ഇത് ഗുണ്ടായിസം, കൈകൂപ്പി യാചിച്ചിട്ടും വിട്ടില്ല; വയോധികരെ കാറുമായി ക്രെയിനിൽ ഉയർത്തി പാർക്കിംഗ് കരാറുകാർ!
പാർക്കിംഗ് കരാ കമ്പനിയുടെ ജീവനക്കാർ കാറിൽ ഇരിക്കുന്ന പ്രായമായവരോട് മോശമായി പെരുമാറുകയും അവരുടെ കാർ ക്രെയിൻ ഉപയോഗിച്ച് ബലമായി ഉയർത്തി നീക്കുകയുമായിരുന്നു.
നോ പാർക്കിങ്ങിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഉണ്ടായിരുന്ന ദമ്പതികളെ പാർക്കിംഗ് കരാർ കമ്പനിയുടെ ജീവനക്കാർ കാറിനൊപ്പം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി നീക്കി. നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ നോയിഡ ട്രാഫിക് പോലീസ് നടപടിയെടുക്കുകയും ക്രെയിൻ പിടിച്ചെടുക്കുകയും ചെയ്തു. പാർക്കിംഗ് ഏജൻസി, ക്രെയിൻ ഡ്രൈവർ, സഹായി എന്നിവർക്കെതിരെ സെക്ടർ-49 കോട്വാലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്‍തു എന്നുമാണ് റിപ്പോര്‍ട്ടുകൾ.
നോയിഡ സെക്ടർ-50ൽ ആണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവം നടന്നത്. പാർക്കിംഗ് കമ്പനി ജീവനക്കാർ കാറിൽ ഇരിക്കുന്ന പ്രായമായവരോട് മോശമായി പെരുമാറുകയും അവരുടെ കാർ ക്രെയിൻ ഉപയോഗിച്ച് ബലമായി ഉയർത്തി നീക്കുകയുമായിരുന്നു. വൃദ്ധനായ വിശ്വജിത്ത് മജുംദാർക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. തൻ്റെ കാർ സെക്ടർ 50 മാർക്കറ്റിന് സമീപമുള്ള പ്രധാന റോഡിൽ നിർത്തി എടിഎമ്മിൽ നിന്ന് പണം എടുക്കാൻ പോയതായിരുന്നു അദ്ദേഹം. ഈ സമയം കാറിൽ ഭാര്യയുടെ സഹോദരി ഇരിക്കുന്നുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോൾ പാർക്കിംഗ് കരാറുകാരായ എംജി ഇൻഫ്രാ സൊല്യൂഷൻ്റെ ജീവനക്കാർ കാർ സെക്ടർ-32 ലോജിക്‌സ് മാൾ പാർക്കിംഗിലേക്ക് അനധികൃതമായി ബലമായി വലിച്ചിഴച്ചു. ഇതിനിടെ വിശ്വജിത്ത് ഓടി കാറിൽ കാറിൽ കയറി. ഭാര്യയുടെ സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃദ്ധനായ വിശ്വജിത്ത് പറഞ്ഞു. താൻ ഹൃദ്രോഗിയാണെന്നും അതിനാലാണ് എടിഎമ്മിൽ നിന്ന് പണം എടുക്കാൻ നിർത്തിയതെന്നും എത്രയും വേഗം ആശുപത്രിയിലേക്ക് പോകാൻ കാർ വിടണമെന്നും ജീവനക്കാരോട് കൈ കൂപ്പി കരഞ്ഞുപറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ പാർക്കിംഗ് കരാറുകാരനും ജീവനക്കാർക്കുമെതിരെ സെക്ടർ-49 പോലീസ് സ്റ്റേഷനിൽ നോയിഡ അതോറിറ്റി കേസെടുത്തു. പാർക്കിങ് കമ്പനിക്ക് 50,000 രൂപ പിഴ ചുമത്തി. സെക്ടർ-50 ഏരിയയിൽ ഉപരിതല പാർക്കിംഗ് നടത്തിപ്പിൻ്റെ ചുമതല എംജി ഇൻഫ്രാ സൊല്യൂഷൻസിന് നോയിഡ അതോറിറ്റി ജനുവരി 29ന് നൽകിയിരുന്നു. നഗരത്തിലെ രണ്ട് ഡസനോളം സ്ഥലങ്ങളിൽ പാർക്കിംഗ് നടത്താനുള്ള ചുമതല ഈ കമ്പനിക്കുണ്ട്.
പ്രായമായ ഇരുവരോടും പാർക്കിങ് ജീവനക്കാർ മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നാണ് ആരോപണം. ഡൽഹിയിലെ മണ്ഡവാലി സ്വദേശിയായ പാർക്കിംഗ് കോൺട്രാക്ടർ പ്രവീൺ ഗുപ്ത, കോണ്ട്‌ലി ഡൽഹി സ്വദേശി അനുരാഗ് കുമാർ, സലാർപൂർ നോയിഡ സ്വദേശി വിനീത് കൗശിക് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പാർക്കിംഗ് കരാറുകാരനിൽ നിന്ന് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും ഈ പ്രവൃത്തിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നോയിഡ അതോറിറ്റി അധികൃതർ പറഞ്ഞു. ഇതിനുപുറമെ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനും നീക്കമുണ്ട്. ഇതിനായി കരാർ റദ്ദാക്കുന്നതിന് മുമ്പ് കമ്പനിക്ക് നോട്ടീസ് നൽകുകയും ഒരാഴ്ചക്കകം വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഈ പാർക്കിംഗ് കമ്പനിയിലെ ജീവനക്കാർക്കെതിരെ നോയിഡ എൻ്റർപ്രണർ അസോസിയേഷൻ മാർച്ച് 12 ന് നോയിഡ അതോറിറ്റി സിഇഒയ്ക്ക് പരാതി നൽകിയിരുന്നു. പരാതി ലഭിച്ചയുടൻ ഡിജിഎം ട്രാഫിക് സെൽ എസ്പി സിംഗ് പാർക്കിംഗ് കരാറുകാരനുമായും സർക്കിൾ-1 സീനിയർ മാനേജരുമായും ചർച്ച നടത്തിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഭാവിയിൽ ചെയ്യരുതെന്ന് പാർക്കിംഗ് കരാറുകാരന് യോഗത്തിൽ മുന്നറിയിപ്പ് നൽകി. ഇത് വകവെക്കാതെയാണ് ജീവനക്കാർ വീണ്ടും ഗുണ്ടാപ്രവർത്തനം നടത്തിയത്. അതേസമയം നോയിഡ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാർക്കിങ് കരാറുകാർ നഗരത്തിൽ അനധികൃത പിരിവ് നടത്തുന്നതായും ആക്ഷേപമുണ്ട്.