മൈലേജ് 125 കിമി, സാധാരണക്കാരന്‍റെ കീശ കാക്കും ഇന്ത്യൻ കമാൻഡറാകാൻ ഗുജറാത്തില്‍ നിന്നൊരു 'ആര്യപുത്രൻ'!
ആര്യ കമാൻഡർ ഇ-മോട്ടോർ സൈക്കിൾ ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഗുജറാത്ത് ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ആര്യ ഓട്ടോമൊബൈൽസ് അടുത്ത മാസം ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നതോടെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിലേക്ക് പ്രവേശിക്കും. ആര്യ കമാൻഡർ ഇ-മോട്ടോർ സൈക്കിൾ ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
4.4 kWh ലിഥിയം-അയൺ ബാറ്ററി പാക്കിലാണ് ആര്യ കമാൻഡർ ഇലക്ട്രിക് മോട്ടോർസൈക്കിൾ എത്തുന്നത്. ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് 3 kW (4.02 bhp) ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിക്കുകയും മണിക്കൂറിൽ 90 കിമി വേഗത വാഗ്ദാനം ചെയ്യുകയും ചെയ്യും. ചാർജിംഗിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സാധാരണ ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ ആര്യ കമാൻഡർ പൂർണ്ണമായും ചാർജ് ചെയ്യാമെന്ന് കമ്പനി പറയുന്നു.
ആര്യ കമാൻഡർ ഇലക്ട്രിക് ബൈക്കിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്‌പ്രിംഗ് ലോഡഡ് ഷോക്ക് അബ്‌സോർബറുകളുമായാണ് എത്തുന്നത്. ബ്രേക്കിംഗിനായി, സംയോജിത ബ്രേക്കിംഗ് സിസ്റ്റത്തോടുകൂടിയ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാർജിംഗ് പോർട്ട് തുടങ്ങിയവയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ആര്യ കമാൻഡർ എത്തുന്നത്.
ആര്യ കമാൻഡറിന് ഏകദേശം 1.60 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില . സംസ്ഥാന സർക്കാർ സബ്‌സിഡികൾ ഒഴികെയാണിത്. 2,500 രൂപയ്ക്ക് ഈ ബൈക്കിന്‍റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടയർ-1 നഗരങ്ങളിൽ സജീവമായ ശൃംഖലയുണ്ടെന്നും ഉടൻ തന്നെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ആര്യ ഓട്ടോമൊബൈൽസ് അവകാശപ്പെടുന്നു. കൂടാതെ, സൂറത്തിലെ അതിന്റെ നിർമ്മാണ യൂണിറ്റിന് 5,000 യൂണിറ്റുകളുടെ പ്രതിമാസ ഉൽപാദന ശേഷിയും ഉണ്ട്.