കെവൈസി ചെയ്‍തില്ലേ? നിങ്ങളുടെ വാഹനത്തിന് ഇനി ടോൾ പ്ലാസ കടക്കാനാവില്ല, ജാഗ്രത!
ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും അടക്കമുള്ള തട്ടിപ്പുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
വാഹനങ്ങളിലെ ഫാസ്‍ടാഗുകളുടെ കെവൈസി പുതുക്കാത്തവർക്ക് ഇനിമുതൽ ടോൾ പ്ലാസ കടക്കാനാവില്ല. അപൂർണ്ണമായ കെവൈസി ഉള്ള ഫാസ്‌ടാഗുകൾ ജനുവരി 31 ന് ശേഷം ബാങ്കുകൾ നിർജ്ജീവമാക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും 'വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്' പദ്ധതി ദേശീയപാതാ അതോറിറ്റി. നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും അടക്കമുള്ള തട്ടിപ്പുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഒരു ഫാസ്റ്റാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, കെ.വൈ.സി. ഇല്ലാതെ ഫാസ്റ്റാഗ് നല്‍കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തലുകള്‍. ഇതുവരെ നല്‍കിയിട്ടുള്ള ഏഴ് കോടി ഫാസ്റ്റാഗില്‍ നാല് കോടി മാത്രമാണ് ഇപ്പോള്‍ ആക്ടീവായിട്ടുള്ളത്.
ആര്‍.ബി.ഐ. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫാസ്ടാഗ് ഉപയോക്താക്കളുടെ കെ.വൈ.സി. പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത അടിസ്ഥാനവികസന സൗകര്യ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. മതിയായ ബാലൻസ് ഉണ്ടെങ്കിലും കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-നുശേഷം പ്രവര്‍ത്തിക്കില്ല.
അതാത് ബാങ്കിന്റെ ഫാസ്ടാഗ് സൈറ്റിൽ ലോഗിൻ ചെയ്ത് കസ്റ്റമർ പ്രൊഫൈൽ പരിശോധിച്ചാൽ കെവൈസി ചെയ്തതാണോ എന്ന് അറിയാൻ സാധിക്കും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഐഡി ടൈപ്, ഐഡി പ്രൂഫ് നമ്പർ, ഐഡി പ്രൂഫ് ഫോട്ടോ എന്നിവ നൽകിയാൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. പരമാവധി ഏഴ് പ്രവർത്തി ദിവസങ്ങളാണ് അപ്ഡേറ്റ് ചെയ്യാൻ വേണ്ടിവരുന്നത്. ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവ ഐഡി പ്രൂഫായും അഡ്രസ് ഫ്രൂഫായും സ്വീകരിക്കും.