നവകേരള ബസ് കാണാന്‍ തിക്കും തിരക്കും; കനത്ത സുരക്ഷ ഒരുക്കി കമാന്‍ഡോകള്‍
നവകേരള സദസിൽ വന്‍ സുരക്ഷയാണ് മന്ത്രിസഭയുടെ ബസിനായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാറിനൊപ്പം ബസും വളഞ്ഞിരിക്കുകയാണ് കമാൻഡോകൾ.
കാസർകോട്: നവകേരള സദസിന്‍റെ വേദിയിലെ താരമാണ് മന്ത്രിസഭ സഞ്ചരിക്കുന്ന ബസ്. വിവാദത്തിന് പിന്നാലെ വേദിയിലെത്തിയ ബസ് കാണാനും സെല്‍ഫി എടുക്കാനും തിക്കും തിരക്കുമാണ്. നവകേരള സദസിൽ വന്‍ സുരക്ഷയാണ് മന്ത്രിസഭയുടെ ബസിനായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാറിനൊപ്പം ബസും വളഞ്ഞിരിക്കുകയാണ് കമാൻഡോകൾ.
പൈവളിഗയിൽ വന്നവർക്കും അതുവഴി പോയവർക്കുമെല്ലാം നവകേരള ബസ് ഒരു കൗതുക കാഴ്ചയായിരുന്നു. സെൽഫിയെടുക്കാൻ ആൾത്തിരക്കാണ്. പക്ഷേ അകലത്തിൽ വേണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരക്ക് അധികമായതോടെ തോക്കെന്തിയ പൊലീസുകാരും ബസിന്റെ കാവലിനെത്തി. കൈകോർത്ത് കവചമിട്ടിരിക്കുയാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ വളണ്ടിയർമാർ. ഭാരത് ബെൻസ് കമ്പനിയുടെ രണ്ട് മെക്കാനിക്കുകൾ ബസിനൊപ്പം സജീവ സേവനത്തിനായി എപ്പോഴുമുണ്ട്.
നവകേരള സദസിന്‍റെ പ്രത്യേകതകൾ...
ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്സ് ഷോറൂം വില. ഓൺ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചിലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി 2 വാതിലുകൾ. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്.
Also Read: കൂട്ടക്കൊല: '2 തവണ പൊലീസിനെ കബളിപ്പിച്ച് പ്രവീണ്‍'; ഒടുവില്‍ കത്തി കണ്ടെത്തിയത് ഫ്‌ളാറ്റില്‍ നിന്ന്
25 സീറ്റുകളാണ് ബസിലുണ്ടാവുക. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവരുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് 1 കോടി 5 ലക്ഷം രൂപയാണ് ബസ്സിനായി സർക്കാർ അനുവദിച്ചത്. പൂർണസൗകര്യമുള്ള യാത്രാ ബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. കർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.