ബസുകളില്‍ നിന്നും കൊവിഡിനെ തുരത്താന്‍ അള്‍ട്രാ വയലറ്റ് വിദ്യയുമായി ചൈന
ഇതിനായി ബസുകളിലും മറ്റും അൾട്രാവയലറ്റ് ലൈറ്റുകള്‍ പ്രകാശിപ്പിച്ച് അണുവിമുക്തമാക്കാനുള്ള ശ്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാജ്യം
മാരകമായ കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമാണ് ചൈന. മഹാമാരിയില്‍ നിന്നും രാജ്യം കര കയറിക്കൊണ്ടിരിക്കുകയാണ്. വൈറസിന്‍റെ അവശേഷിപ്പുകള്‍ അടിമുടി മായ്‌ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈനയിലെ പൊതുഗതാഗത സംവിധാനത്തിന്‍റെ ഭാഗമായ ബസുകള്‍ ശുചീകരിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് പ്രയോഗിക്കുന്നത്.
ഇതിനായി ബസുകളിലും മറ്റും അൾട്രാവയലറ്റ് ലൈറ്റുകള്‍ പ്രകാശിപ്പിച്ച് അണുവിമുക്തമാക്കാനുള്ള ശ്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാജ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. 3,100 ൽ അധികം ആളുകൾക്ക് ജീവന്‍ നഷ്‍ടമാകുന്നതിന് ഇടയാക്കിയ വൈറസിനെ തടയുന്നതിനുള്ള കർശനമായ നടപടികൾ സ്വീകരിക്കാൻ കമ്പനികൾ സമ്മർദ്ദത്തിലാണെന്നും അതുകൊണ്ട് തന്നെ എല്ലാം വൃത്തിയായി സൂക്ഷിക്കാൻ പലരും പുതിയ സാങ്കേതികവിദ്യയിലേക്ക് തിരിയുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അൾട്രാവയലറ്റ് ക്ലീനിംഗ് സംവിധാനം ഉപോയിഗിച്ച് ബസുകളുടെ ഉള്‍ഭാഗം വൃത്തിയാക്കാന്‍ വെറും അഞ്ച് മിനിറ്റ് മതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാല്‍പ്പത് മിനിട്ടോളം വേണ്ടി വരുന്നിടത്താണ് ഇത്. 210ല്‍ അധികം യുവി ട്യൂബുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഒരു അറയിലേക്ക് ബസ് ഓടിച്ചു കയറ്റും. തടര്‍ന്ന് ഡ്രൈവര്‍ മുറിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാവും അൾട്രാവയലറ്റ് ക്ലീനിംഗ് സംവിധാനം ഓണാക്കുക. ഇതോടെ വാഹനം നീല-വെള്ള നിറത്തിൽ കുളിക്കും.
ബസുകള്‍ ക്ലീന്‍ ചെയ്യുന്നതിനായി യാങ്‌ഗാവോ പ്രവശ്യയില്‍ മാത്രം രണ്ട് ക്ലീനിംഗ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോന്നിലും 250 ബസുകൾ വരെ അണുവിമുക്തമാക്കാം. ദിനംപ്രതി ആയിരത്തോളം ബസുകൾക്ക് അണുവിമുക്തമാക്കൽ ആവശ്യമുള്ളതിനാൽ, യുവി സംവിധാനം സ്റ്റാഫ് ഓവർടൈമും സാധാരണ പൊതുഗതാഗത അണുവിമുക്തമാക്കുന്നതിന് ആവശ്യമായ മനുഷ്യശക്തിയും കുറച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഈ അള്‍ട്രാ വയലറ്റ് രശ്‍മികള്‍ മനുഷ്യ ശരീരത്തിന് ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. കൈകളോ ചർമ്മത്തിന്റെ മറ്റ് ഭാഗങ്ങളോ അണുവിമുക്തമാക്കാൻ യുവി ലൈറ്റുകൾ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്ലീനിംഗ് മുറികള്‍ അടച്ചിട്ട ശേഷം പുറത്തു നിന്നാണ് ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത്.