ഒറ്റയടിക്ക് ഒറ്റദിവസം ഡെലിവറി ചെയ്‍തത് 108 എസ്‌യുവികൾ, ഞെട്ടിച്ച് ചൈനീസ് വണ്ടിക്കമ്പനി
ഇന്ത്യയിലെ ഏറ്റവും വലിയ കാർ ലീസിംഗ്, റെന്റൽ കമ്പനികളിലൊന്നായ ഒറിക്സ് ഇന്ത്യ, ജപ്പാനിലെ ഒറിക്സ് കോർപ്പറേഷന്റെ ഭാഗമാണ്.
ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ ഒറ്റദിവസം ഡെലിവറി ചെയ്‍തത് 108 ഹെക്ടര്‍ എസ്‍യുവികള്‍. ഒറിക്സ് ഇന്ത്യയുടെ റെന്റ്-എ-കാർ ഡിവിഷനിലേക്കാണ് ഒരു പ്രവൃത്തി ദിവസത്തിൽ മൊത്തം 108 ഹെക്ടർ എസ്‌യുവികൾ വിതരണം ചെയ്‍തതായി എംജി പ്രഖ്യാപിച്ചത്. ദില്ലിയിലെ മോട്ടി നഗറിൽ നടന്ന ചടങ്ങില്‍ എംജി മോട്ടോർ ഇന്ത്യയുടെ സിസിഒ ഗൗരവ് ഗുപ്‍തയുടെ സാന്നിധ്യത്തിൽ ഒറിക്സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സന്ദീപ് ഗംഭീറിന് കാർ നിർമ്മാതാവ് എസ്‌യുവികളുടെ കൂട്ടം കൈമാറി. ഇന്ത്യയിലെ ഏറ്റവും വലിയ കാർ ലീസിംഗ്, റെന്റൽ കമ്പനികളിലൊന്നായ ഒറിക്സ് ഇന്ത്യ, ജപ്പാനിലെ ഒറിക്സ് കോർപ്പറേഷന്റെ ഭാഗമാണ്.
എംജി ഹെക്ടര്‍ എസ്‍യുവി 2019-ൽ ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ സാങ്കേതികവിദ്യകൾ, അവബോധജന്യമായ ഫീച്ചറുകൾ, ഡ്രൈവിംഗ് സൗകര്യങ്ങൾ തുടങ്ങി നിരവധി സവിശേഷതകളോടെ കഴിഞ്ഞ മാസം നടന്ന ഓട്ടോ എക്‌സ്‌പോയിൽ കമ്പനി അടുത്ത തലമുറ ഹെക്ടറിനെയും അവതരിപ്പിച്ചു. പുതിയ എസ്‌യുവിക്ക് സ്‌പോർട്‌സ് ബോൾഡ് എക്‌സ്‌റ്റീരിയറും ആഡംബര ഇന്റീരിയറുകളും വികസിപ്പിച്ച സുരക്ഷാ സവിശേഷതകളും ഗംഭീരമായ ഡിസൈൻ ഘടകങ്ങളും ലഭിക്കുന്നു.
ഏറ്റവും പുതിയ ഹെക്ടർ എസ്‌യുവി രാജ്യത്തെ ഏറ്റവും വലിയ 35.56 സെ.മീ (14-ഇഞ്ച്) എച്ച്‌ഡി പോർട്രെയ്റ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒരു പുതിയ യൂസർ ഇന്റർഫേസും വാഗ്ദാനം ചെയ്യുന്നു. പുതുതലമുറ ഹെക്ടറിന്റെ ഇന്റീരിയർ ഒരു സിനിമാറ്റിക്, ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, കൂടാതെ കരകൗശല ടെക്‌സ്‌ചറുകൾ, സോഫ്റ്റ്-ടച്ച് ടച്ച്‌റ്റൈൽ, ആവശ്യാനുസരണം വൈവിധ്യമാക്കാവുന്ന ക്ലൈമറ്റ് കണ്ട്രോള്‍ എന്നിവയാൽ പ്രശംസനീയമാണ്.
അതേസമയം എംജി മോട്ടോർ അതിന്റെ എസ്‌യുവികളായ ഹെക്ടർ, ഗ്ലോസ്റ്റർ , ആസ്റ്റർ , ഇലക്ട്രിക് എസ്‌യുവി ഇസെഡ്എസ് ഇവി എന്നിവയുടെ വില അടുത്ത മാസം മുതൽ വർദ്ധിപ്പിക്കാനും ഒരുങ്ങുകയാണ്. മോഡലുകളും വേരിയന്റുകളും അനുസരിച്ച് വാഹനങ്ങളുടെ വിലയിൽ 60,000 രൂപ വരെ വർധിക്കും. പുതിയ എമിഷൻ സ്റ്റാൻഡേർഡ് പാലിക്കുന്നതിനായി കാർ നിർമ്മാതാവ് അതിന്റെ മുഴുവൻ ലൈനപ്പും ആര്‍ഡിഇ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‍തതിന് ശേഷമാണ് വില വർദ്ധന ആവശ്യമായി വന്നത്.
ലൈവ് ഹിന്ദുസ്ഥാന്റെ റിപ്പോർട്ട് അനുസരിച്ച്, എംജി മോട്ടോറിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ഹെക്ടറിൽ പരമാവധി വില വർധന നടപ്പാക്കും. മോഡലിന്റെ ഡീസൽ വേരിയന്റുകൾക്ക് മാർച്ച് ഒന്നു മുതൽ 60,000 രൂപ വില കൂടും. ഹെക്ടറിന്റെ പെട്രോൾ പതിപ്പിന് 40,000 രൂപയുടെ വില വർധനയുണ്ടാകും .