വില 10 ലക്ഷത്തിൽ താഴെ, ഇതാ വരാനിരിക്കുന്ന ചില അടിപൊളി എസ്‌യുവികൾ!
ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന മികച്ച 4 പുതിയ സബ്-4 മീറ്റർ എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ
ടാറ്റ പഞ്ചിന്റെയും മാരുതി സുസുക്കി ഫ്രോങ്ക്സിന്റെയും വൻ വിജയത്തിൽ നിന്ന് രാജ്യത്തെ വാഹന വിപണിയിൽ എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് വ്യക്തമാണ്. സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലാണ് ഹ്യൂണ്ടായ് എക്‌സ്‌റ്ററും അവതരിപ്പിച്ചിരിക്കുന്നത്. ഈ മൈക്രോ എസ്‌യുവിക്കും കാർ വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിൽ ആദ്യമായി കാർ വാങ്ങുന്നവരും എൻട്രി ലെവൽ ഹാച്ച്ബാക്കുകളേക്കാൾ ചെറിയ എസ്‌യുവികളിലേക്ക് നോക്കുന്നു. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലേക്ക് നിരവധി പുതിയ വാഹനങ്ങൾ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന മികച്ച നാല് പുതിയ സബ്-4 മീറ്റർ എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ
ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്
പഞ്ച് ഇവി അവതരിപ്പിച്ചതിന് ശേഷം, ടാറ്റ മോട്ടോഴ്‌സ് ഇപ്പോൾ പഞ്ച് മൈക്രോ എസ്‌യുവിയുടെ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് മിക്ക മാറ്റങ്ങളും ഇവി പതിപ്പുമായി പങ്കിടും. പുതിയ ഗ്രില്ലും മൂർച്ചയുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും ഫീച്ചർ ചെയ്യുന്ന നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ ഇത് പങ്കിടും. പുതിയ അലോയ് വീലുകളും ചെറുതായി പരിഷ്കരിച്ച ബമ്പറുകളും പുതിയ മോഡലിലുണ്ടാകും. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും പുതിയ ഇൻസ്ട്രുമെന്റ് കൺസോളും ഉള്ള പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് ക്യാബിനുണ്ടാകും. മാനുവൽ ഗിയർബോക്‌സും എഎംടി ഓപ്ഷനുകളുമുള്ള 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകാൻ സാധ്യത.
കിയ ക്ലാവിസ്
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ആഭ്യന്തര വിപണിയിൽ ഒരു പുതിയ സബ് കോംപാക്റ്റ് എസ്‌യുവി പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ എസ്‌യുവി സോനെറ്റ് സബ്-4 മീറ്റർ എസ്‌യുവിക്ക് താഴെയായി സ്ഥാനം പിടിക്കും. കൂടാതെ ഹ്യൂണ്ടായ് എക്‌സ്റ്ററിനും ടാറ്റ പഞ്ചിനും എതിരാളിയാകും. കിയ ക്ലാവിസ് എന്ന് വിളിക്കപ്പെടുന്ന ഈ കാർ സോനെറ്റ്, സെൽറ്റോസ്, ടെല്ലുറൈഡ് എന്നിവയുൾപ്പെടെ വലിയ കിയ എസ്‌യുവികളിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടും. സോനെറ്റ് എസ്‌യുവിക്ക് അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമിലായിരിക്കും ഇതുമെത്തുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.2 ലിറ്റർ 4-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരാൻ സാധ്യത. ഒരു ഹൈബ്രിഡ് പവർട്രെയിൻ ഫീച്ചർ ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യ മോഡൽ കൂടിയാണിത്. ഈ വർഷം അവസാനത്തോടെ ചെറു എസ്‌യുവി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ റെനോ കിഗർ
കിഗർ, ട്രൈബർ, ക്വിഡ് എന്നിവയുടെ അടുത്ത തലമുറകളുടെ പണിപ്പുരയിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. 2025-ൽ കമ്പനി മൂന്നാം തലമുറ ഡസ്റ്റർ എസ്‌യുവിയും രാജ്യത്ത് അവതരിപ്പിക്കും. പുതിയ റെനോ കിഗറിന് കൂടുതൽ ഫീച്ചറുകൾ നിറഞ്ഞ ഇന്റീരിയറിനൊപ്പം കാര്യമായ ഡിസൈൻ മാറ്റങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. 1.0L 3-സിലിണ്ടർ NA പെട്രോളും 1.0L 3-സിലിണ്ടർ ടർബോ പെട്രോളും ഉൾപ്പെടെ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വരാൻ സാധ്യത.
നിസാൻ മാഗ്നൈറ്റ് ഫെയിസ്‍ലിഫ്റ്റ്
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ 2024-ൽ രാജ്യത്തെ അതിന്റെ ഏക എസ്‌യുവിയായ മാഗ്‌നൈറ്റിന് മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകും. പുതിയ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ചില ഡിസൈൻ മാറ്റങ്ങളും ഗണ്യമായി പരിഷ്‌കരിച്ച ഇന്റീരിയറും ലഭിക്കും. പുതുക്കിയ ഫ്രണ്ട് ഗ്രിൽ, പുതിയ ബമ്പറുകൾ, പുതുതായി ശൈലിയിലുള്ള ലൈറ്റിംഗ് സിസ്റ്റം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിനൊപ്പം പുതുക്കിയ ഡാഷ്‌ബോർഡ് ലേഔട്ട് ക്യാബിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.0L 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുകളിൽ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ.