിക് മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കോംപാക്റ്റ് സെഡാൻ അതിന്റെ ഡിസൈൻ പ്രചോദനം പുതിയ സിറ്റിയിൽ നിന്നും (ഗ്ലോബൽ-സ്പെക്) അക്കോഡിൽ നിന്നും നേടിയേക്കാം.
പുതിയ അക്കോർഡ്, എച്ച്ആർ-വി എസ്‌യുവി എന്നിവയുമായി ഇന്റീരിയറിന് അതിന്റെ ചില സവിശേഷതകൾ പങ്കിടാനും സധ്യതയുണ്ട്. പുതിയ 2024 ഹോണ്ട അമേസ് പുതിയ ഇന്റീരിയർ ലേഔട്ടും ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരാൻ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, മാർഗ്ഗനിർദ്ദേശങ്ങളോടുകൂടിയ പിൻ കാമറ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക് ഫംഗ്ഷൻ, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ്, കപ്പ് ഹോൾഡറുള്ള റിയർ ആംറെസ്റ്റ്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, LED ഫോഗ് ലാമ്പുകളും 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് നിലവിലെ തലമുറ പതിപ്പ് വരുന്നത്. മേൽപ്പറഞ്ഞ സവിശേഷതകൾ പുതിയ ഹോണ്ട അമേസ് 2024-ലും ഉണ്ടായിരിക്കും.
പുതിയ ഹോണ്ട അമേസിന്റെ എഞ്ചിൻ സജ്ജീകരണത്തിൽ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് ഉൾപ്പെടാൻ സാധ്യതയുണ്ട്. മോട്ടോർ 90 bhp കരുത്തും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളും സമാനമായിരിക്കും. അതായത് അഞ്ച് സ്പീഡ് മാനുവൽ, ഒരു സിവിടി ഓട്ടോമാറ്റിക്ക് എന്നിവ. 2023 ഏപ്രിലിൽ നടപ്പിലാക്കുന്ന RDE മാനദണ്ഡങ്ങൾ കാരണം നിലവിലുള്ള 1.5L ഡീസൽ എഞ്ചിൻ നിർത്തലാക്കും.