ഓണാഘോഷത്തിന് കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി അപകട യാത്ര; അച്ഛൻ അറസ്റ്റില്‍
മേനകുളം മുതൽ വെട്ടുറോഡ് റൂട്ടിലാണ് ഇന്നലെ കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ നിലയിൽ ആഘോഷയാത്ര നടത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: കുട്ടിയെ വാഹനത്തിന്‍റെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര നടത്തിയതിന് ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മേനകുളം മുതൽ വെട്ടുറോഡ് റൂട്ടിലാണ് ഇന്നലെ കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ നിലയിൽ ആഘോഷയാത്ര നടത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ തുറന്ന ജീപ്പിന്‍റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാർ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ആറ്റിങ്ങലിൽ നിന്നും വാടകയ്ക്കെടുത്ത ജീപ്പിലായിരുന്ന യാത്ര. കഴക്കൂട്ടം സ്വദേശി ഹരികുമാറാണ് വാഹനമോടിച്ചത്. വാഹനതിലുണ്ടായ കഴക്കൂട്ടം സ്വദേശി സോജുവിന്‍റെ മകനെയാണ് ജീപ്പിന്‍റെ ബോണറ്റിലിരുത്തിയത്. പല വട്ടം അമിത വേഗത്തിൽ സംഘം വാഹനമോടിച്ചു. സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മേനംകുളം വാടിയിൽ നിന്നും ഇന്ന് രാവിലെ ജീപ്പ് കസ്റ്റഡിലെടുത്തു. ജീപ്പ് ഡ്രൈവർക്കും കുട്ടിയുടെ അച്ഛനുമെതിരെ കുട്ടിയുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിന് കേസുമെടുത്തിട്ടുണ്ട്.