ആദ്യ സർവ്വീസിന്‍റന്ന് 13 ലക്ഷത്തിന്‍റെ പുത്തൻ കാറിന് ഉടമ തീയിട്ടു, ഞെട്ടിക്കും സംഭവം മാരുതി ഡീലർഷിപ്പിൽ!
കാറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ അടുത്തകാലത്തായി പതിവാണ്. എന്നാൽ വാഹനലോകത്തെ ഞെട്ടിച്ച ഒരു വിചിത്ര സംഭവത്തിൽ, ഇപ്പോഴിതാ ഉടമ തന്നെ സ്വന്തം കാറിന് തീയിട്ടിരിക്കുന്നു. ഒരു അംഗീകൃത ഡീലർ ഷോറൂമിനുള്ളിൽ വച്ചാണ് പുതിയ മാരുതി XL6 എംപവിക്ക് ഉടമ തീ ഇട്ടതെന്നാണ് റിപ്പോര്‍ട്ടുകൾ.
രാജ്യത്ത് കാറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ അടുത്തകാലത്തായി പതിവാണ്. എന്നാൽ വാഹനലോകത്തെ ഞെട്ടിച്ച ഒരു വിചിത്ര സംഭവത്തിൽ, ഇപ്പോഴിതാ ഉടമ തന്നെ സ്വന്തം കാറിന് തീയിട്ടിരിക്കുന്നു. ഒരു അംഗീകൃത മാരുതി ഡീലർ ഷോറൂമിനുള്ളിൽ വച്ചാണ് പുതിയ മാരുതി XL6 എംപവിക്ക് ഉടമ തീ ഇട്ടതെന്നാണ് റിപ്പോര്‍ട്ടുകൾ. സിസിടിവിയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ഈ പ്രവൃത്തിയുടെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. മധ്യപ്രദേശിലെ ബാലാഘട്ടിലാണ് സംഭവം. കാറിന് തീപിടിച്ചതിനെ തുടർന്ന് ആർക്കും പരിക്കില്ല, എന്നാൽ ഈ സംഭവത്തിൽ കാർ പൂർണമായും കത്തിനശിച്ചു. സർവീസ് സെൻററിന്‍റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗീത് വൈഷ്ണവ് എന്നയാളാണ് സ്വന്തം കാറിന് തീ ഇട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹം ഒരു മാസം മുമ്പാണ് ഏകദേശം 13 ലക്ഷം രൂപ മുടക്കി മാരുതി XL6 എംപിവി കാർ വാങ്ങിയത്. സാങ്കേതിക തകരാറിനെത്തുടർന്ന് കാറിന്‍റെ പ്രവർത്തനത്തിൽ അതൃപ്‍തനായ വൈഷ്‍ണവ് ഞായറാഴ്ച സർവീസിംഗ് സെന്‍ററിൽ വാഹനം കൊണ്ടുവന്നുവെന്നാണ് കുടുംബം പറയുന്നത്. എന്നാൽ കാർ പുതിയതാണെന്നും അതിന്‍റെ ആദ്യ സർവ്വീസിനായി ഉടമ എത്തിയെന്നും സർവീസ് സെന്‍ററിന്‍റെ ചുമതലയുള്ള മിതേഷ് സുരാന പറയുന്നു. പരാതി രജിസ്‌റ്റർ ചെയ്‌ത ശേഷം വാഹനം അറ്റൻഡ് ചെയ്യാമെന്ന് വൈഷ്‌ണവിനെ അറിയിച്ചെന്നും വൈകിട്ട് നാലരയ്ക്ക് കാർ തിരികെ നൽകാമെന്നായിരുന്നു പറഞ്ഞതെന്നും ജീവനക്കാർ പറയുന്നു.
എന്നാൽ രണ്ടു മണിയോടെ സർവീസ് സെന്‍ററിൽ എത്തിയ വൈഷ്‍ണവ് പൊടുന്നനെ കാറിന് തീ വയ്ക്കുകയായിരുന്നുവെന്നാണ് സർവ്വീസ് സെന്‍റർ ജീവനക്കാർ പറയുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ, അദ്ദേഹം തന്‍റെ പുതിയ മാരുതി XL6-ൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ഷോറൂമിനുള്ളിൽ അരാജകത്വം സൃഷ്‍ടിക്കുകയായിരുന്നുവെന്നും ജീവനക്കാർ പറയുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ എന്തുകൊണ്ടാണ് കാർ ഉടമ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങിയത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് മാരുതി ഡീലർ ലോക്കൽ പോലീസിൽ പരാതി നൽകി. നിലവിൽ അന്വേഷണം നടത്തിവരികയാണെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഭാരത് ദൈനികിനെ ഉദ്ദരിച്ച് റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ജനപ്രിയ എർട്ടിഗയുടെ പ്രീമിയം പതിപ്പാണ് മാരുതി XL6. ഇതിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ആണ് ഹൃദയം. സെഗ്‌മെന്‍റിൽ മികച്ച പ്രകടനമാണ് ഈ കാർ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഉടമയുടെ ഞെട്ടിക്കുന്ന പ്രവൃത്തിയുടെ പിന്നിലെ കാരണം മനസ്സിലാക്കാൻ വാഹന പ്രേമികൾ കൂടുതൽ വിശദാംശങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം സാങ്കേതിക പ്രശ്‌നങ്ങൾ മുതൽ അസംതൃപ്‍തരായ വാഹന ഉടമകളിൽ നിന്നുള്ള അങ്ങേയറ്റത്തെ പ്രതികരണങ്ങൾ വരെ ഓട്ടോമോട്ടീവ് വ്യവസായം അഭിമുഖീകരിക്കുന്ന വൈവിധ്യമാർന്ന വെല്ലുവിളികളുടെ വ്യക്തമായ ഓർമ്മപ്പെടുത്തലായി ഈ സംഭവം മാറുന്നു. രോഷാകുലരായ ഉടമകൾ ഡീലർ ഷോറൂമുകളിൽ പ്രതിഷേധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഡീലർ ഷോറൂം പരിസരത്ത് സ്വന്തം കാറിൽ പെട്രോൾ തളിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.
അതേസമയം മാരുതിയുടെ പല വാഹനങ്ങളുടെയും വ്യത്യസ്‍ത പ്രീമിയം ഫീച്ചറുകൾ XL6ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറയും ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും ഉണ്ടായിരിക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ കാർ കണക്ട് ഫീച്ചറുകളും ഇതിൽ നൽകിയിട്ടുണ്ട്. വയർലെസ് ചാർജിംഗ്, സ്‍മാർട്ട് പ്ലേ പ്രോ സിസ്റ്റം, സുസുക്കി കണക്ട് ടെലിമാറ്റിക്‌സ് എന്നിവയും ഇതിലുണ്ട്.