അഞ്ചാംനില ഫ്ലാറ്റിന്‍റെ അടുക്കളയില്‍ സ്‍കൂട്ടറുമായി യുവാവ്, കാരണം ഇതാണ്!
ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിലെ അടുക്കളയില്‍ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ എത്തിച്ച് യുവാവ്
ഇലക്ട്രിക് വാഹന വിപ്ലവത്തിനാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പല കമ്പനികളും ഇപ്പോള്‍ ഇലക്ട്രിക്ക് പാതയിലാണ്. ഉപഭോക്താക്കളും ഇതേ ചുവടുതന്നെയാണ് വയ്ക്കുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങൾ കൂടുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളും വികസിക്കണം എന്നതും വസ്‍തുതയാണ്. ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ വാർത്തയാകുകയാണ് ഉടമകളുടെ പ്രതിസന്ധികളും. ഇത്തരത്തില്‍ ബംഗളുരുവിലെ ഒരു യുവാവിനുണ്ടായ അനുഭവം ആണ് ഇപ്പോള്‍ വാഹനലോകത്തും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നത്.
വിഷ് ഗന്ധി എന്ന യുവാവ് തന്‍റെ ഏഥര്‍ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിലെ അടുക്കളയില്‍ എത്തിച്ച് ചാര്‍ജ്ജ് ചെയ്‍ത സംഭവമാണ് വൈറലാകുന്നത്. ഫ്ലാറ്റിന്റെ പാർക്കിങ് സ്പെയ്‍സിൽ ഒരു ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതില്‍ പരതിഷേധിച്ചായിരുന്നു യുവാവിന്‍റെ ഈ നടപടി എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവ് തന്നെയാണ് താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുറത്തുവിട്ടതും.
ബന്നാർഘട്ട റോഡിലെ ഹുളിമാവിലാണ് സംഭവം നടന്ന അപ്പാർട്ട്മെൻറ് സമുച്ചയം. ജിഎം ഓട്ടോഗ്രിഡ് ഇന്ത്യ വൈസ് പ്രസിഡൻറായ വിഷ് ഗന്ധിയാണ് തന്‍റെ അനുഭവം പങ്കുവച്ചത്. നാല് മാസമായി തന്‍റെ അപ്പാർട്ട്മെൻറ് കമ്മ്യൂണിറ്റിയെ ഇത് പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയാണെന്നും എന്നിട്ടും ഒരു ചാർജിങ് പോയിൻറ് സ്ഥാപിക്കാൻ അവർ അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു. റസിഡൻസ് അസോസിയേഷനുമായി ഏറെ സംസാരിച്ചെങ്കിലും ചാർജിങ് പോയിന്റ് ലഭ്യമാക്കാൻ അവർ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് തന്‍റെ ഇലക്ട്രിക്ക് സ്കൂട്ടർ എലിവേറ്ററിൽ കയറ്റി അഞ്ചാം നിലയിലെ അപ്പാർട്ട്മെൻറിലേക്ക് കൊണ്ടുവന്ന് അടുക്കളയിൽ ചാർജ് ചെയ്യേണ്ടിവന്നുവെന്നും വിഷ് ഗന്ധി പറയുന്നു. അടുക്കളയിൽ ഏഥർ ചാർജ് ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യയിലെ ഇ വി തലസ്ഥാനമായ ബംഗളൂരുവിലാണ് ഈ ദുരവസ്ഥ നേരിട്ടതെന്നും ഇങ്ങനെയൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വിഷ് ഗന്ധി കുറിക്കുന്നു.
'ഇ.വി ചാർജിങ് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരേയും ബോധവത്കരിക്കേണ്ടതുണ്ട്. ഞങ്ങൾ അടുത്തിടെ ഇന്ത്യയ്‌ക്കായി ഇ.വി ചാർജിങ് ഹാൻഡ്‌ബുക്ക് പുറത്തിറക്കി. പക്ഷേ, ഒരു ഇ.വിയുമായി ജീവിക്കുന്നതിന്റെ സങ്കീർണതകൾ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളും സാധാരണക്കാരും എങ്ങനെ മനസിലാക്കുന്നു എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു'-വിഷ് ഗന്ധി പറയുന്നു.
എന്നാല്‍ യുവാവിന് സ്വന്തമായി പാർക്കിംഗ് സ്ഥലം ഇല്ലായിരുന്നതുകൊണ്ടാണ് ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ അനുവാദം നൽകാതിരുന്നതെന്നാണ് റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പറയുന്നത്. സമുച്ചയത്തിലെ 300 താമസക്കാരിൽ മൂന്നുപേർക്ക് മാത്രമാണ് ഇലക്ട്രിക് സ്കൂട്ടറുകൾ ഉള്ളതെന്നും അവയിൽ രണ്ടെണ്ണം മാറ്റാവുന്ന ബാറ്ററികൾ ഉള്ളതിനാൽ അവരവരുടെ വീടുകളില്‍ കൊണ്ടുപോയി ചാർജ് ചെയ്യുന്നുവെന്നും അവര്‍ പറയുന്നു. തങ്ങള്‍ക്ക് ഒരു ചാർജിങ് പോയിൻറ് ഇല്ലാത്തപ്പോൾ, എങ്ങനെയാണ് പാര്‍ക്കിംഗ് സൌകര്യം പോലും ഇല്ലാത്തവര്‍ക്ക് ഈ സൗകര്യം നൽകുകയെന്നും അവര്‍ ചോദിക്കുന്നു. താമസക്കാർക്ക് യഥാസമയം ചാർജിങ് ഇൻഫ്രാസ്ട്രക്ചർ നൽകാൻ പദ്ധതിയിടുന്നുണ്ടെന്നും പക്ഷേ അതിന് കുറച്ച് സമയമെടുക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona