കയ്യേറ്റം ഭയന്ന് മരണത്തിലേക്ക് ഓടിക്കയറിയ ബസ് ഡ്രൈവർ, നടുക്കം മാറാതെ നാട്ടുകാർ..
വഴിയാത്രികന് പരിക്കേല്‍ക്കാനാടിയാക്കിയ സംഭവത്തില്‍ ദേഹോപദ്രവം ഭയന്ന് ഓടിയ ബസ് ഡ്രൈവര്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ നാട്ടുകാർ.
റോഡപകടത്തില്‍ വഴിയാത്രികന് പരിക്കേല്‍ക്കാനാടിയാക്കിയ സംഭവത്തില്‍ ദേഹോപദ്രവം ഭയന്ന് ഓടിയ ബസ് ഡ്രൈവര്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ നാട്ടുകാർ. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. ബസ് ഡ്രൈവർ ജിജിത്ത് ഭയന്ന് ഓടിക്കയറിയത് മരണത്തിലേക്കായിരുന്നു. ശനിയാഴ്ച വൈകീട്ട് 6.30-ഓടെ തലശ്ശേരി-മാഹി ദേശീയപാതയില്‍ പെട്ടിപ്പാലം കള്ളുഷാപ്പിന് സമീപമാണ് തലശ്ശേരി-വടകര റൂട്ടിലോടുന്ന ബസ് കാല്‍നടയാത്രക്കാരനായ മുനീറിനെ ഇടിച്ചത്.
മത്സ്യത്തൊഴിലാളിയായ മുനീറിന് ബസിടിച്ച് പരിക്കേറ്റതോടെ ഓടിക്കൂടിയ നാട്ടുകാർ ബസ് തടയുകയും അക്രമാസക്തരാവുകയും ചെയ്തു. ബസിലെ കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും മര്‍ദനമേറ്റതായി ദൃക്സാക്ഷികള്‍ പറയുന്നു. സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസാണ് ഇവരെ ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷിച്ചത്. ബസ് കണ്ടക്ടര്‍ ബിജീഷിനേയും ക്ലീനര്‍ സനലിനേയും മാക്കൂട്ടം തീരദേശപോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഈ സമയം ജനക്കൂട്ടത്തേ ഭയന്ന് റോഡിലൂടെ തലശ്ശേരി ഭാഗത്തേക്ക് ഓടുകയായിരുന്നു ജിജിത്ത്. റോഡിലൂടെ ജിജിത്ത് ഓടുന്നതും ജിജിത്തിനെ ആളുകള്‍ പിന്തുടരുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആളുകള്‍ ഓടിച്ച ജിജിത്ത് തൊട്ടടുത്തുള്ള റെയില്‍പ്പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. തന്‍റെ മരണത്തിലേക്കുള്ള പാതയാണിതെന്ന് അറിയാതെയായിരുന്നു ഈ ഓട്ടം.
റോഡിന്റെ ഒരു ഭാഗത്ത് പെട്ടിപ്പാലം കോളനിയും മറുഭാഗത്ത് റെയില്‍പ്പാളവുമാണ്. പിറകില്‍ ആളുകള്‍ പിന്തുടരുന്നുണ്ടോയെന്ന് തിരിഞ്ഞു നോക്കിക്കൊണ്ടാവണം ജിജിത്ത് റെയില്‍പ്പാളം മുറിച്ചുകടന്നത്. ഈ സമയം രണ്ടാമത്തെ പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മെമു തീവണ്ടി ജിജിത്തിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
എന്നാല്‍ അപകടത്തെതുടര്‍ന്ന് കാല്‍നട യാത്രക്കാരന്‍ ബസിന്‍റെ അടിയിലേക്കാണ് വീണതെന്നും ഇത് കണ്ട് ഭയന്നാണ് ഡ്രൈവര്‍ ബസില്‍നിന്നും വേഗമിറങ്ങി സ്ഥലത്തുനിന്നും മാറാന്‍ ശ്രമിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ജനക്കൂട്ടം ആക്രമിക്കുമെന്ന് കരുതിയാണ് ഡ്രൈവര്‍ ജീജിത്ത് ഓടിയതെന്നും നാട്ടുകാർ പറയുന്നു. റോഡും റെയില്‍വെ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
വടകര- തലശ്ശേരി റൂട്ടിലെ ശ്രീഭഗവതി, സൗഹൃദ തുടങ്ങിയ ബസുകളിലെ ഡ്രൈവറായിരുന്നു ജിജിത്ത്. 20 വര്‍ഷത്തിലേറെയായി ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അപകടമുണ്ടാക്കിയ ബസും തീരദേശ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ മുനീര്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ ചികിത്സയിലാണ്.