ലോകം ഭയക്കുന്ന ഇരട്ടച്ചങ്കന്മാര്‍ക്ക് പറക്കാൻ ഭയം, കാരണം ഇതാണ്!
കിം ജോങ് ഉന്നിന്റെ പ്രത്യേക ട്രെയിൻ എത്തിയ റഷ്യൻ നഗരമായ വ്ലാഡിവോസ്‌റ്റോക്കിലെ റെയിൽവേ സ്‌റ്റേഷനിൽ കനത്ത സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരുന്നത്. എന്നാൽ എന്തിനാണ് കിം ജോങ് ഉൻ വിദേശ സന്ദർശനത്തിനായി ട്രെയിനിൽ യാത്ര ചെയ്യുന്നത്? എന്തുകൊണ്ടാണ് കിം ജോങ് ഉൻ വിമാനത്തിൽ യാത്ര ചെയ്യാത്തത്? ഇതാ ആ രഹസ്യം!
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഉച്ചകോടി നടത്താൻ ഉത്തരകൊറിയൻ തലവൻ കിം ജോങ് ഉൻ റഷ്യയില്‍ എത്തിയിരിക്കുന്നു . കിം ജോങ് ഉന്നിന്റെ പ്രത്യേക ട്രെയിൻ എത്തിയ റഷ്യൻ നഗരമായ വ്ലാഡിവോസ്‌റ്റോക്കിലെ റെയിൽവേ സ്‌റ്റേഷനിൽ കനത്ത സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരുന്നത്. എന്നാൽ എന്തിനാണ് കിം ജോങ് ഉൻ വിദേശ സന്ദർശനത്തിന് ട്രെയിനിൽ മാത്രം യാത്ര ചെയ്യുന്നത്? എന്തുകൊണ്ടാണ് കിം ജോങ് ഉൻ വിമാനത്തിൽ യാത്ര ചെയ്യാത്തത്?
കിം ജോങിന് പറക്കാൻ ഭയമാണെന്നാണ് വിശ്വാസം. ഈ ഭയം കിമ്മിന്‍റെ കുടുംബത്തിന് പാരമ്പര്യമായി കിട്ടിയതാണ്. അതായത്, കിമ്മിന്‍റെ പിതാവിനും മുത്തച്ഛനുമൊക്കെ വിമാനങ്ങളെ ഭയമായിരുന്നു എന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. കിമ്മിനെപ്പോലെതന്നെ, ഈ രണ്ട് കൊറിയൻ നേതാക്കളും യാത്രകൾ ഒഴിവാക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം രാജ്യത്തിന് പുറത്തു പോകുകയും ചെയ്‍തിരുന്നവരാണ്. അപ്പോഴും കഴിയുന്നിടത്തോളം സ്വന്തം ട്രെയിനിൽ മാത്രമായിരുന്നു ഇരുവരുടെയും യാത്ര. പറക്കുമ്പോൾ ശത്രുക്കളാൽ വെടിയേറ്റ് വീഴുമെന്നോ വിമാനം തകര്‍ക്കുമെന്നോ ഒക്കെ ഇവര്‍ ഭയപ്പെട്ടിരുന്നു. പറക്കാനുള്ള ആഴത്തിൽ വേരൂന്നിയ ഭയം മാത്രമല്ല, കൊലപാതകത്തെക്കുറിച്ചുള്ള ഭയവും ആയിരുന്നു.
ട്രെയിനിൽ യാത്ര ചെയ്യുന്ന കുടുംബ പാരമ്പര്യം ആരംഭിച്ചത് കിമ്മിന്‍റെ മുത്തച്ഛൻ കിം സാങ്ങിൽ നിന്നാണ്. അദ്ദേഹത്തിന് പഴയ സോവിയറ്റ് യൂണിയൻ തലവൻ ജോസഫ് സ്റ്റാലിൻ ഒരു ട്രെയിൻ സമ്മാനിച്ചു. അദ്ദേഹത്തിന്റെ മകൻ കിം ജോങ് രണ്ടാമനും പറക്കാൻ ഭയമായിരുന്നു. എന്നാല്‍ ഒരു ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാല്‍ പൂര്‍വ്വികരുടെ വിമാന ഭയത്തിന്‍റെ ആഴം കിമ്മിന് ഇല്ലെന്ന് വാദിക്കുന്നവരും ഉണ്ട്. കാരണം ചുരുക്കം ചില സമയങ്ങളില്‍ കിം വിമാനത്തില്‍ പറക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. പിതാവിനെക്കാള്‍ താൻ വ്യത്യസ്‍തനാണെന്ന പ്രതിച്ഛായ വരുത്തിത്തീര്‍ക്കാനുള്ള കിമ്മിന്‍റെ ശ്രമങ്ങളുടെ ഭാഗം മാത്രമാണ് ഇത്തരം വീഡിയോകളെന്ന് വാദിക്കുന്നവരും ഉണ്ട്. എന്തായാലും ഭൂരിഭാഗം യാത്രകളിലും കിമ്മിനും കൂട്ട് പച്ച നിറത്തിലുള്ള ആ ട്രെയിൻ തന്നെയാണന്നതാണ് യാതാര്‍ത്ഥ്യം.
2019 ൽ, അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള തന്റെ കൂടിക്കാഴ്ചയ്ക്കായി വിയറ്റ്നാമിലേക്ക് കവചിത ട്രെയിനിൽ ചൈനയിലൂടെ 4,500 കിലോമീറ്റർ യാത്ര ചെയ്‍തു കിം. ഈ യാത്രയ്ക്ക് രണ്ടര ദിവസമെടുത്തു.