ലോകത്തിനായുള്ള ടൂവീലറുകള്‍ ഇന്ത്യയില്‍ ഉണ്ടാക്കാന്‍ ഹോണ്ട!
ലോകത്തെ ഏറ്റവും നൂതനമായ ഇരുചക്ര വാഹന വിപണികളിലേക്ക് ലോകോത്തര ടൂ വീലറുകള്‍ കയറ്റുമതി ചെയ്യുന്നതിന് പുതിയ പദ്ധതിയുമായി ഹോണ്ട
കൊച്ചി: പുതിയ വിദേശ ബിസിനസ് വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. മേക്കിംഗ് ഇന്‍ ഇന്ത്യ ഫോര്‍ ദി വേള്‍ഡ് എന്ന പദ്ധതി പുതിയ വിദേശ ബിസിനസ് വികസനം ലോകത്തെ ഏറ്റവും നൂതനമായ ഇരുചക്ര വാഹന വിപണികളിലേക്ക് ലോകോത്തര ടൂ വീലറുകള്‍ കയറ്റുമതി ചെയ്യുന്നതിന് കമ്പനിയെ പ്രാപ്‍തമാക്കും എന്ന് ഹോണ്ട ടൂ വീലര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യയുടെ ഈ പ്രധാന പുനര്‍സംഘടന വിവിധ തലങ്ങളിലായുള്ള നൂറിലധികം അസോസിയേറ്റുകളുടെ ശക്തി ഉപയോഗിച്ച് ഹോണ്ട ഇന്ത്യയെ ഇരുചക്ര വാഹന കയറ്റുമതിയുടെ ആഗോള കേന്ദ്രമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു. ഹോണ്ടയുടെ മനേസറില്‍ സ്ഥിതിചെയ്യുന്ന, പുതിയ ഓവര്‍സീസ് ബിസിനസ് വികസന കേന്ദ്രം ആഗോളതലത്തില്‍ ഒപ്റ്റിമല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കുന്നതിന് സെയില്‍സ്, എഞ്ചിനീയറിംഗ്, ഡവലപ്മെന്റ്, പര്‍ച്ചേസിംഗ്, ക്വാളിറ്റി തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ഒരു മേല്‍ക്കൂരയില്‍ സമന്വയിപ്പിക്കുന്നു. പുതിയ വിദേശ ബിസിനസ് വികസനം ഹോണ്ട 2 വീലര്‍ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി വില്‍പ്പന പ്രവര്‍ത്തനങ്ങളെ ഗുണനിലവാരം, വാങ്ങല്‍, വികസനം, ഹോമോലോഗേഷനുകള്‍, ഉല്‍പ്പാദനം, ലോജിസ്റ്റിക്സ് എന്നിവയുമായി സമന്വയിപ്പിച്ചുകൊണ്ട് പുതിയ തലങ്ങള്‍ തുറക്കുമെന്നും കമ്പനി പറയുന്നു.
ഭാവി കണ്ടുകൊണ്ട്, ഹോണ്ട 2 വീലേഴ്‍സ് ഇന്ത്യ ആഗോള മോട്ടോര്‍സൈക്കിള്‍ ബിസിനസില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ലക്ഷ്യമിടുകയാണെന്നും അതോടൊപ്പം ബിഎസ്-6 യുഗത്തില്‍ മേക്ക് ഇന്‍ ഇന്ത്യ ഫോര്‍ ഇന്ത്യ, വേള്‍ഡിന്റെ അടുത്ത അധ്യായം അണ്‍ലോക്ക് ചെയ്യുകയാണെന്നും ഈ പ്രധാനപ്പെട്ട പുനഃസംഘടനയിലൂടെ കമ്പനി ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.
അരങ്ങേറ്റ മോഡലായ ആക്റ്റീവയിലൂടെ 2001ലാണ് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത്. പ്രവര്‍ത്തനത്തിന്റെ 15-ാം വര്‍ഷമായ 2015ല്‍ കയറ്റുമതി 10 ലക്ഷം കടന്നു. ഉല്‍പ്പന്ന ശ്രേണിയുടെ വിപുലീകരണത്തിന്റെയും ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനിയുടെ അധിക വിദേശ വിഹിതത്തിന്‍റെയും പിന്തുണയില്‍ ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ നിലവില്‍ യൂറോപ്പ്,ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ജപ്പാന്‍, സാര്‍ക്ക് രാജ്യങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന 35 വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. അതേസമയം, കയറ്റുമതി ചെയ്യുന്ന ഹോണ്ടയുടെ 19 ടൂ വീലര്‍ മോഡലുകളും യൂറോ5 നിബന്ധനകള്‍ ഉള്‍പ്പെടെ കര്‍ശന ചട്ടങ്ങള്‍ പാലിക്കുന്നു. അടുത്തിടെ അവതരിപ്പിച്ച മധ്യ നിരയിലുള്ള മോട്ടോര്‍സൈക്കിളും വിദേശ ബിസിനസിന്റെ ഭാവിയാണ് തുറക്കുന്നതെന്നും കമ്പനി അറിയിച്ചു.