സീറ്റ് ബെല്‍റ്റ് ഇട്ടില്ല, കാസര്‍കോട്ടുകാരനായ 74കാരന് 74,500 രൂപ പിഴ!
മോട്ടോര്‍ വാഹന വകുപ്പ് തന്‍റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി പിഴ കുറയ്ക്കുമെന്നാണ് അബൂബക്കറിന്‍റെ പ്രതീക്ഷ.
കാസര്‍കോട്: സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 74കാരന് 74,500 രൂപ പിഴ. കാസര്‍കോട് ബദിയടുക്കയിലെ 74 വയസുകാരനായ അബൂബക്കറിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ഒന്നും രണ്ടും തവണയല്ല 149 തവണയാണ് ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ ഇദ്ദേഹം സീറ്റ് ബെല്‍റ്റിടാതെ വണ്ടിയോടിച്ചത്.
"ഞാന്‍ ദിവസവും നാലഞ്ചു തവണ വീട്ടിലേക്കും എന്‍റെ ഷോപ്പിലേക്കും പോവാറുണ്ട്. പെട്ടെന്നിങ്ങനെയായത് എനിക്ക് അറിയില്ലായിരുന്നു. എന്നോട് ആരും പറഞ്ഞുമില്ല. ഞാന്‍ പതിവുപോലെ പോവുകയും വരികയും ചെയ്തു"- അബൂബക്കര്‍ ഹാജി പറഞ്ഞു.
അബൂബക്കര്‍ ഹാജിയുടെ മരമില്ലും വീടും തമ്മില്‍ 500 മീറ്റര്‍ ദൂരമാണുള്ളത്. വീട്ടില്‍ നിന്ന് മരമില്ലിലേക്കും തിരിച്ചുമുള്ള യാത്രയിലാണ് ഇത്രയധികം പിഴ വന്നത്- "രാവിലെ എട്ട് മണിക്ക് മില്ലില്‍ വരും. രാവിലത്തെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകും. എന്നിട്ട് പത്തരയാകുമ്പോള്‍ തിരിച്ചുവരും. പിന്നെ ഊണ് കഴിക്കാന്‍ പോകും. രണ്ട് മണിക്ക് വരും. വൈകുന്നേരം പോകും. പിന്നെ രാത്രി ലൈറ്റിടാനും മില്ലില്‍ പോകും"- അബൂബക്കര്‍ പറഞ്ഞു.
കയര്‍ കൊണ്ട് താങ്ങിനിർത്തിയ മഡ്‍ഗാർഡ്, ഓടിപ്പഴകി തുരുമ്പെടുത്ത വണ്ടിയോടിച്ച് പണി കിട്ടി കേരള പൊലീസ്
അബൂബക്കറിന്‍റെ മകളുടെ പേരിലാണ് കാര്‍. ഇത്രയൊന്നും അടയ്ക്കാന്‍ കഴിയില്ല, മില്ലില്‍ പണിയില്ലെന്നാണ് അബൂബക്കര്‍ പറയുന്നത്. ആഗസ്ത്, സെപ്തംബര്‍, ഒക്ടോബര്‍ മാസത്തിലെ പിഴയാണ് വന്നിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് തന്‍റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി പിഴ കുറയ്ക്കുമെന്നാണ് അബൂബക്കറിന്‍റെ പ്രതീക്ഷ.