ജിപിഎസിനോട് ചോദിച്ച് ചോദിച്ച് പോയി! എല്ലാം വളരെ കറക്ട്, ഹെന്റെ ശിവനേ..; യുവതിയെ കൊണ്ട് പോയി കുടുക്കിയത് കണ്ടോ
ജിപിഎസ് പറഞ്ഞത് അനുസരിച്ച് ഒരു തടികൊണ്ട് നിര്‍മ്മിച്ച പാലത്തിലേക്ക് കാര്‍ കയറ്റിയ യുവതി പെട്ടുപോവുകയായിരുന്നു. 120 മീറ്റര്‍ നീളമുള്ള പാലത്തിന്‍റെ ഇടയ്ക്ക് വച്ച് കാര്‍ കുടുങ്ങി.
വഴിയറിയില്ലെങ്കിൽ നമുക്ക് ചോദിച്ച് ചോദിച്ച് പോകാമെന്നുള്ള ഡയലോഗ് ഒക്കെ പഴയ കഥയായിട്ട് കാലങ്ങള്‍ ഏറെയായി. ഇപ്പോള്‍ ജിപിഎസ് നോക്കിയാണ് മിക്കവരും അറിയാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത്. എന്നാല്‍, ചിലപ്പോഴെങ്കിലും ഇത് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. ഇപ്പോള്‍ ജിപിഎസ് ഉപയോഗിച്ച് യാത്ര ചെയ്ത ഒരു യുവതി എത്തപ്പെട്ട സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. തായ്‍ലൻഡിലാണ് സംഭവം നടന്നത്. ജിപിഎസ് പറഞ്ഞത് അനുസരിച്ച് ഒരു തടികൊണ്ട് നിര്‍മ്മിച്ച പാലത്തിലേക്ക് കാര്‍ കയറ്റിയ യുവതി പെട്ടുപോവുകയായിരുന്നു. 120 മീറ്റര്‍ നീളമുള്ള പാലത്തിന്‍റെ ഇടയ്ക്ക് വച്ച് കാര്‍ കുടുങ്ങി.
മുമ്പിലെ ഒരു വശത്തെ ടയറാണ് പാലത്തില്‍ നിന്ന് പുറത്തേക്ക് പോയത്. ഇതോടെ യുവതി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. ആ വഴി വന്ന മറ്റൊരു യാത്രക്കാരൻ അറിയിച്ചത് അനുസരിച്ച് എത്തിയ റെസ്ക്യൂ സംഘമാണ് യുവതിയെയും കാറിനെയും ഒരു പ്രശ്നവും കൂടെ രക്ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്. മാപ്പ് നോക്കി പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ട്രാഫിക് കുറവുള്ള റോഡുകളെ മാപ്പിന്റെ അല്‍ഗോരിതം എളുപ്പം എത്തുന്ന (Fastest route) വഴിയായി നയിക്കാറുണ്ട്.
എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമാകണമെന്നില്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ നിരത്തുകളിലും തിരക്ക് കുറവുള്ളതിനാല്‍ ഗൂഗിളിന്റെ അല്‍ഗോരിതം അതിലേ നയിച്ചേക്കാം. എന്നാല്‍ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊള്ളണമെന്നില്ല. മാത്രവുമല്ല പലപ്പോഴും GPS സിഗ്‌നല്‍ നഷ്ടപ്പെട്ട് രാത്രികാലങ്ങളില്‍ ഊരാക്കുടുക്കിലും പെടാം.
ചില വിദേശ രാജ്യങ്ങളില്‍ Snowfall സംഭവിച്ചേക്കാവുന്ന ഇടങ്ങളില്‍ GPS ഉപയോഗിക്കുന്നതില്‍ നിയന്ത്രണ മുന്നറിയിപ്പ് നല്‍കുന്നത് അതുകൊണ്ടാണ്. സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മന:പൂര്‍വ്വമോ അല്ലാതയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതമായ വിജനമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്നും വിദഗ്ധര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം