പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്ത്, ഒന്നിൽ നിന്നും തെറിച്ചത് അഞ്ചിലേക്ക്, അപമാനിതനായി സ്വിഫ്റ്റ്!
2023 ഓഗസ്റ്റിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് മാരുതി സ്വിഫ്റ്റായിരുന്നു. എന്നാൽ, സെപ്തംബറിൽ ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2023 സെപ്റ്റംബറിലെ രാജ്യത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഒന്നാം നമ്പർ കിരീടം സ്വന്തമാക്കി മാരുതി ബലേനോ. ഈ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തം കമ്പനിയുടെ നമ്പർ വണ്‍ ആയിരുന്ന മാരുതി സ്വിഫ്റ്റിനെ മറികടന്നു. 2023 ഓഗസ്റ്റിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് മാരുതി സ്വിഫ്റ്റായിരുന്നു. എന്നാൽ, സെപ്റ്റംബര്‍ മാസത്തില്‍ ഒന്നാം സ്ഥാനത്ത് നിന്നും സ്വിഫ്റ്റ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേ സമയം, വാഗൺആർ രണ്ടാം സ്ഥാനത്തേക്ക് മാറി. മാരുതിയുടെ ആറ് മോഡലുകളും ടാറ്റയുടെയും ഹ്യുണ്ടായിയുടെയും രണ്ട് മോഡലുകളും ടോപ്-10 കാറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാരുതിക്ക് വേണ്ടി വാഗൺആർ, ബ്രെസ്സ, സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ എന്നിവ ബലേനോയ്‌ക്കൊപ്പം പട്ടികയിൽ ഇടം നേടി. അതേസമയം ടാറ്റയ്ക്കായി നെക്‌സോണും പഞ്ചും ഉൾപ്പെട്ടു. ഹ്യുണ്ടായിക്ക് ക്രെറ്റയും വെന്യുവും പട്ടികയുടെ ഭാഗമായി.
ഇതുവരെ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, എബിഎസ് ഉള്ള ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, റിവേഴ്‌സിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മാരുതി ബലേനോയിലെ സുരക്ഷാ ഫീച്ചറുകൾ. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് ബെലെനോ വിൽക്കുന്നത്. 8.38 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ഇന്ത്യയിൽ, ഇത് ഹ്യുണ്ടായ് i20, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ്, സിട്രോൺ C3 എന്നിവയുമായി മത്സരിക്കുന്നു.
ബലെനോയുടെ മുൻ ഗ്രില്ലിന് പഴയതിനേക്കാൾ വീതിയുമുണ്ട്. ഈ ഗ്രില്ലിനൊപ്പം വാറൗണ്ട് ഹെഡ്‌ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഹെഡ്‌ലൈറ്റുകളും പഴയ മോഡലിനെക്കാൾ വീതിയുള്ളതായിരിക്കും. ഇതിൽ ഇൻസ്റ്റാൾ ചെയ്‍തിരിക്കുന്ന പ്രൊജക്ടർ യൂണിറ്റുകൾ പുതിയ മൂന്ന് ഘടക എൽഇഡി ഡിആർഎൽ സിഗ്നേച്ചറുമായി വരും.
പിൻവശത്ത് പുതിയ സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ പിൻ ബമ്പറിലും മാറ്റം വരുത്തിയിട്ടുണ്ട്. ബമ്പറിലെ ബ്രേക്ക് റെഡ് ലൈറ്റിന്റെ സ്ഥാനം മാറ്റി. എന്നിരുന്നാലും, ടെയിൽഗേറ്റ് ആകൃതിയും പിൻഭാഗത്തെ ഗ്ലാസ്‌ഹൗട്ടും സ്‌പോയിലർ രൂപവും രണ്ട് മോഡലുകളിലും ഒരേപോലെ തന്നെ തുടരുന്നു. പ്രൊഫൈലിലും ഇരുമോഡലുകളും ഏതാണ്ട് സമാനമാണ്. പിൻ ക്വാർട്ടർ ഗ്ലാസ് വരെ നീളുന്ന ക്രോം സ്ട്രിപ്പാണ് പുതിയ ബലേനോയുടെ വിൻഡോ ലൈൻ.
പുതിയ ബലേനോയുടെ നീളം 3990 എംഎം, വീതി 1745 എംഎം, ഉയരം 1500 എംഎം, വീൽബേസ് 2520 എംഎം എന്നിങ്ങനെയാണ്. പുതിയ ബലേനോയുടെ എസി വെന്റുകൾ പുനർരൂപകൽപ്പന ചെയ്‍തിട്ടുണ്ട്. ഇതിന് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ ഡിസൈനിലായിരിക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സ്വിച്ച് ഗിയറും മാറ്റി അല്പം താഴ്ത്തി സ്ഥാപിച്ചിട്ടുണ്ട്. മുൻ സീറ്റുകൾ പുതിയതാണ്, സ്റ്റിയറിംഗ് വീലിന് പുതിയ ഡിസൈൻ ലഭിക്കും.
1.2 ലിറ്റർ, നാല് സിലിണ്ടർ K12N പെട്രോൾ എഞ്ചിനാണ് ബലേനോയ്ക്കുള്ളത്. ഇത് 83 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും. അതേ സമയം, മറ്റൊരു ഓപ്ഷൻ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ്, ഇത് 90 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. ബലേനോ സിഎൻജിക്ക് 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണുള്ളത്. ഇത് 78 പിഎസ് കരുത്തും 99 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു.
ഈ പ്രീമിയം ഹാച്ച്ബാക്കിന് 360 ഡിഗ്രി ക്യാമറയുണ്ടാകും. ഈ ഫീച്ചറുള്ള സെഗ്‌മെന്റിലെ ആദ്യ കാറാണിത്. ഒമ്പത് ഇഞ്ച് സ്‍മാര്‍ട്ട് പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ഇതിനുള്ളത്. സുസുക്കിയും ടൊയോട്ടയും സംയുക്തമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. കാറിലെ എച്ച്‍യുഡി സവിശേഷതയും ഈ സെഗ്‌മെന്റിൽ ആദ്യമായി ലഭിക്കുന്നതാണ്.
കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയ്‌ക്കൊപ്പം, വയർലെസ് ഫോൺ ചാർജിംഗ്, അലക്‌സാ വോയ്‌സ് കമാൻഡ്, ഹെഡ്‌അപ്പ് ഡിസ്‌പ്ലേ, പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ തുടങ്ങി നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ബലേനോയിലുണ്ട്. മിക്ക ഫീച്ചറുകളും സ്റ്റിയറിങ്ങിൽ നിന്ന് നിയന്ത്രിക്കാനാകും. മികച്ച സംഗീതത്തിനായി ആര്‍ക്കമിസ് സറൗണ്ട് സിസ്റ്റം ലഭ്യമാകും. ആറ് എയർബാഗുകളും ഇതിൽ നല്‍കിയിട്ടുണ്ട്.