പുത്തൻ ചിത്രങ്ങള്‍ ഹിറ്റടിച്ചു, 89 ലക്ഷത്തിന്‍റെ ബിഎംഡബ്യു സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയതാരം!
കൊത്തും തെക്കൻ തല്ലുകേസുമൊക്കെ തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുമ്പോൾ, തന്‍റെ സ്വപ്‍ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ്
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് റോഷൻ മാത്യു. 'അടി കപ്യാരേ കൂട്ടമണി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ റോഷൻ 'ആനന്ദ'ത്തിലെ ഗൗതം എന്ന കഥപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. തുടർന്ന് മൂത്തോൺ, കപ്പേള, സി യു സൂൺ, കുരുതി തുടങ്ങിയ സിനിമകളിലും വേറിട്ട കഥപാത്രങ്ങളിലൂടെ താരം ശ്രദ്ധേയനായി. സിബി മലയിൽ സംവിധാനം ചെയ്‍ത ‘കൊത്ത്’ ആണ് റോഷന്‍റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് റോഷൻ ഇപ്പോൾ. ഒപ്പം റോഷന്‍റെ മികച്ചൊരു വേഷവുമായി 'ഒരു തെക്കൻ തല്ലുകേസും' തിയേറ്ററുകളില്‍ ഉണ്ട്. ബോളിവുഡ് ചിത്രം 'ഡാർലിംഗ്സ്', വിക്രം നായകനായ തമിഴ് ചിത്രം 'കോബ്ര', തുടങ്ങിയവയിലും റോഷന്‍റെ ശ്രദ്ധേയ സാനിധ്യം ഉണ്ടായിരുന്നു.
കൊത്തും തെക്കൻ തല്ലുകേസുമൊക്കെ തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുമ്പോൾ, തന്‍റെ സ്വപ്‍ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷൻ മാത്യു. ബിഎംഡബ്ല്യു 3 സീരീസ് 340 ഐ ആണ് റോഷൻ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 89 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വാഹനത്തിന് വില വരുന്നത്.
ജര്‍മ്മൻ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു നാല് വകഭേദങ്ങളിലാണ് 3 സീരീസിനെ എത്തിക്കുന്നത്. 330ഐ സ്‌പോർട്ട്, 330ഐ എം സ്‌പോർട്ട്, 320ഡി ലക്ഷ്വറി എഡിഷൻ, എം340ഐ എന്നിങ്ങനെ നാല് വകഭേദങ്ങൾ ഓഫറിൽ ലഭ്യമാണ്.
330i സ്‌പോർട്ട്, 330i M സ്‌പോർട്ട് വേരിയന്റുകൾക്ക് 2-ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ (258PS/400Nm) ലഭിക്കുന്നു. 190പിഎസും 400എൻഎമ്മും ഉത്പാദിപ്പിക്കുന്ന 2-ലിറ്റർ ഫോർ സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനുള്ള 320d ലക്ഷ്വറി എഡിഷനാണ് ഏക ഡീസൽ ഓപ്ഷൻ. ഈ രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. M340i വേരിയന്റിന് 387PS-ഉം 500Nm ടോര്‍ക്കും നൽകുന്ന മൂന്ന് ലിറ്റർ സ്‌ട്രെയിറ്റ്-സിക്‌സ് ടർബോ-പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴിയാണ് നാല് ചക്രങ്ങളിലേക്കും പവർ അയയ്ക്കുന്നത്.
ഫീച്ചറുകളാല്‍ സമ്പന്നമാണ് 3 സീരീസ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, സൺറൂഫ്, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകൾ സെഡാനിൽ സജ്ജീകരിച്ചിരിക്കുന്നു. ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിങ്ങനെ നിരവധി സുരക്ഷാ ഉപകരണങ്ങൾ ഈ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. മെഴ്‍സിഡസ് ബെൻസ് സി ക്ലാസ് , ജാഗ്വാർ XE , വോള്‍വോ S60 , ഔഡി A4 തുടങ്ങിയവരാണ് ബിഎംഡബ്ല്യു 3 സീരിസിന്‍റെ എതിരാളികള്‍.