ലൈസൻസില്ല, പെണ്‍കുട്ടികൾ ഉള്‍പ്പെടെ വണ്ടികളുമായി റോഡില്‍; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു!
സംസ്ഥാനത്ത് ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ കേസുകൾ ഓരോ ജില്ലയിലും കൂടി വരുന്നതായി പോലീസും മോട്ടോർ വാഹനവകുപ്പും പറയുന്നു.
കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കൾ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. 18 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുന്നതായും കുട്ടികൾ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ കേസുകൾ ഓരോ ജില്ലയിലും കൂടി വരുന്നതായി പോലീസും മോട്ടോർ വാഹനവകുപ്പും പറയുന്നു. പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച കേസിൽ പിതാവിന് കാസർകോട് സിജെഎം കോടതി അടുത്തിടെ തടവ് ശിക്ഷ വിധിച്ചിരുന്നു. മൂത്തമകന് വേണ്ടി വാങ്ങിയ വണ്ടി പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൻ ഓടിക്കുന്നതിനിടെ പോലീസ് പിടികൂടി. തുടര്‍ന്നാണ് രക്ഷിതാവ് ജയിലിൽ കഴിയേണ്ടിവന്നത്.
കണ്ണൂരില്‍ ബൈക്കിൽ കറങ്ങി ആറാം ക്ലാസുകാരൻ, പിഴയടച്ച് അച്ഛന്‍റെ കീശകീറി!
ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയായ രക്ഷിതവായിരുന്നു ആ നിര്‍ഭാഗ്യവാനായ വാഹന ഉടമ. ഇദ്ദേഹത്തിന് 25,000 രൂപ പിഴയടയ്ക്കാൻ ആയിരുന്നു കോടതി ആദ്യം ശിക്ഷിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ കയ്യില്‍ 5000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ പിഴയ്ക്ക് പകരം ആറുമാസത്തെ തടവിന് വിധിച്ചു. പിന്നീട് പ്രതിയുടെ പ്രായവും അവസ്ഥയും പരിഗണിച്ച് തടവ് 15 ദിവസമാക്കി ചുരുക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചതിനാല്‍ വിദേശത്തുള്ള രക്ഷിതാക്കള്‍ കേസിൽ കുടുങ്ങിയ കേസുകൾ പല ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മോട്ടോർ വാഹനനിയമത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതികൾ 2019-ലാണ് നിലവിൽ വന്നത്. ഇതിനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താൽ വാഹനം നൽകിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവർഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് പിന്നെ ഏഴുവർഷം കഴിഞ്ഞ് മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. അതായത് 18 വയസ് ആയാലും ലൈസൻസ് കിട്ടില്ല എന്നു ചുരുക്കം.
രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത (മോട്ടോർ വാഹനങ്ങളായി കണക്കാക്കാത്ത) വൈദ്യുതി ഇരുചക്രവാഹനങ്ങളിൽ ചിലതു മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ നിരത്തില്‍ ഓടിക്കാൻ സാധിക്കുകയുള്ളു. മോട്ടോർശേഷി 250 വാട്ട്‌സിൽ കുറഞ്ഞ വാഹനങ്ങൾ ഓടിക്കാൻ വയസ്സോ ലൈസൻസോ ബാധകം അല്ലെന്നും മോട്ടോർവാഹനവകുപ്പ് പറയുന്നു.
മൈസൂരു- ബെംഗളൂരു സൂപ്പര്‍ഹൈവേ റെഡി; ടോള്‍ നിരക്കില്‍ കണ്ണുതള്ളി സോഷ്യല്‍ മീഡിയ; എന്താണ് വാസ്‍തവം?
അതേസമയം ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ വാഹനം ഓടിക്കും എന്നത് വലിയ നേട്ടമായി കാണുന്നവരാണ് പല രക്ഷിതാക്കളും. ഇത്തരം ചില കുട്ടി ഡ്രൈവിംഗുകളുടെ വീഡിയോ ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരം സാഹസങ്ങളുടെ അപകടം പലരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയിൽ, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും റോഡിൽ മോട്ടോർ വാഹനം ഓടിക്കുന്നതിനുമുള്ള നിയമപരമായ പ്രായം 18 വയസാണ്. ഈ വയസ് നിലനിർത്തുന്നതിന്റെ പ്രധാന കാരണം പ്രധാനമായും ഡ്രൈവിംഗ് ഒരു ലളിതമായ ജോലിയല്ല എന്നതാണ്. റോഡിൽ ഒരു വാഹനം ഓടിക്കുന്നത് പക്വതയും ഉത്തരവാദിത്തവും ആവശ്യമുള്ള ഒരു പ്രവർത്തനമാണ്. നമ്മുടെ രാജ്യത്ത് പ്രായപൂർത്തിയാകാത്ത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാത്തതിന്റെയും നിയമവിരുദ്ധമായതിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസുവരെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് അടുത്തിടെ കോടതിവിധിയും വന്നിരുന്നു.