"ഇവിടെ മനുഷ്യന് സീറ്റ് ബെല്‍റ്റ് ഊരാൻ പറ്റുന്നില്ല, പിന്നല്ലേ ഹെഡ് റെസ്റ്റ്?" പൊലീസിനെ പരിഹസിച്ച് എംവിഡി!
പൊലീസിന്‍റെ ഈ നിര്‍ദ്ദേശം ഒരിക്കലും പ്രായോഗികമല്ല എന്നും വിഡ്ഢിത്തമാണെന്നും പേരു വെളിപ്പെടുത്താൻ താല്‍പ്പര്യമില്ലാത്ത ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഓടുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കേരളാ പൊലീസിന്റെ നിര്‍ദേശങ്ങള്‍ കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. കാറിന് തീ പിടിച്ചാല്‍ ഡോര്‍ തുറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, സീറ്റിന്റെ ഹെഡ്‌റെസ്റ്റ് ഊരിയെടുത്ത് അതിന്റെ കൂര്‍ത്ത അഗ്രങ്ങള്‍ കൊണ്ട് വിന്‍ഡോ ഗ്ലാസ് തകര്‍ക്കണം എന്നായിരുന്നു ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോലീസിന്‍റെ മുഖ്യ നിര്‍ദേശങ്ങളില്‍ ഒരെമ്ണം. കണ്ണൂരില്‍ കാറിന് തീ പിടിച്ച് പൂര്‍ണ്ണ ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ച ഞെട്ടിപ്പിക്കുന്ന തൊട്ടുപിന്നാലെയായിരുന്നു പൊലീസിന്‍റെ ഈ നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ ഹെഡ്റെസ്റ്റ് ഊരി ചില്ല് തകര്‍ക്കണം എന്ന നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എല്ലാ വാഹനങ്ങളിലും ഹെഡ് റെസ്റ്റ് എളുപ്പത്തില്‍ ഊരിയെടുക്കാന്‍ സാധിക്കില്ലെന്നും ഊരിയെടുത്ത ഹെഡ് റെസ്റ്റിന്റെ അഗ്രം കൂര്‍ത്തതായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും വിവിധ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് സമാനമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉന്നത ഉധ്യോഗസ്ഥൻ.
പൊലീസിന്‍റെ ഈ നിര്‍ദ്ദേശം ഒരിക്കലും പ്രായോഗികമല്ല എന്നും വിഡ്ഢിത്തമാണെന്നും പേരു വെളിപ്പെടുത്താൻ താല്‍പ്പര്യമില്ലാത്ത ഉന്നത എംവിഡി ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഒറ്റ ഞെക്കില്‍ ഊരാൻ പറ്റുന്ന സീറ്റ് ബെല്‍റ്റ് പരിഭ്രാന്തിക്കിടെ ഊരാൻ ആളുകള്‍ക്ക് കഴിയാത്തപ്പോഴാണോ ഹെഡ്റെസ്റ്റ് ഊരിയെടുത്ത് ചില്ല് തകര്‍ക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പൊലീസിന്‍റെ ഈ നിര്‍ദ്ദേശം അപ്രായോഗികവും തികച്ചും പരിഹാസ്യവുമാണ്. ക്ലിപ്പുകള്‍ ഉള്‍പ്പെട്ടവയാണ് പല കാറുകളിലെ ഹെഡ്റെസ്റ്റുകളും. അതില്‍ അമര്‍ത്തിയാല്‍ മാത്രമേ അത് ഊരിയെടുക്കാൻ സാധിക്കൂ. ഇതിനെക്കുറിച്ച് എത്ര പേര്‍ക്കറിയാം? ചില കാറുകളിലെ ഹെഡ്റെസ്റ്റുകള്‍ നീക്കം ചെയ്യാൻ സാധിക്കാത്തവയുമാണ്. അപ്പോള്‍ എന്താണ് ചെയ്യുക? എംവിഡി ഉദ്യോഗസ്ഥൻ ചോദിക്കുന്നു.
ഇത്തരം കാര്യങ്ങളില്‍ ഇടപെടാൻ പൊലീസിന് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു. വാഹനങ്ങളിലെ സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്വം. ഇത്തരം കാര്യങ്ങളില്‍ അറിവുള്ളവര്‍ നിരവധിപേരുണ്ട് വകുപ്പില്‍. അവര്‍ പഠിച്ച് കൃത്യമായി അഭിപ്രായം പറയും. അതിനു മുമ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും മോഡിഫിക്കേഷനുകളും എക്സ്ട്രാ ഫിറ്റിങ്ങുകളും ഇത്തരം അപകടങ്ങള്‍ക്ക് ഒരുപരിധിവരെ കാരണമാകുന്നുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
അതേസമയം പൊലീസിന്‍റെ ഫോസ്ബുക്ക് കുറിപ്പിനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. വാട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജുകളെ ആടിസ്ഥാനമാക്കിയുള്ള പൊലീസിന്റെ ഈ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് വിവിധ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രായോഗിക പ്രതിസന്ധികളൊന്നും പൊലീസിന്റെ സോഷ്യല്‍ മീഡിയ നിര്‍ദേശങ്ങളില്‍ പരിഗണിച്ചതായി കാണുന്നില്ലെന്നും, ഒരു അപകടമുണ്ടായാല്‍ ഉപയോഗിക്കാനായി ഏതെങ്കിലും ഉപകരണം വാങ്ങി വയ്ക്കുന്നതിനെ കുറിച്ച് പറയുകയോ ഒന്നും ചെയ്തിട്ടില്ലെന്നും പലരും വിമര്‍ശിക്കുന്നു.
