മസ്കിന്‍റെ ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തി ജനറല്‍ മോട്ടോര്‍സ്

ട്വിറ്ററിന് വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ട ശേഷമാകും പരസ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമാകൂയെന്നാണ് ജനറല്‍ മോട്ടോര്‍സ് വ്യക്തമാക്കുന്നത്. 

general motors suspends Twitter advertising temporarily

ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി ജനറല്‍ മോട്ടോര്‍സ്. താല്‍ക്കാലികമായാണ് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ടെസ്ലയ്ക്ക് ഒപ്പമെത്താന്‍ പ്രയത്നിക്കുകയാണ് ജനറല്‍ മോട്ടോര്‍സ്. ട്വിറ്ററിന് വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ട ശേഷമാകും പരസ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമാകൂയെന്നാണ് ജനറല്‍ മോട്ടോര്‍സ് വ്യക്തമാക്കുന്നത്.

ഇലോണ്‍ മസ്കിന്‍റെ നേതൃത്വം ട്വിറ്ററിനെ എങ്ങനെ ബാധിക്കുമെന്ന് നിരവധി കോണുകളില്‍ നിന്ന് ആശങ്കകള്‍ ഉയരുന്നതിന് ഇടയിലാണ് ജനറല്‍ മോട്ടോര്സ് തീരുമാനം പ്രഖ്യാപിക്കുന്നത്. നിര്‍ണായകമായ നിരവധി മാറ്റങ്ങള്‍ പുതിയ ഉടമയ്ക്ക് കീഴില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍ അവയെന്തെന്ന് വ്യക്തമായ ശേഷമാകും പരസ്യ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ജനറല്‍ മോട്ടോര്‍സ് വക്താവ് ഡേവിഡ് ബര്‍ണാസ് വ്യക്തമാക്കി. ട്വിറ്ററുമായി തങ്ങളുടെ കസ്റ്റമര്‍ കെയര്‍ വിഭാഗം നിരന്തര സമ്പര്‍ക്കത്തിലാണെന്നും ഡേവിഡ് ബര്‍ണാസ് കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിനെ സ്വന്തമാക്കി വെറും മണിക്കൂറുകള്‍ക്ക് പിന്നാലെ തലപ്പത്ത് ഇലോണ്‍ മസ്ക് അഴിച്ചുപണി നടത്തിയിരുന്നു. ആറ് മാസത്തെ തർക്കങ്ങൾക്ക് ശേഷമാണു ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌ക്  44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തത്. ഏറ്റെടുക്കലിന് ശേഷം മസ്കിന്റെ ആദ്യ നടപടിയായിരുന്നു ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടത്.

എന്നാല്‍ ട്വിറ്റർ ഏറ്റെടുക്കുന്നതിൽ തടസം സൃഷ്ടിച്ചവരെയാണ് പുറത്താക്കുന്നതെന്നാണ് ഇലോണ്‍ മസ്കിന്‍റെ വക്താക്കള്‍ വിശദമാക്കുന്നത്. ചൈനീസ് വി ചാറ്റ് മാതൃകയിൽ ട്വിറ്ററിനെ ചാറ്റ് മുതൽ പണമിടപാട് വരെ ചെയ്യാൻ പറ്റുന്ന ഓൾ ഇൻ വൺ ആപ്പാക്കുമെന്ന സ്വപ്നമാണ് മസ്ക് നേരത്തെ പങ്കുവച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios