റോഡിൽ 'കൈ'വിട്ട അഭ്യാസം; സ്വപ്നത്തിൽ പ്രതീക്ഷിക്കാത്ത പണികൊടുത്ത് പിന്നിലെ കാറുകാരൻ, എംവിഡി വക പിന്നാലെ!
ബൈക്കുടമ ഷാഹുലിനെ ഓഫീസില്‍ വിളിച്ച് വരുത്തി ഷോക്കോസ് നോട്ടീസ് നല്‍കിയാണ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്തത്
തൃശൂര്‍: റോഡില്‍ അഭ്യാസം കാണിച്ച ഇരിങ്ങാലക്കുട സ്വദേശിക്ക് പണികിട്ടി. കഴിഞ്ഞ ദിവസം നാഷണല്‍ ഹൈവേയില്‍ കറുകുറ്റി - അങ്കമാലി ഭാഗത്ത് വച്ചാണ് സംഭവം. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച വ്യക്തി റോഡില്‍ അപകടകരമായ രീതില്‍ ബൈക്ക് ഓടിക്കുകയും മറ്റ് വാഹനങ്ങളുടെ ഡ്രൈവിംഗ് തടസപ്പെടുത്തുകയുമായിരുന്നു. ഇരു കൈകളും വാഹനത്തില്‍ നിന്നും വിട്ട് സമീപത്ത് കൂടെ പോയിരുന്ന കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവറോടുവരെ ഇയാള്‍ അഭ്യാസങ്ങള്‍ തുടര്‍ന്നു. എന്നാല്‍ ഇതെല്ലാം പുറകില്‍ കാറില്‍ വന്നിരുന്നവര്‍ വീഡിയോ പകര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയായില്‍ വീഡിയോ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് ആർ ടി ഒ നടപടിയെടുത്തത്.
ബൈക്കിന്റെ നമ്പര്‍ ഇരിങ്ങാലക്കുട രജിസ്‌ട്രേഷനാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആർ ടി ഒ കെ. എ. രാജു ബൈക്കുടമയായ ഇരിങ്ങാലക്കുട തെക്കുംകര സ്വദേശി വെഞ്ഞനപ്പിള്ളി വീട്ടില്‍ ഷാഹുല്‍ എന്നയാളെ ഓഫീസില്‍ വിളിച്ച് വരുത്തി ഷോക്കോസ് നോട്ടീസ് നല്‍കിയാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത്. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. മലപ്പുറം എടപ്പാളില്‍ ഐ ഡി ടി ആര്‍ സ്ഥാപനത്തില്‍ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി സാമൂഹ്യ സേവനവും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇയാള്‍ക്ക് വീണ്ടും വാഹനമോടിക്കാന്‍ സാധിക്കുകയുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ഗതാഗത വകുപ്പിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തടയാനായി സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനം കൂടുതൽ പരിഷ്കാരങ്ങളിലേക്ക് കടക്കുകയാണെന്നതാണ്. നിലവിൽ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകളെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം. ഇതിൽ ഏറ്റവും പ്രധാനം ആകാശത്തും ക്യാമറക്കണ്ണുകൾ ഉണ്ടാകും എന്നതാണ്. ട്രാഫിക് നിയമ ലംഘനം തടയാൻ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള തീരുമാനത്തിലേക്കാണ് ഗതാഗത വകുപ്പ് എത്തിച്ചേർന്നിട്ടുള്ളത്. അടുത്ത വർഷം മുതൽ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കി.