18 ലക്ഷം പേര്‍ ഫോളോ ചെയ്യുന്ന പേജ് ആണ്. ഫേസ്ബുക്കില്‍ ഉണ്ടാകുന്ന ഷെയറുകള്‍ കൂടാതെ വാട്‌സ്ആപ്പില്‍ പതിനായിരകണക്കിന് ഷെയറുകള്‍ വരുന്നതാണ്. കേരള പൊലീസിന്റെ പോസ്റ്റുകള്‍ ആകുമ്പോള്‍ സുരക്ഷാ വിഷയങ്ങളെക്കുറിച്ച് അവസാനവാക്ക് എന്ന് തന്നെ കരുതുന്നവരുണ്ട്. അങ്ങനെ ഒരു സമൂഹത്തിലേക്ക് ഏറ്റവും കൃത്യമായ, ശാസ്ത്രീയമായ വിവരങ്ങള്‍ കൊടുക്കാന്‍ കേരളാ പോലീസിന് കടമയുണ്ട്. പ്രത്യേകിച്ച് ഇതുപോലെ ഒരു സങ്കടകരമായ കാര്യം നടന്ന അവസരത്തില്‍ ഉണ്ടാകുന്ന പോസ്റ്റുകള്‍ക്ക് റീച്ച് വളരെ കൂടുതലായിരിക്കും എന്ന വസ്തുത കൂടി പരിഗണിക്കണം.
ഒരു അപകടം വരുമ്പോള്‍ പെട്ടെന്നാവും കേരള പോലീസിന്റെ ഈ നിര്‍ദേശം ഓര്‍മ വരുന്നത്. കേരളാ പോലീസ് പറയുന്നതുപോലെയുള്ള ഹെഡ് റെസ്റ്റ് അല്ലെങ്കില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒന്ന് ആലോചിച്ചുക്കൂ. അറിയാതെ പോലും കേരളാ പോലീസിന്റെ പേജില്‍ അത്തരത്തിലുള്ള അബദ്ധങ്ങള്‍ വരാന്‍ പാടില്ല. ടെക്‌നിക്കല്‍ വിഷയങ്ങളില്‍ സത്യങ്ങളും അര്‍ത്ഥസത്യങ്ങളും വിതറിക്കൊണ്ട് വരുന്ന വാട്‌സ്ആപ്പ് ഫോര്‍വേഡുകള്‍ പോലെ ആവരുത് കേരള പോലീസിന്റെ പേജില്‍ വരുന്ന ഒഫീഷ്യല്‍ നിര്‍ദേശങ്ങള്‍ എന്നും ഒരു വണ്ടിയില്‍ അകപ്പെട്ടു കിടക്കുമ്പോള്‍ അല്ല, സ്വസ്ഥം ആയി ഇരിക്കുമ്പോള്‍ പോലും മുന്നിലെ സീറ്റില്‍ ഇരുന്നു ഹെഡ് റെസ്റ്റ് ഊരി എടുക്കല്‍ അത്ര എളുപ്പം അല്ല എന്നും പലരും ഓര്‍മ്മിപ്പിക്കുന്നു.
പല വാഹനങ്ങളിലും ഹെഡ് റെസ്റ്റില്‍ എന്റര്‍ടെയിന്‍മെന്റ് ഡിസ്‌പ്ലേയും അതിന്റെ വയറിങ്ങ് കാണുമെന്നും, പല പ്രീമിയം വാഹങ്ങളിലെയും ഹെഡ് റെസ്റ്റില്‍ ഔട്ടോമാറ്റിക്ക് സേഫ്റ്റി ഫീച്ചേഴ്‌സും അതിന്റെ വയറിങ്ങും കാണുമെന്നും പല വാഹനങ്ങളുടെയും ഹെഡ് റെസ്റ്റ് അണ്‍ലോക്ക് എന്നത് പെട്ടെന്ന് ആക്‌സസ് ചെയ്യാന്‍ കഴിയാത്ത വിധം മറക്കപ്പെട്ടതാവുമെന്നും അതിനാല്‍ അപകടമുണ്ടായാല്‍ ഹെഡ് റെസ്റ്റ് ഊരി എടുത്ത് ഗ്ലാസ് പൊട്ടിക്കാം എന്ന പൊതുവായ സന്ദേശം അപകടകരമാണെന്നും ചിലര്‍ ഓര്‍മ്മിപ്പക്കുന്നു.