സമഗ്രമായ ഇവി നിരയുമായി മഹീന്ദ്ര
മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികൾ വിപണിയെ പുനർനിർവചിക്കാൻ ഒരുങ്ങുകയാണ്. 2026 പകുതിയോടെ നാല് പുതിയ ഇവികൾ റോഡുകളില്‍ എത്തുമെന്നാണ് കമ്പനി പറയുന്നത്.
പുതിയ ഓഫറുകൾ, അത്യാധുനിക സാങ്കേതിക വിദ്യകൾ തുടങ്ങിയവയുടെ സമഗ്രമായ ഒരു നിരയുമായി ഇന്ത്യൻ എസ്‍യുവി ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആഗോള വിപണികളിൽ മുന്നേറുകയാണ്. കമ്പനി ഇപ്പോള്‍ തങ്ങളുടെ ഇലക്ട്രിക് വാഹന (ഇവി) തന്ത്രം അനാവരണം ചെയ്‍തു. ഒപ്പം ഥാര്‍ ഇലക്ട്രിക്ക്, ഗ്ലോബല്‍ പിക്കപ്പ് എന്നിങ്ങനെ രണ്ട് കണ്‍സെപ്റ്റുകളും കമ്പനി അവതരിപ്പിച്ചു.
സ്കോർപിയോ Nനെ അടിസ്ഥാനമാക്കിയ പുതിയ മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റ് ദക്ഷിണാഫ്രിക്ക, സൗത്ത് ആൻഡ് സെൻട്രൽ അമേരിക്ക, ആസിയാൻ എന്നിവിടങ്ങളിലെ വിപണികളിൽ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ്. കൂടാതെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി ലൈനപ്പിനായുള്ള ലോഞ്ച് ഷെഡ്യൂളും മഹീന്ദ്ര വിശദമാക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികൾ വിപണിയെ മാറ്റിമറിക്കാൻ ഒരുങ്ങുകയാണെന്നാണ് മഹീന്ദ്ര പറയുന്നത്. 2026 പകുതിയോടെ നാല് പുതിയ ഇവികൾ റോഡുകളില്‍ എത്തുമെന്നാണ് കമ്പനി പറയുന്നത്. ഈ മോഡലുകൾ ബ്രാൻഡിന്റെ നൂതനമായ ഇൻഗ്ലോ ഇവി സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിന്റെ അടിത്തറയില്‍ XUV.e, ബിഇ എന്നീ രണ്ട് ഉപബ്രാൻഡുകൾക്ക് കീഴിലാണ് നിർമ്മിക്കുന്നത്. മഹീന്ദ്ര XUV.e8 ന്റെ പ്രൊഡക്ഷൻ പതിപ്പ് 2024 ഡിസംബറിൽ അരങ്ങേറ്റം കുറിക്കും, അതേസമയം XUV.e9 2025 ഏപ്രിലിൽ വിപണിയിലെത്തും. 2026 ഏപ്രിലിലെ ലോഞ്ചിനായി മഹീന്ദ്ര BE.05, BE.07 ഇലക്ട്രിക് എസ്‌യുവികൾ നീക്കിവച്ചിരിക്കുന്നു.
എല്ലാ ഇൻഗ്ലോ പ്ലാറ്റ്‌ഫോം അധിഷ്‌ഠിത ഇവികളിലേക്കും സംയോജിപ്പിച്ചിരിക്കുന്ന ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് പവർട്രെയിനുകളുടെ (കോംപാക്റ്റ് 3-ഇൻ-1) സാന്നിധ്യം ഊന്നിപ്പറയുന്ന ഈ നൂതന വൈദ്യുത വാഹനങ്ങളുടെ പവര്‍ട്രെയിൻ വിവരങ്ങളും മഹീന്ദ്ര പുറത്തുവിട്ടു. വാലിയോ വിതരണം ചെയ്യുന്ന ഇലക്ട്രിക് മോട്ടോറുകളും ബിവൈഡിയിൽ നിന്ന് ലഭിക്കുന്ന എല്‍എഫ്‍പി ബാറ്ററികളിൽ നിന്നുമാണ് പവർ ഉപയോഗിക്കുന്നത്. XUV.e ഇലക്ട്രിക് എസ്‌യുവികൾക്ക് വാലിയോയുടെ ഇലക്ട്രിക് മോട്ടോര്‍ ലഭിക്കും. 231 ബിഎച്ച്‌പി (170 കിലോവാട്ട്) 380 എൻഎം ശേഷിയുള്ള സിംഗിൾ മോട്ടോർ കോൺഫിഗറേഷൻ പിൻ ആക്‌സിലിന് ലഭിക്കും.
ടാറ്റയുടെ പണിപ്പുരയില്‍ ഇനി 'ജീപ്പും' പിറക്കും, നടുക്കം വിട്ടുമാറാതെ മഹീന്ദ്രയും ഥാറും!
അതേസമയം, മഹീന്ദ്ര BE 05, BE 07 ഇലക്ട്രിക് എസ്‌യുവികൾ ഫോക്‌സ്‌വാഗനിൽ നിന്നുള്ള പവർട്രെയിനുകൾ ഉപയോഗിക്കും, 2WD, 4WD ഓപ്ഷനുകളും കമ്പനി അവതരിപ്പിക്കും. 286bhp (210kW) ഉം 535Nm ഉം ഉത്പാദിപ്പിക്കുന്ന, പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറാണ് ആദ്യത്തേത്. രണ്ടാമത്തേത് 109bhp (80kW) ഉം 135Nm ഉം നൽകും. ഫ്രണ്ട് ആക്‌സിലിൽ ഒരു ഡ്യുവൽ മോട്ടോർ സജ്ജീകരണമുണ്ട്. ഈ പവർട്രെയിനുകൾ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ സജ്ജമാണെന്നും മഹീന്ദ്ര ഉറപ്പ് നൽകുന്നു.
നവീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡാഷ്‌ബോർഡിന്റെ വീതിയിലുടനീളം 12.3-ഇഞ്ച്, 720p സ്‌ക്രീനുകൾ തുടങ്ങിയവ ഈ ഇലക്ട്രിക്ക് മോഡലുകളുടെ പ്രത്യേകതകളാണ്. ശബ്‍ദാനുഭവം ഉയർത്തിക്കൊണ്ട്, മഹീന്ദ്ര അതിന്റെ ഇലക്ട്രിക് എസ്‌യുവികളെ 16 സ്പീക്കർ ഡോൾബി അറ്റ്‌മോസ്, 3D സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഉപയോഗിച്ച് സജ്ജീകരിക്കാൻ സോണി ടു ഹർമാൻ/കാർഡനുമായി സഹകരിക്കും.
കൂടാതെ, ഒരു ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) നാവിഗേഷൻ, മീഡിയ, ഫോൺ ഉപയോഗം, ഡ്രൈവിംഗ് എന്നിവയ്ക്കായി വിൻഡ്ഷീൽഡിലേക്ക് ഓഗ്മെന്റഡ് റിയാലിറ്റി (AR) വിഷ്വലുകൾ പ്രൊജക്റ്റ് ചെയ്യും. ലെവൽ 2 ഓട്ടോണമസ് അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം സാങ്കേതികവിദ്യ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, ഓൺബോർഡ് 5G കണക്റ്റിവിറ്റി, വെഹിക്കിൾ-ടു-എക്സ് (V2X) കഴിവുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയും ഈ ഈവികളില്‍ സജ്ജീകരിക്കും.