പെരുമഴയത്ത് വൈപ്പറില്ലാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓടിയത് 104 കിലോമീറ്റർ!
തൃശ്ശൂരില്‍നിന്ന് കളിയിക്കാവിളയിലേക്ക് സര്‍വീസ് നടത്തുന്ന പാറശ്ശാല ഡിപ്പോയുടെ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് എയര്‍ബസാണ് ഇങ്ങനെ അപകട യാത്ര നടത്തിയത്.
പെരുമഴയത്ത് വൈപ്പറില്ലാതെ കെ എസ് ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ഓടിയത് 104 കിലോമീറ്റര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ കോട്ടയം കുറവിലങ്ങാട് മുതല്‍ അടൂര്‍വരെ എം.സി. റോഡിലൂടെ ബസ് ഈ സാഹസിക നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃശ്ശൂരില്‍നിന്ന് കളിയിക്കാവിളയിലേക്ക് സര്‍വീസ് നടത്തുന്ന പാറശ്ശാല ഡിപ്പോയുടെ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് എയര്‍ബസാണ് ഇങ്ങനെ അപകട യാത്ര നടത്തിയത്. തകരാറിലായ വൈപ്പര്‍ മാറ്റിയിടാനായി രണ്ടു ഡിപ്പോകളില്‍ കയറ്റിയെങ്കിലും മാറ്റാൻ സാധിച്ചില്ല. കടുത്ത മഴയ്ക്കിടെ, ഡ്രൈവര്‍ ബസ് ആദ്യം കോട്ടയം ഡിപ്പോയിലാണ് എത്തിച്ചത്. എന്നാല്‍, അവിടെനിന്ന്, അറ്റകുറ്റപ്പണി നടത്താനാവില്ലെന്നും വ്യക്തമാക്കി. മഴ ശമിച്ചതോടെ യാത്ര വീണ്ടും തുടങ്ങി. എന്നാല്‍ ബസ് ചിങ്ങവനമെത്തിയപ്പോള്‍ മഴ വീണ്ടും കനത്തു. ഇതോടെ യാത്രക്കാരില്‍ ചിലരെ മുന്‍വശത്തിരുത്തി വഴി പറഞ്ഞുകൊടുത്താണ് സര്‍വീസ് തുടര്‍ന്നത്. ഇടയ്ക്കിടെ ബസ് നിര്‍ത്തി ജീവനക്കാര്‍ തോര്‍ത്തുപയോഗിച്ച് ചില്ലിനുമുകളിലെ ഈര്‍പ്പം തുടച്ചുനീക്കി.
അടുത്തതായി തിരുവല്ല ഡിപ്പോയിലെ ഗാരേജില്‍ ബസ് കയറ്റി. പക്ഷേ ഇവിടെയും അറ്റകുറ്റപ്പണി നടന്നില്ല. ഒരു മണിക്കൂറോളം കാത്തുകിടന്നശേഷം വൈപ്പറില്ലാതെ ബസ് യാത്ര തുടരുകയായിരുന്നു. ഒടുവില്‍ അടൂരില്‍വച്ച് മഴ വീണ്ടും കൂടിയതോടെ യാത്രക്കാരെ പിന്നാലെയെത്തിയ മറ്റൊരു ഫാസ്റ്റ് പാസഞ്ചറില്‍ കയറ്റിവിട്ടു. 15 ദിവസത്തോളമായി ഈ ബസിന്റെ വൈപ്പര്‍ തകരാറിലാണെന്ന് ആരോപണമുണ്ട്. ഒടുവില്‍ കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ച ശേഷമാണ് വൈപ്പർ നന്നാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിഫ്റ്റ് ബസുകളോടുള്ള അവഗണന കാരണമാണ് ഇതുവരെ ഇത് പരിഹരിക്കാതിരുന്നതെന്നും യാത്രികർ ആരോപിക്കുന്നു.
അതേസമയം കെഎസ്ആർടിസിയെ സംബന്ധിച്ച മറ്റൊരു വാർത്തയില്‍ റോബിന്‍ ബസിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി ആരംഭിച്ച പ്രത്യേക കോയമ്പത്തൂര്‍ സര്‍വീസ് രാവിലെ 4.30ന് പുറപ്പെട്ടു. യാത്രക്കാരില്ലാതെ കാലിയായിട്ടാണ് പത്തനംതിട്ടയില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെ 4:30ന് പുറപ്പെട്ട ലോഫ്‌ളോര്‍ എസി ബസ് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നത്. 11.30ന് ബസ് കോയമ്പത്തൂരില്‍ എത്തും.
അതേസമയം, റോബിന്‍ ബസ് സര്‍വീസിന് ഇന്നും പത്തനംതിട്ടയില്‍ യാത്രക്കാര്‍ സ്വീകരണമൊരുക്കി. എംവിഡിയോട് ശക്തമായ പ്രതിഷേധമാണ് യാത്രക്കാരില്‍ പലരും ഉയര്‍ത്തിയത്. റോബിന്‍ ബസിന് പിന്തുണ പ്രഖ്യാപിച്ച് വെറുതെ കോയമ്പത്തൂര്‍ വരെ പോകുകയാണെന്നാണ് ഒരു യാത്രക്കാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഒരു സംരംഭകനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമെന്നും യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബദല്‍ സര്‍വീസ് കാര്യമാക്കുന്നില്ലന്നും റോബിന്‍ ബസിലെ ജീവനക്കാര്‍ പറയുന്നു.