മൂന്നാംപക്കം സങ്കടം അണപൊട്ടി; പിതാവിന്‍റെ സ്‍കൂട്ടറിൽ നിന്നും തെറിച്ച് ഓടയിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം
ഗുവാഹത്തിലിയാണ് ദാരുണസംഭവം. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഗുവാഹത്തിയിലെ അഴുക്കുചാലിൽ എട്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ അഴുക്കുചാലിലേക്ക് തെറിച്ചുവീണ എട്ടുവയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഗുവാഹത്തിലിയാണ് ദാരുണസംഭവം. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഗുവാഹത്തിയിലെ അഴുക്കുചാലിൽ എട്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസമായി തിരച്ചിൽ തുടരുയായിരുന്നു. വീണുകിടക്കുന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാതാപിതാക്കൾ തിരിച്ചറിഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം ഗുവാഹത്തിയിലെ മലയോര പ്രദേശമായ ജ്യോതിനഗർറിലാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിതാവായ ഹീരാലാലിൻ്റെ സ്‌കൂട്ടറിൽ നിന്ന് അഭിനാഷ് എന്ന കുട്ടി പെട്ടെന്ന് തെറിച്ച് താഴെ വീണത്. കനത്ത മഴയ്ക്കിടയിൽ, അഭിനാഷ് പിതാവിനൊപ്പം കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുുകയായിരുന്നു. സ്‍കൂട്ടർ തെന്നുകയും പിന്നിൽ ഇരുന്ന അഭിനാഷ് തെറിച്ച് തുറന്ന ഓടയിലേക്ക് വീഴുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകൾ. അച്ഛൻ്റെ കൈ പിടിക്കാൻ ശ്രമിച്ചെങ്കിലും ഓടയിലെ ശക്തമായ ഒഴുക്കിനെ തുടർന്ന് കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. ഒന്നോ രണ്ടോ തവണ തൻ്റെ മകൻ്റെ കൈ അഴുക്കുചാലിൽ കണ്ടെന്നും അത് പിടിക്കാൻ അഴുക്കുചാലിലേക്ക് ചാടിയെന്നും പക്ഷേ പരാജയപ്പെട്ടുവെന്നും പിതാവ് ഹീരാലാൽ പറയുന്നു.
സംഭവത്തെത്തുടർന്ന് അധികൃതർ വിവിധ യന്ത്രങ്ങളുടെയും സ്നിഫർ നായ്ക്കളുടെയും സഹായത്തോടെ കഴിഞ്ഞ മൂന്നുദിവസങ്ങളായി തിരച്ചിൽ നടത്തിവരികയായിരുന്നു. വൻ പരിശ്രമത്തിനിടെ പിതാവ് ഹീരാലാലിന് മകൻ്റെ ചെരുപ്പ് കണ്ടെത്തി. പരിശോധനയ്ക്കായി ഈ ചെരുപ്പുകൾ പോലീസിന് കൈമാറി.
എസ്‌ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെൻ്റ്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുൾപ്പെടെ നിരവധി ഏജൻസികൾ തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പലയിടത്തും കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് ഓട അടച്ചിരുന്നു. തുടർന്ന് ഈ സ്ലാബുകൾ നീക്കി കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു.
കുട്ടികളുമായി ഇരുചക്ര വാഹന യാത്ര ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
കുട്ടികളുമായി ടൂവീലറിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും അവരെ ഹെൽമറ്റ് ധരിപ്പിക്കുക. വിപണിയില്‍ 700 രൂപയിൽ തുടങ്ങുന്ന കുട്ടി ഹെല്‍മറ്റുകള്‍ ലഭിക്കും. മൂന്നു വയസ്സ് മുതലുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഹെൽമറ്റുകളും ലഭ്യമാണ്. വിവിധ നിറങ്ങളിൽ ഹാഫ് ഫെയിസ്, ഫുൾ ഫെയ്സ് ഹെൽമറ്റുകൾ വിപണിയിലുണ്ട്. പറ്റുമെങ്കില്‍ ഫുള്‍ ഫെയിസ് ഹെല്‍മറ്റ് തന്നെ വാങ്ങുക. നിലവിൽ നിയമപ്രകാരം നാലുവയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. നിയമത്തെ മാനിക്കുന്നതിനൊപ്പം നമ്മുടെ വില പിടിച്ച സമ്പാദ്യങ്ങളായ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കരുതിയെങ്കിലും കുട്ടി ഹെല്‍മറ്റുകള്‍ നിര്‍ബന്ധമായും വാങ്ങി ധരിപ്പിക്കുക.
ഹെൽമെറ്റിൽ ശ്രദ്ധിക്കാൻ
ഇനി മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഹെല്‍മറ്റില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
- ഐഎസ്ഐ മുദ്രയുള്ള ഹെൽമെറ്റുകള്‍ ഉറപ്പാക്കുക
- വിലക്കുറവിനെക്കാൾ ഗുണനിലവാരത്തിന് പരിഗണന നൽകുക
- ചട്ടി പോലെയുള്ള ഹെല്‍മറ്റുകള്‍ ഗുണം ചെയ്യില്ല
- ഹെൽമെറ്റ് തെറിച്ചുപോകാതിരിക്കാൻ സ്ട്രാപ്പ് ഇടുക
സേഫ്റ്റി ഹാര്‍നെസുകള്‍
അതുപോലെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ചെയ്യാവുന്ന മറ്റൊരു മാർഗമാണ് സേഫ്റ്റി ഹാര്‍നെസുകള്‍. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ റൈഡറുടെ ശരീരവുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ, കുട്ടി ഉറങ്ങിപ്പോകുക തുടങ്ങിയ സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഈ സംവിധാനം സഹായിക്കും.
വേഗത
നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്പീഡിൽ കൂടാൻ പാടില്ലെന്നും നിയമം ഉണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അടുത്തിടെ അവതരിപ്പിച്ച ചട്ടത്തിൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി. നിയമം അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.