രണ്ടുകോടിയുടെ വണ്ടി സ്വന്തമാക്കി സൂപ്പർഹിറ്റ് സംവിധായകൻ!
ഏകദേശം 1.57 കോടി രൂപ എക്സ് ഷോറൂം വിലയുള്ള ഈ വാഹനം നിരത്തില്‍ എത്തുമ്പോഴേക്കും രണ്ടുകോടി രൂപയ്ക്കടുത്ത് ചെലവ് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനപ്രിയ ബോളീവുഡ് സംവിധായകനായ കരണ്‍ ജോഹറിന്‍റെ ഗാരേജിലേക്ക് പുതിയൊരു ആഡംബര വണ്ടി കൂടി എത്തി. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ നിരയിലെ ഏറ്റവും വില കൂടിയ സെഡാനായ എ8 എൽ ആണ് ബോളീവുഡ് സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹർ സ്വന്തമാക്കിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 1.57 കോടി രൂപ എക്സ് ഷോറൂം വിലയുള്ള ഈ വാഹനം നിരത്തില്‍ എത്തുമ്പോഴേക്കും രണ്ടുകോടി രൂപയ്ക്കടുത്ത് ചെലവ് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
2020-ലാണ് ഏറ്റവും മികച്ച സെഡാനുകളിലൊന്നായ എ8 എല്ലിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോംഗ് വീല്‍ബേസ് മോഡലാണ് ഇന്ത്യയില്‍ എത്തുന്നത്. ഔഡി സ്പേസ്ഫ്രെയിം പ്ലാറ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തെ സിംഗിള്‍ ഫ്രെയിം ഗ്രില്ല്, ലേസര്‍ ലൈറ്റോട് കൂടിയ എച്ച്ഡി മാട്രിക്സ് എല്‍.ഇ.ഡി ഹെഡ്ലൈറ്റ്, ഒ.എല്‍.ഇ.ഡി കോമ്പിനേഷന്‍ റിയര്‍ ലൈറ്റുകള്‍, കോണ്‍ട്രാസ്റ്റിംഗ് ഗ്രേ ഫിനീഷിലുള്ള അഞ്ച് സ്പോക് 19 ഇഞ്ച് കാസ്റ്റ് അലൂമിനിയം വീലുകള്‍ തുടങ്ങിയവ വേറിട്ടതാക്കുന്നു.
3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് എ8-ന്റെ ഹൃദയം. 2995 സിസിയില്‍ 336 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും എന്‍ജിന്‍ ഉത്പാദിപ്പിക്കും. ഔഡിയുടെ എട്ട് സ്‍പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും എ8-ന്. വാഹനത്തിന്‍റെ പരമാവധി വേഗം മണിക്കൂറില്‍ 210 കിലോമീറ്ററാണ്.
വെര്‍ച്വല്‍ കോക്പിറ്റ് ഇന്റീരിയര്‍ ആണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത. ഡ്യുവല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, മസാജിങ്ങ് സംവിധാനമുള്ള സീറ്റുകള്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി ആഡംബര ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ വാഹനത്തിന്റെ അകത്തളം.
സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങി ബോളിവുഡ് സിനിമയിലെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള വ്യക്തിയായ കരണ്‍ ജോഹറിന്‍റെ ഗാരേജില്‍ ബെൻസ് എസ് ക്ലാസ്, ജഗ്വാർ എക്സ് ജെ എൽ തുടങ്ങി നിരവധി ആഡംബര കാറുകൾ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കരൺ ജോഹർ ഈ പുതിയ ലക്ഷ്വറി സെഡാൻ സ്വന്തമാക്കിയ വിവരം ഔഡി ഇന്ത്യ തന്നെയാണ് ആരാധകരെ അറിയിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona