വാടകയ്ക്കെടുത്ത ട്രെയിനിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്, ചെലവ് 60 ലക്ഷം

17 സ്ലീപ്പർ കോച്ച്, മൂന്ന് എ.സി. കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനില്‍ ഉള്ളത്

Chartered Train For IUML Platinum Jubilee Celebrations prn

ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ അവസാനവട്ട ഒരുക്കത്തിലാണ്  ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്.   സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാൻ ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുകയാണ് മുസ്‌ലിം ലീഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്. ട്രെയിൻ വാടകയ്ക്കെടുത്ത് പ്രവർത്തകരെ സമ്മേളനനഗരിയിലേക്ക് എത്തിക്കുന്നത് അപൂർവമാണ്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് ട്രെയിൻ എടുത്തിരിക്കുന്നത്. 

17 സ്ലീപ്പർ കോച്ച്, മൂന്ന് എ.സി. കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനില്‍ ഉള്ളത്. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്‍ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്‌ ഈ ചാര്‍ട്ടേഡ് ട്രെയിൻ പുറപ്പെടും.  കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇവിടങ്ങളിൽനിന്ന് പാർട്ടിപ്രവർത്തകർ ട്രെയിനില്‍ കയറും. 1416 പ്രവർത്തകർക്ക് ഈ ട്രെയിനില്‍ യാത്രചെയ്യാം.  ട്രെയിൻ വെള്ളിയാഴ്ച രാവിലെ ചെന്നൈ എഗ്‌മോറിലെത്തും. അവിടെനിന്ന് തമിഴ്‌നാട് സർക്കാർ ബസിൽ പ്രവർത്തകരെ സമ്മേളനനഗരിയായ രാജാജിഹാളിൽ എത്തിക്കും.  75 വർഷം മുൻപ്‌ ഖ്വായിദ്-ഇ-മില്ലത്ത് പാർട്ടിക്ക് രൂപം നൽകിയത് ഇവിടെയായിരുന്നു.  തമിഴ്‌നാട് സർക്കാരിന്റെ 30 ബസുകളാണ് ബുക്ക് ചെയ്‍തിട്ടുള്ളത്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് ഇതേ ചാര്‍ട്ടേഡ് ട്രെയിൻ തിരിച്ച് പ്രവർത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.

രാത്രി യാത്ര സുഖകരമാക്കാൻ ഇന്ത്യൻ റെയില്‍വേ, ഇതാ പുതിയ രാത്രി നിയമങ്ങള്‍! 

അതേസമയം ചെന്നൈയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ദേശീയ തലത്തിൽ മതേതര ചേരിക്ക് ശക്തി പകരുന്ന ആശയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയാവുകയെന്ന് നേതാക്കള്‍ പറയുന്നു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ലീഗിന്റെ ഭാവി തന്നെ നിര്‍ണ്ണയിക്കുന്ന തീരുമാനങ്ങള്‍ പ്ലാറ്റിനം ജൂബിലിയില്‍ കൈക്കൊള്ളുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഒരു വര്‍ഷം നീളുന്നതാണ് പ്ലാറ്റിനം ജൂബിലി ആഘോഷം.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 700 പ്രതിനിധികളുണ്ടാകും. ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ജനപ്രതിനിധികള്‍ നിയോജകമണ്ഡലം പ്രസിഡന്‍റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് പങ്കെടുക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുകള്‍ കൂടുപതല്‍ ഉറപ്പിക്കാനുള്ള നയപരിപാടികള്‍ ചര്‍ച്ചയാകും. യുപിഎയെ ശക്തിപ്പെടുത്തുന്ന ആശയങ്ങള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. 

സമ്മേളനത്തിന്റെ ഭാഗമായി പത്താം തിയ്യതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയില്‍ സംസ്ഥാനത്തു നിന്നും കാല്‍ ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും.

Latest Videos
Follow Us:
Download App:
  • android
  • ios