ഇത് വെറും സൂപ്പറല്ല, ഒരു ഒന്നൊന്നര റോഡ് തന്നെ! 10 പാലങ്ങള്‍, 122 കള്‍വര്‍ട്ടുകള്‍, ബസ് ബേ അടക്കം സൗകര്യങ്ങൾ
കോഴിക്കോട്, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു
കോഴിക്കോട്: കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 10 പാലങ്ങള്‍, 122 കള്‍വര്‍ട്ടുകള്‍, 25.5 കി.മീ നീളത്തില്‍ അരികുചാല്‍ നിര്‍മ്മാണം, 3793 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി, വിവിധ ജംഗ്ഷനുകളുടെ നവീകരണം, 56 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ബസ് ബേകള്‍ എന്നിങ്ങനെ ആധുനിക നിലവാരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
കോഴിക്കോട്, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു. ഇന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എന്നിവർ ചേർന്ന് ഈ റോഡിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികൾക്കും സഹകരിച്ച ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ചെറുതോണി പാലത്തിന്‍റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്‍റെയും ഉദ്ഘാടനം ഇന്ന് നടക്കും. അരികൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍ - ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കിൽ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. ഇന്ന് കേന്ദ്ര മന്ത്രി നിധിന് ഗഡ്കരിയാണ് രണ്ടും ഉദ്ഘാടനം ചെയ്യുന്നത്. പ്രളയകാലത്ത് ഒരു കുഞ്ഞിന്‍റെ ജിവനുമായി ഓടുന്ന ദൃശ്യം ആരും മറക്കില്ല.
ചെറിയ പാലമായതും പെട്ടന്നു വെള്ളം കയറുന്നതുമായിരുന്നു ഇതിന്‍റെയെല്ലാം കാരണം. 40 മീറ്റർ ഉയരത്തിൽ മൂന്ന് സ്പാനുകളിലായി നിർമിക്കുന്ന പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്ററാണ് വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് 20 കോടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം