ഉടമ മറന്ന കാർ ആരുമറിയാതെ കിടന്നത് 63 വർഷം, സ്റ്റാർട്ടാക്കാൻ ശ്രമിച്ച കുടുംബക്കാർ ഞെട്ടി, പിന്നെ സംഭവിച്ചത്!
അവിശ്വസനീയമാംവിധം അപൂർവമായ ഈ മെഴ്‌സിഡസ് കാറിന് ഒരിക്കലും പോലും കേടുപാടുകൾ സംഭവിക്കുകയോ പരിഷ്‍കരിക്കുകയോ ചെയ്‍തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറുപതിറ്റാണ്ടിനുമേല് ഒരു ഗോഡൌണില്‍ ആരുമറിയാതെ പൊടിപിടിച്ചു കിടന്ന ഒരു വിന്‍റേജ് കാര്‍ അമ്പരപ്പിക്കുന്ന വിലയ്ക്ക് വിൽക്കാൻ പോകുന്നു. അവിശ്വസനീയമാംവിധം അപൂർവമായ 1933 മോഡല്‍ മെഴ്‍സിഡസ് 370 എസ് മാൻഹെയിൻ സ്‍പോര്‍ട്ട് കാബ്രയോലെറ്റ് എന്ന കാറാണ് ഗാരേജില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
1933ല്‍ നിര്‍മ്മിച്ച ഈ കാര്‍ ബ്രിട്ടനിലെ ഒരു പഴയ ഗാരേജിലാണ് കണ്ടെത്തിയത്. മെഴ്സിഡസ് കമ്പനി ആകെ 195 എണ്ണം മാത്രം നിര്‍മ്മിച്ച ഈ ക്ലാസിക് കാറിനെ വാഹന പ്രേമികൾ അപൂര്‍വ്വ വസ്‍തുക്കളില്‍ ഒന്നായി കണക്കാക്കുന്നു. ഇതിന് ഇപ്പോള്‍ 180,000 പൌണ്ടില്‍ അധികം വിലവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടൻ ആസ്ഥാനമായുള്ള ലേലക്കാരായ ആർ എം സോത്ത്ബിസ് ആണ് ഈ കാർ ലേലത്തിന് വയ്ക്കുന്നത്. അവിശ്വസനീയമാംവിധം അപൂർവമായ ഈ മെഴ്‌സിഡസ് കാറിന് ഒരിക്കലും പോലും കേടുപാടുകൾ സംഭവിക്കുകയോ പരിഷ്‍കരിക്കുകയോ ചെയ്‍തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ 63 വര്‍ഷം വെറുതെ കിടന്നതിനാല്‍ നിരത്തില്‍ ഇറങ്ങണമെങ്കില്‍ ഇതിന് ഇനി ചെറിയ ചില അറ്റകുറ്റപ്പണികള്‍ വേണ്ടി വരും. ഔദ്യോഗികമായി ലേലത്തിന് പോകുന്ന ഈ കാറിന് 3.8 ലിറ്റർ ആറ് സിലിണ്ടർ എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ 75 ബിഎച്ച്പിയും 75 മൈൽ വേഗതയും നൽകുന്നു.
ഈ കാറിന്റെ ആദ്യകാലഘട്ടങ്ങളെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. എന്നാൽ ഈ മോഡൽ ആദ്യം ബർലിനിലെ ബ്രിട്ടീഷ് അധിനിവേശ പ്രദേശത്താണ് ഉണ്ടായിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് ഇത് ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിലെ ഒരു അംഗം സ്വന്തമാക്കുകയും 1955-ൽ യുകെയിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്‍തു.
പിന്നീട് ഈ കാർ ഡൊറോത്തി സ്റ്റുവർട്ട് എന്ന സ്ത്രീക്ക് വിറ്റതായി ലേലക്കാരായ ആർ എം സോത്ത്ബിസ് പറയുന്നു. ഒരു ഡീലറിൽ നിന്ന് 250 പൗണ്ടിന് ആണ് ഇവര്‍ വാങ്ങുന്നത്. ഇന്ന് ഏകദേശം 5,000 പൌണ്ടോളം വരും ഈ തുക. 1958 മുതൽ കാര്‍ ഈ കുടുംബത്തിന്‍റെ കൈവശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ കുടുംബം വലുതായതോടെ അവര്‍ക്ക് പുതിയ കാറുകള്‍ വാങ്ങേണ്ടി വന്നു. ഈ മെഴ്സിഡസ് ബെൻസിനെ ഗോഡൌണിലേക്ക് മാറ്റുകയും ചെയ്‍തു. കൂടുതൽ പ്രായോഗികമായ വാഹനങ്ങള്‍ വന്നു തുടങ്ങിയതോടെ ഗോഡൌണില്‍ പൂട്ടിയിട്ട ഈ അപൂര്‍വ്വ വാഹനത്തെ ഉടമയും കുടുംബവും മറന്നുപോകുകയും ചെയ്‍തു.
ഈ കാർ ഇതുവരെ നിർമ്മിച്ച 195 എണ്ണത്തിൽ ഒന്നാണെന്നത് മാത്രമല്ല ഇതിന്‍റെ പ്രത്യേകതയെന്ന് ആർഎം സോത്ത്ബിയിലെ സീനിയർ കാർ സ്‌പെഷ്യലിസ്റ്റായ ആനെറ്റ് അബാസി പറയുന്നു, ഒരിക്കലും കേടുപാടുകൾ സംഭവിക്കാത്തതോ പുനഃസ്ഥാപിക്കാത്തതോ ആയ ഒരു പഴയ കാറിന്റെ മികച്ച ഉദാഹരണമാണിതെന്നാണ് അദ്ദേഹം പറയുന്നത്. അറുപത് വർഷത്തിലേറെയായി ഒരേ കുടുംബ ഉടമസ്ഥതയിലുള്ള ഈ അപൂര്‍വ്വ വാഹനത്തെ സ്വന്തമാക്കി ഒന്നുകിൽ അതിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനോ അല്ലെങ്കിൽ വിവിധ പ്രദര്ശനങ്ങളിൽ അവതരിപ്പിക്കുന്നതിനോ ഉള്ള ഇത് അപൂർവ്വമായി ലഭിക്കുന്ന ഒരു മികച്ച അവസരമാണിതെന്നും ലേലക്കാരായ ആർ എം സോത്ത്ബിസ് പറയുന്നു.