1 മിനിട്ടും 43 സെക്കന്‍റും ബാക്കി, കാറിന് ഇഷ്ട നമ്പർ കിട്ടിയില്ല; മലപ്പുറം സ്വദേശിക്ക് 25,000 രൂപ നഷ്ടപരിഹാരം

പരാതിക്കാരൻ പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടിവച്ചിരുന്നു. കൂടുതൽ പേർ അതേ നമ്പറിന് അപേക്ഷിച്ചതിനാൽ നമ്പർ ലേലത്തിന് വെച്ചു

1 minute and 43 second left for auction did not get fancy number for car rs 25000 compensation for Tirurangadi native SSM

മലപ്പുറം: പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പർ ലഭിക്കാനായി നൽകിയ അപേക്ഷ നിരസിച്ച സംഭവത്തില്‍ 25,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തിരൂരങ്ങാടി സ്വദേശി അബ്ദുൽ അലി ട്രാൻസ്പോർട്ട് കമ്മിഷണർക്കും നാഷണൽ ഇൻഫർമാറ്റിക് സെന്ററിനും എതിരായി സമർപ്പിച്ച ഹർജിയിലാണ് വിധി. സമയം തീർന്നതായി കാണിച്ചാണ് അപേക്ഷ നിരസിച്ചത്. 

പരാതിക്കാരൻ പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടിവച്ചിരുന്നു. കൂടുതൽ പേർ അതേ നമ്പറിന് അപേക്ഷിച്ചതിനാൽ നമ്പർ ലേലത്തിന് വെക്കുകയും വൈകുന്നേരം അഞ്ചു മണി വരെ ലേലം വിളിക്കാനുള്ള സമയം അനുവദിക്കുകയും ചെയ്തു. 25,000 രൂപയ്ക്ക് ഇഷ്ട നമ്പർ ലേലത്തിൽ വിളിക്കാൻ അപേക്ഷ നൽകിയെങ്കിലും സമയം തീർന്നതായി കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു. 1 മിനിട്ടും 43 സെക്കന്റും ബാക്കി നിൽക്കെയാണ് പരാതിക്കാരന്റെ അപേക്ഷ നിരസിച്ചതെന്നാണ് പരാതി. 

തുടർന്ന് ട്രാൻസ്പോർട് ഡിപ്പാർട്ട്മെന്റിനെതിരെ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. ലേല നടപടികളുടെ നിയന്ത്രണം നാഷണൽ ഇൻഫർമാറ്റിക് സെന്ററിനാണെന്ന് തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ ബോധിപ്പിച്ചതിനെ തുടർന്ന് നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെ കക്ഷി ചേർത്തു. തെളിവുകൾ പരിശോധിച്ച കമ്മീഷൻ പരാതി ശരിവെക്കുകയും നാഷണൽ ഇൻഫർമാറ്റിക് സെന്ററിനോട് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം പരാതിക്കാരന് 12 ശതമാനം പലിശ നൽകണമെന്നും ഉത്തരവിലുണ്ട്. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മാഈൽ എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് ഉത്തരവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios