ട്രെയിനിൽ ടിക്കറ്റ് പരിശോധകർ അപമാര്യാദമായി പെരുമാറുന്നു, അപമാനിക്കുന്നു, പരാതികളുണ്ടെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്
ട്രെയിനിൽ ടിക്കറ്റ് ചോദിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ക്വാഡുകൾ മോശമായി പെരുമാറുന്നതായി ആരോപണം.
തിരുവനന്തപുരം: ട്രെയിനിൽ ടിക്കറ്റ് ചോദിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ക്വാഡുകൾ മോശമായി പെരുമാറുന്നതായി ആരോപണം. യുടിഎസ് ആപ്പുകളിൽ നിന്ന് ലഭ്യമായ ടിക്കറ്റ് സാങ്കേതിക തകരാറുകൾ മൂലം ഡിസ്പ്ലേ ചെയ്യുന്നതിൽ താമസമെടുക്കുമ്പോൾ പരസ്യമായി അപമാനിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും പരാതി ഉയരുന്നതായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
നെറ്റ്വർക്കിലെ പ്രശ്നങ്ങൾ കാരണം ടിക്കറ്റ് ലോഡ് ആയി വരുന്നതിൽ കാലതാമസം പലപ്പോഴും ഉണ്ടാകാറുണ്ട്. അതിനുള്ള സാവകാശം പോലും നൽകാതെ കുറ്റവാളികളെ പോലെയാണ് ഇവർ യാത്രക്കാരോട് പെരുമാറുന്നതെന്നും മൊബൈൽ ഫോണുകൾ, ഐഡി കാർഡുകൾ മുതലായവ പിടിച്ചെടുത്ത് ആക്ഷേപിക്കുകയുമാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു.
യുടിഎസി- ൽ നിന്ന് സീസൺ /ജനറൽ ടിക്കറ്റ് എടുത്താൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയാലോ നെറ്റ് വർക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിലോ ടിക്കറ്റിന്റെ ആധികാരികത സംബന്ധിച്ച ആശങ്കകൾ യാത്രക്കാർ തുടക്കം മുതൽ പങ്കുവെച്ചിരുന്നു. നമ്പർ ഉപയോഗിച്ച് ചെക്ക് ചെയ്യാനുള്ള സൗകര്യം സ്ക്വാഡിന് ലഭ്യമാണെന്ന് യുടിഎസ് ഉറപ്പ് നൽകിയിരുന്നു. ഈ സൗകര്യങ്ങൾ പോലും പ്രയോജനപ്പെടുത്താതെ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുത്തവരെ ഇവർ തേജോവധം ചെയ്യുകയാണ്. ഇന്ന് രാവിലെ നാഗർകോവിൽ മംഗലാപുരം പരശുറാമിൽ ചെക്കിംഗിനിടെ സ്ത്രീ യാത്രക്കാരിയുടെ മൊബൈൽ പിടിച്ചു വാങ്ങി, ഇതിനെതിരെ പ്രതികരിക്കുകയും സ്ക്വാഡിന്റെ ഐ ഡി കാർഡ് പരിശോധിക്കുകയും ചെയ്ത യാത്രക്കാർക്കെതിരെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
സർക്കാർ ജീവനക്കാർ കാണുന്ന വിധം ഐഡി പ്രദർശിപ്പിക്കണമെന്ന നിയമം നിലനിൽക്കെ സ്ക്വാഡിന്റെ ധിക്കാരപരമായ പെരുമാറ്റം പൊതുജന സേവനത്തിന് ഉതകുന്നതല്ല. യുടിഎസ് ആപ്പിൽ പണം അടച്ചശേഷം ടിക്കറ്റ് ജനറേറ്റ് ചെയ്യാത്ത സംഭവങ്ങൾ നിരവധിയാണ്. ഈ പ്രതിസന്ധികൾക്കിടയിൽ സ്‌കാഡുമാരുടെ സഹകരണം കൂടി ഉണ്ടെങ്കിലെ യുടിഎസ് ഉദ്ദേശിച്ച ഫലം നൽകുകയുള്ളുവെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ അഭിപ്രായപ്പെട്ടു.
ടിക്കറ്റ് കൗണ്ടറുകളുടെ മുന്നിലെ നീണ്ട നിരയും സ്റ്റാഫിൻറെ കുറവും യുടിഎസ് പരിഹരിച്ചിരുന്നു. ഫോൺ കംപ്ലയിന്റ് ആയാലോ നെറ്റ് വർക്ക് ലഭ്യമല്ലെങ്കിലോ ചെക്ക് ചെയ്യാനുള്ള സൗകര്യം സ്‌ക്വാഡുകൾ ഉപയോഗപ്പെടുത്താത്ത പക്ഷം യാത്രക്കാർക്ക് നിർബന്ധമായും ടിക്കറ്റ് സാക്ഷ്യപ്പെടുത്താൻ സാവകാശവും രേഖാമൂലം അവസരവും നൽകണം. സ്‌കാഡുമാരുടെ സമീപനം മയപ്പെടുത്തിയില്ലെങ്കിൽ യാത്രക്കാർ പഴയപോലെ കൗണ്ടറുകളെ ആശ്രയിക്കാൻ നിർബന്ധിതരായി തീരും.
Read more: ദക്ഷിണേന്ത്യയിൽ രണ്ടാമത്തേത്, കേരളത്തിൽ ആദ്യം, 'ലുലു ഡെയ്ലി' തുറന്നു, നിരവധി പേർക്ക് തൊഴിലവസരങ്ങളും
ഇന്നലെ ഐലൻഡ് എക്സ്പ്രസ്സിൽ ജനറൽ ടിക്കറ്റ് എടുത്ത് ഡി റിസേർവ്ഡ് കമ്പാർട്ട്മെന്റിൽ തെറ്റികയറിയ ആർസിസി-യിൽ നിന്ന് മടങ്ങുന്ന രോഗിയായ സ്ത്രീയെ സ്‌കാഡ് തടഞ്ഞുവെച്ചു. കൈവശം പണമില്ലാതിരുന്ന അവർ ട്രെയിനിൽ നിന്ന് പിരിവെടുത്ത് നൽകിയ 200 രൂപയ്ക്ക് രസീത് പോലും നൽകാൻ ടിടആർ കൂട്ടാക്കിയില്ല. ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്നവരോട് പോലും രേഖകളില്ലാതെ ഇവർ പിടിച്ചുപറി നടത്തുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം