അരിക്കൊമ്പന് ശേഷം റോബിനോ, എന്താണ് യതാര്‍ത്ഥ പ്രശ്നം? നിയമം ലംഘിക്കുന്നത് എംവിഡിയോ റോബിൻ ബസോ!
അരിക്കൊമ്പന് ശേഷമാര് എന്ന ചോദ്യത്തിന് കേരളത്തിന് ഒരുത്തരം കിട്ടിയിരിക്കുകയാണ്, റോബിൻ. അങ്ങനെയാണോ കാര്യങ്ങൾ. റോബിനാണ് ഇപ്പോൾ ഒരു കൂട്ടം മലയാളികളുടെ പുതിയ ഹീറോ
അരിക്കൊമ്പന് ശേഷമാര് എന്ന ചോദ്യത്തിന് കേരളത്തിന് ഒരുത്തരം കിട്ടിയിരിക്കുകയാണ്, റോബിൻ. അങ്ങനെയാണോ കാര്യങ്ങൾ. റോബിനാണ് ഇപ്പോൾ ഒരു കൂട്ടം മലയാളികളുടെ പുതിയ ഹീറോ. സ്വീകരണം നൽകാനും മാലയിടാനും കയ്യടിക്കാനും വഴിനീളെ ഫാൻസ്. അല്ല, ഇത് ആ റോബിൻ അല്ല. ഇത് മറ്റൊരു റോബിനാണ്.
റോബിൻ എന്ന് പേരുള്ള ബസും അതിന്റെ ഉടമയും വാർത്തകളിൽ നിറഞ്ഞിട്ട് ആഴ്ചകളായി. മോട്ടോർ വാഹന വകുപ്പും റോബിൻ ബസും തമ്മിലെ പോരിൽ മേലുംകീഴും നോക്കാതെ റോബിനൊപ്പം എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. പക്ഷേ കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും നിയമലംഘനത്തിന്റെ പേരിൽ റോബിൻ കസ്റ്റഡിയിലായതോടെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. സത്യത്തിൽ എംവിഡി യോട് ജനങ്ങൾക്കുള്ള രോഷമാണോ റോബിനുള്ള പിന്തുണയായി മാറുന്നത്? റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണോ? ആർക്കാണ് നീതി നിഷേധിക്കപ്പെടുന്നത്? എന്താണ് യഥാർത്ഥ പ്രശ്നം?
ആദ്യം അറിയേണ്ടത് മോട്ടോർ വാഹന നിയമം അനുസരിച്ച് എന്താണ് കോൺട്രാക്ട് ക്യാരേജ്, എന്താണ് സ്റ്റേജ് ക്യാരേജ് എന്നുള്ളതാണ്. നമ്മുടെ നാട്ടിൽ പൊതുഗതാഗതം രണ്ടു തരത്തിലാണുള്ളത്. ഒന്ന് കോൺട്രാക്ട് ക്യാരേജ്. മറ്റൊന്ന് സ്റ്റേജ് ക്യാരേജ്. കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളാണ് കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിൽ പെടുന്നത്. ഈ വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾക്ക് ആ വാഹനവുമായി ഒരു മുൻകൂർ കരാറിൽ ഏർപ്പെടാത്ത യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കയറ്റുകയോ ഇറക്കുകയോ ചെയ്യാനോ ടിക്കറ്റുകൊടുത്ത് പണം വാങ്ങാനോ ഒന്നും അനുമതിയില്ല.
സ്റ്റേയ്ജ് ക്യാരേജുകൾക്കാണ് പല സ്റ്റോപ്പുകളിൽ നിർത്തി ടിക്കറ്റ് കൊടുത്ത് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യാൻ അനുമതിയുള്ളത്. പ്രൈവറ്റ് ബസുകൾ, കെഎസ്ആർടിസി തുടങ്ങിയവയെല്ലാം സ്റ്റേജ് ക്യാരേജ് വിഭാഗത്തിൽ പെടുന്നവയാണ്. യാത്രക്കാര്‍ക്ക് വലിയ അവകാശങ്ങള്‍ നല്‍കുന്നതും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ളതുമായ ഒരു വ്യവസ്ഥയാണ് സ്റ്റേജ് ക്യാരേജ് പെർമിറ്റ് വ്യവസ്ഥ.
മോട്ടോർ വാഹന നിയമം അനുസരിച്ച് ടൂറിസ്റ്റ് വാഹനങ്ങൾ പെടുന്നത് കോൺട്രാക്ട് ക്യാരേജിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ ഒരു കോണ്ട്രാക്റ്റ് ക്യാരേജിന്റെ എല്ലാ നിയമങ്ങളും ടൂറിസ്റ്റ് വാഹനങ്ങൾക്കും ബാധകമാണ്. ഒരു സ്റ്റേജ് ക്യാരേജിന് താൽക്കാലികമായി സ്‌പെഷ്യൽ കോണ്ട്രാക്റ്റ് ക്യാരേജ് പെർമിറ്റ് ലഭിക്കാൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. പക്ഷേ തിരിച്ച് കോണ്ട്രാക്റ്റ് ക്യാരേജുകൾക്ക് താൽക്കാലികമായി പോലും സ്റ്റേജ് ക്യാരേജ് പെർമിറ്റ് നൽകാനാവില്ല.
ടൂറിസ്സ്റ്റ് ബസുകൾ ഇതുവരെ ഓടിയിരുന്നത് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാണ്. ഇത് പ്രകാരം ഇവർക്ക് പല സംസ്ഥാനങ്ങളിലും വെവ്വേറെ നികുതി അടയ്ക്കണമായിരുന്നു. ഇത്തരം അസൗകര്യങ്ങൾ ഒഴിവാക്കാനും ടൂറിസ്റ്റ് ബസുകളുടെ യാത്ര കൂടുതൽ സുഗമമാക്കി ടൂറിസം രംഗം മെച്ചപ്പെടുത്താനുമായി 2023 മേയ് മാസം ടൂറിസ്റ്റ് പെര്‍മിറ്റ് സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ പുതുക്കിയ ചട്ടം നിലവിൽ വന്നു. ഇത് പ്രകാരം കേന്ദ്രമോട്ടോര്‍ വാഹന ചട്ടത്തിലെ 82 മുതല്‍ 85എ വരെയുള്ള ചട്ടങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്റ്റേജ് ക്യാരേജ് ആയി സർവീസ് നടത്താനാകും എന്നാണ് റോബിൻ ബസിന്റെ ഉടമകളുടെ വാദം.
എന്നാൽ ഈ വാദം ശരിയല്ലെന്നും നിയമത്തിലെ പഴുതുകൾ ദുരുപയോഗം ചെയ്ത് ചട്ടം ദുർവ്യാഖ്യാനം ചെയ്യലാണെന്നും എംവിഡി പറയുന്നു.
ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്റ്റെയ്ജ് ക്യാരേജ് സർവീസ് നടത്താനാകില്ല എന്ന് പുതുക്കിയ നിയമത്തിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടില്ലെന്നുകരുതി ഇത് അനുവദനീയമാണ് എന്നർത്ഥമില്ല. അതായത് ചട്ടത്തില്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ടൂറിസ്റ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് പ്രവര്‍ത്തനം നടത്തരുത് എന്നത് അടിസ്ഥാന നിയമമാണ്. ആ നിയമത്തിൽ മാറ്റം വരുത്താൻ റോബിൻ ബസ് വിചാരിച്ചാൽ സാധിക്കില്ല എന്നാണ് നിലവിലെ അവസ്ഥ. ഇത് സുപ്രീം കോടതിയും പല തവണ പറഞ്ഞിട്ടുള്ളതാണ്.
കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് MVD ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സ്വാതി ജോർജ് ഫേസ്‌ബുക്കിൽ ഇട്ടിരുന്ന പോസ്റ്റ് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത നൽകുന്നതായിരുന്നു. ഒരുപാടുപേർ ഇതിനോടകം പോസ്റ്റിനെ പിന്തുണച്ചും എതിർത്തും രംഗത്തെത്തിയിരുന്നു. പെര്‍മിറ്റ് ഉള്ളത് നിലവിൽ ഇതിന്റെ ഉടമയെന്നവകാശപ്പെടുന്ന ഗിരീഷിന്റെ പേരിലല്ല. അത് മറ്റൊരു വ്യക്തിയുടെ പേരിലുള്ളതാണ്. കിഷോർ എന്ന വ്യക്തിയുടെ പേരിലാണ് ആ വാഹനവും പെർമിറ്റുമെന്നത് തമിഴ്‌നാട് ചുമത്തിയ പിഴയുടെ റെസീപ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്.
അങ്ങനെ ഏതെങ്കിലും വിധത്തിൽ കൈമാറ്റം ചെയ്യാനോ വാടകയ്ക്ക് നൽകാനോ കഴിയുന്നതല്ല ടൂറിസ്റ്റ് പെർമിറ്റ്. ഗിരീഷാണ് റോബിന്റെ ഉടമയും പെർമിറ്റ് ഹോൾഡറുമെങ്കിൽ ഇത് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത് അനുമതിയില്ലാതെയാണ്. ഇക്കാരണത്താൽ തന്നെ പെർമിറ്റ് റദ്ദായിക്കഴിഞ്ഞിരിക്കുന്നു. അതായത് ഗിരീഷ് എന്ന വ്യക്തിക്ക് ഒരു പവർ ഓഫ് അറ്റോർണിയുടെ പേരിൽ അതിന്റെ ഉടമസ്ഥനോ ആ വിധത്തിൽ സംരഭകനോ എന്ന് അവകാശപ്പെടാൻ കഴിയില്ല. പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിന് ഒരുതവണ എംവിഡി കസ്റ്റഡിയിലെടുത്ത വാഹനം ഒരു കാശുമടയ്ക്കാതെയാണ് പുറത്തിറക്കിയതെന്ന ഗിരീഷിന്റെ വാദവും കള്ളമാണെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. മേൽ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ കീഴ്കോടതിയെ സമീപിച്ച് ഒരുലക്ഷം രൂപ കെട്ടിവച്ചുകൊണ്ടാണ്, എപ്പോൾ വേണമെങ്കിലും ഹാജരാക്കാമെന്ന വ്യവസ്ഥയിൽ വാഹനം വിട്ടുകിട്ടിയത്.
കോൺട്രാക്ട് ക്യാരേജ് പരിധിയിൽപ്പെടുന്ന വാഹനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ നിശ്ചിത സ്ഥലത്തുനിന്ന് മാത്രം കയറ്റാനും ഇറക്കാനും അനുമതിയുണ്ടായിരിക്കെ റോബിൻ ബസ് ഓരോ സ്റ്റോപ്പുകളിൽനിന്നും ആളുകളെ കയറ്റിക്കൊണ്ടാണ് പോകുന്നത്. പുതുക്കിയ നിയമത്തിൽ തങ്ങൾക്കങ്ങനെ ചെയ്യാൻ അനുമതിയുണ്ടെന്ന് കേരള എംവിഡിയോട് വാദിക്കുന്ന ഗിരീഷും കൂട്ടരും ഇതേകാര്യം ചോദ്യം ചെയ്ത തമിഴ്നാട് എംവിഡിയോട് പക്ഷേ വഴിയിൽനിന്ന് ആരും കയറുകയോ ഇറങ്ങുകയോ ചെയ്തിട്ടില്ലെന്ന് സമർത്ഥിക്കാനാണ് ശ്രമിച്ചത്. ചെയ്ത പ്രവർത്തിക്ക് നിയമപരിരക്ഷയുടെങ്കിൽ പിന്നെ എന്തിനാണ് ഇത്തരമൊരു ന്യായീകരണം എന്നതാണ് ചോദ്യം. കോൺട്രാക്ട് ക്യാരേജ് വിഭാഗത്തിൽപ്പെടുന്ന റോബിൻ ബസ് പല സ്റ്റോപ്പുകളില്‍ നിന്നും ആളുകളെ കയറ്റി ഒരു സ്റ്റേജ് ക്യാരേജ് വാഹനമായാണ് നിരത്തിൽ ഓടിക്കൊണ്ടിരിക്കുന്നത്.
