പിഴയോട് പിഴ, രണ്ടും കല്‍പ്പിച്ച് റോബിൻ ബസ്; വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്
ഇന്ന് രാവിലെ കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് നേരത്തെ രണ്ട് തവണ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു, 7,500 രൂപ പിഴയും ബസിന് ഇട്ടിരുന്നു.
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. അങ്കമാലിയിലും പുതുക്കാടും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയെങ്കിലും ബസ് പിടിച്ചെടുത്തില്ല. ഇന്ന് രാവിലെ കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് നേരത്തെ രണ്ട് തവണ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു, 7,500 രൂപ പിഴയും ബസിന് ഇട്ടിരുന്നു.
മോട്ടര്‍ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ചാണ് റോബിൻ ഓട്ടം തുടങ്ങിയത്. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്. ഈരാട്ടുപേട്ടയിൽ റോബിൻ ബസിന് നാട്ടുകാർ വൻവരവേൽപ്പാണ് നൽകിയത്.
Also Read: രജനിയുടെ വീട്ടിൽ നിന്ന് ബൈക്ക് യാത്ര, ധനുഷിന്റെ മകന് പിഴ ശിക്ഷ
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് കോടതി കയറിയാണ് ബസ് പുറത്തിറക്കിയത്. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു.