ജിംനി 5 ഡോര്‍ പതിപ്പ് ഇന്ത്യൻ വിപണിയിലേക്കും
ദില്ലി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ജിംനി സിയറ പതിപ്പ് അടിസ്ഥാനമാക്കിയാണ് 5 സീറ്റർ ജിംനി ഒരുങ്ങുന്നതെന്ന് ക്രിയേറ്റീവ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ച് റഷ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.
ജിപ്‍സിയുടെ സഹോദരന്‍ ജിംനിയെ ഇന്ത്യന്‍ വാഹന ലോകം ഏറെക്കാലമായി കാത്തിരിക്കുന്നു. ദില്ലിയിൽ 2020ല്‍ നടന്ന ഓട്ടോ എക്സ്പോയിൽ ആണ് ജിപ്‍സിയുടെ പിൻഗാമിയായ ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. നാല് പേർക്ക് യാത്ര ചെയ്യാവുന്ന മൂന്ന് ഡോർ മോഡൽ ആയാണ് ജിംനി എത്തിയത്. എന്നാൽ ഈ ജിംനി ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്ന് പിന്നീട് മാരുതി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാതിരിക്കുന്നതിനു പിന്നില്‍ ജിംനിയുടെ ബോഡി സ്റ്റൈൽ ആണ് കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ ഇന്റീരിയർ സ്പേസ് ഒരു പ്രധാന ഘടകമാണ്, അതുകൊണ്ട് ഈ ബോഡി സ്റ്റൈൽ വിജയിക്കുമൊ എന്ന് കമ്പനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ, ഇതിന് പരിഹാരമായി ഇപ്പോൾ ജിംനിയുടെ 5 സീറ്റർ പതിപ്പിന്റെ പ്രവർത്തനങ്ങളിലാണ് മാരുതി സുസുക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ദില്ലി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ജിംനി സിയറ പതിപ്പ് അടിസ്ഥാനമാക്കിയാണ് 5 സീറ്റർ ജിംനി ഒരുങ്ങുന്നതെന്ന് ക്രിയേറ്റീവ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ച് റഷ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.
അഞ്ച് സീറ്റർ ജിംനിക്ക് 3,850 എംഎം നീളം, 1,645 എംഎം വീതി, 1,730 എംഎം ഉയരം എന്നിവ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. . എന്നാൽ, 3,850 എംഎം നീളം എന്ന് പറയുമ്പോൾ 5 സീറ്റർ പതിപ്പിന് വിറ്റാര ബ്രെസ എസ്‌യുവിയെക്കാൾ നീളം (3,995 എംഎം) കുറവാകും. യൂറോപ്യൻ വിപണിയിലുള്ള 3 ഡോർ ജിംനിയെക്കാൾ 300 എംഎം വീൽബേസ് കൂടുതൽ ആയിരിക്കും 5 സീറ്റർ പതിപ്പിന്. 210 എംഎം ഗ്രൗണ്ട് ക്ലിയറൻസും പുതിയ ജിംനിയിൽ പ്രതീക്ഷിക്കാം.
പുത്തൻ വിറ്റാര ബ്രെസയുടെ കരുത്തായ 1.5 ലിറ്റർ കെ15ബി പെട്രോൾ എൻജിനാണ് ജിംനിയിലും. 5000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കും. ഈ കെ-സീരീസ് പെട്രോൾ എൻജിൻ 5-സ്പീഡ് മാന്വൽ ഗിയർബോക്‌സുമായാണ് ബന്ധിപ്പിക്കുക. ജിംനിയിൽ ലോ-റേഞ്ച് ട്രാൻസ്ഫർ ഗിയറുകളുള്ള പാർട്ട്-ടൈം 4WD സിസ്റ്റവും ഉണ്ടാവും.
മാരുതി സുസുക്കിയുടെ പ്രീമിയം കാറുകൾ വിൽക്കുന്ന നെക്‌സ ശ്രേണി വഴിയാകും ജിംനി ഇന്ത്യയില്‍ വില്പ്പനയ്ക്ക് എത്തുക. അതുകൊണ്ട് തന്നെ ഏകദേശം 10 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം. ഫോഴ്‍സ് ഗൂർഖ, മഹീന്ദ്ര താർ തുടങ്ങിയവരാണ് ജിംനിയുടെ എതിരാളികൾ.
സുസുക്കി ജിംനിയുമായി ഇന്ത്യയുടെ ബന്ധം തുടങ്ങിയത് 1980 കളിലാണ്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സി എന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.
അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ 2018ല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായിട്ടാണ് പുറത്തിറങ്ങിയത്. നാലാം തലമുറ ജിപ്‍സിയെയാണ് കമ്പനി ജിംനിയായി അവതരിപ്പിച്ചത്. ജാപ്പനീസ് ലാളിത്യം വിളിച്ചോതുന്നതാണ് ജിംനിയുടെ എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈൻ. പരമ്പരാഗത എസ്‌യുവി സങ്കല്പങ്ങൾക്ക് യോജിക്കും വിധം ബോക്‌സി ഡിസൈൻ ആണ് ജിംനിയ്ക്ക്. പുറകിലെ ഡോറിൽ ക്രമീകരിച്ചിരിക്കുന്ന സ്പെയർ വീൽ, കറുപ്പ് നിറത്തിലുള്ള അഞ്ച്-സ്ലാട്ട് മുൻ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, സൈഡ് ക്ലാഡിങ്ങുകൾ എന്നിവയും എസ്‌യുവി ഭാഷ്യം ഊട്ടിയുറപ്പിക്കുന്നു.
പിൻ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ എന്നിവയും ജിംനിയുടെ ക്ലാസിക് ഭംഗി വർദ്ധിപ്പിക്കുന്നു. ഇന്റീരിയറും ലളിതമാണ് . അതെ സമയം എംഐഡി (മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ), വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ടോഗിൾ സ്വിച്ചുകൾ എന്നിവയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ജിംനിയുടെ ഇന്റീരിയറിൽ ഇടം പിടിച്ചിട്ടുണ്ട്.
'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'