ഇനി എന്താണ് ഇതുകൊണ്ടുള്ള പ്രശ്നമെന്ന് ചോദിച്ചാൽ പൊതുഗതാഗതവ്യവസ്ഥയെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. ടൂറിസ്റ്റ് ബസ്സുകള്‍ പല സ്റ്റോപ്പുകളില്‍ നിന്നും ആളെ കയറ്റുന്നതോടെ ഈ സ്റ്റോപ്പുകള്‍ ലക്ഷ്യമിട്ട് സര്‍വീസ് നടത്തുന്ന സ്വകാര്യ ലൈന്‍ ബസ്സുകളും കെസ്ആര്‍ടിസിയും അടക്കമുള്ളവർ യാത്രക്കാരില്ലാതെ പ്രതിസന്ധിയിലാകും. ഇത് യാത്രക്കാർക്കും പിന്നീട് ദോഷകരമായി ബാധിച്ചേക്കാം. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍, കൃത്യ സമയത്തുള്ള സർവീസ്, സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവർക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമെല്ലാമുള്ള അവകാശങ്ങള്‍, വിദൂരവും ഒറ്റപ്പെട്ട് നില്‍ക്കുന്നതുമായ പ്രദേശങ്ങളിലേയ്ക്കുമുള്ള ഉറപ്പായ സര്‍വ്വീസുകള്‍ തുടങ്ങിയ പല അവകാശങ്ങള്‍ സ്റ്റേജ് ക്യാരേജ് സംവിധാനം ഉറപ്പാക്കുന്നുണ്ട്.
സർക്കാർ സംവിധാനം നിരന്തരം ഇക്കാര്യങ്ങൾ മോണിറ്റർ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നുമുണ്ട്. എന്നാൽ കോണ്‍ട്രാക്റ്റ് ക്യാരേജുകള്‍ക്ക് സ്വന്തമായി വാഹനം പിന്‍വലിക്കാനും, നിരക്ക് നിശ്ചയിക്കാനും, സ്റ്റോപ്പുകള്‍ നിശ്ചയിക്കാനും കഴിയും. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ തോന്നുംപോലെയാണ് ചാര്‍ജ് ഈടാക്കുന്നത് എന്നതൊരു വസ്തുതയായി നമുക്ക് മുന്നിലുണ്ട്. ഇതിനാൽത്തന്നെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയും പ്രവേശനക്ഷമതയും സുരക്ഷയും എപ്പോഴും ഉറപ്പാക്കാൻ ഇവയ്ക്കാകണമെന്നില്ല, അതവയുടെ കടമയുമല്ല, ലക്ഷ്യവുമല്ല.
കോടതിയുടെ ഇടക്കാല വിധിയുള്ളപ്പോൾ തമിഴ്‌നാട് എംവിഡിയ്ക്ക് വാഹനം കസ്റ്റഡിയിലെടുക്കാൻ അവകാശമുണ്ടോ എന്നൊരു ചോദ്യമുണ്ട്. വാസ്തവത്തിൽ ഇടക്കാല വിധി പറയുന്നത് മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരെ കൊണ്ടുപോകുന്നതിനാണ് അനുവാദമെന്നും മുൻപും അതിനു ശേഷവും എടുത്തിരിക്കുന്ന കേസുകളിലും പിഴ അടച്ച ശേഷവുമാണ് ബസ്സിനെ യാത്ര തുടരാൻ അനുവദിക്കേണ്ടതെന്നുമാണ്. ഇത് രണ്ടും പാലിക്കാതെയുള്ള സർവ്വീസ് കസ്റ്റഡിയിലെടുക്കാൻ ഒരു തടസ്സവുമില്ല.
ഒരു അപകടം ഉണ്ടായാൽ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് സർവ്വീസ് നടത്തുന്ന ആ ബസ്സിനോ ആ ബസ്സ് മൂലമോ യാത്രക്കാർക്കും മറ്റും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്നതും സംശയകരമാണ്, സുരക്ഷയെ സംബന്ധിച്ച ആശങ്കയുമാണ്. ഏതായാലും റോബിൻ ബസ് ഫാൻസിനെ കൂട്ടിയാലും ഇല്ലെങ്കിലും അവർ നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്നാണ് നിലവിലെ ചട്ടങ്ങൾ സൂചിപ്പിക്കുന്നത്. ആരാധകരുടെ ആവേശത്തിലും ആർപ്പുവിളിയിലും ഒന്നും തെറ്റ് തെറ്റല്ലാതാകുന്നില്ലല്ലോ. എംവിഡിയും റോബിനും തമ്മിലെ മത്സരയോട്ടം ഏതുവരെ പോകുമെന്നും കണ്ടുതന്നെയറിയണം...
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം