എന്തിനാണ് എല്ലാവരും ഹിമാലയത്തിലേയ്ക്ക് പോകുന്നത്? ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പില്‍നിന്നും പോയവരെല്ലാം ഹിമാലയത്തെക്കുറിച്ച് എഴുതുന്നു. മലയാള സഞ്ചാരസാഹിത്യ ചരിത്രത്തിലെ ഒരു പ്രത്യേക വിഭാഗമാണ് ഇന്ന് 'ഹിമാലയന്‍ യാത്ര'.
ഹിമാലയന്‍ താഴ്‌വരകളിലേക്ക് നടത്തിയ അസാധാരണമായ ഒരു യാത്രയുടെ അനുഭവങ്ങളാണ് സജിന്‍ പി ജെ എഴുതിയ ജുലൈ. ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിച്ച ആ യാത്രാപുസ്തകത്തിന്റെ വായന. കെ. പി ജയകുമാര്‍ എഴുതുന്നു
ചരിത്രത്തിന്റെ ഖനിയാഴങ്ങളിലേയ്ക്ക് മനുഷ്യര്‍ നടത്തുന്നുന്ന നിതാന്തമായ ഖനനമാണ് സഞ്ചാരം. വിമോചനവും ആനന്ദവും അന്വേഷണവും ആകാംക്ഷയും ദാഹവും കാമനയും യാത്രകളെ ചൂഴുന്നുണ്ടാവാം. എന്നാല്‍ ആത്യന്തികമായി മനുഷ്യത്വത്തിനേറ്റ മുറിവുകളുടെ വടുക്കളില്‍ ചുംബിച്ച് മടങ്ങുന്ന അസാധാരണമായ കാരുണ്യത്തിന്റെയും മനുഷ്യപ്പറ്റിന്റെയും രേഖപ്പെടലായത് മാറും. സജിന്‍ പി ജെയുടെ സുദീര്‍ഘമായ യാത്രയുടെ ഓര്‍മ്മകള്‍ ചരിത്രാതീതത്തില്‍ നിന്ന് വര്‍ത്തമാനകാലത്തേയ്ക്ക് വലിച്ചുകെട്ടിയ ചരടാണ്. അതില്‍ മനുഷ്യഗാഥയുടെ നേര്‍ത്ത കമ്പനമുണ്ട്.
ഹിമാലയന്‍ പര്‍വതശിഖരങ്ങളിലൂടെ മഞ്ഞും മഴയും താണ്ടിയുള്ള യാത്രയില്‍ ഏതുനേരവും ഇടിഞ്ഞ് അഗാധതയിലേയ്ക്ക് ഒലിച്ചുപോയേക്കാവുന്ന നിരത്തുകളിലൂടെ പ്രാണനും മുറുകെപ്പിടിച്ച് യാത്രപോകുന്നവരുടെ മനസ്സില്‍ സാഹസികതയുടെ ഉപ്പുണ്ടാകാം. അതിലുമേറെ നിരന്തരം മുറിഞ്ഞും ചേര്‍ന്നും മാറ്റിവരഞ്ഞും അനിശ്ചിതമാകുന്ന അതിര്‍ത്തികളില്‍, ഇനിയും മടങ്ങിവരാത്ത ഉറ്റവര്‍ക്കായി കാത്തിരിക്കുന്ന പ്രതീക്ഷയുടെ അനവധി കണ്‍തടങ്ങളിലേയ്ക്ക് ചെന്നെത്തുന്ന സാഹോദര്യത്തിന്റെ നോട്ടമാണത്. പ്രതീക്ഷയുടെയും സാഹോദര്യത്തിന്റെയും ആ ഉദാരതയിലാണ് സജിന്‍ പി ജെയുടെ 'ജൂലെ' വായനയെ സ്പര്‍ശിക്കുന്നത്.
undefined
യാത്രകഴിഞ്ഞ് മടങ്ങിയെത്തി മൂന്നുമാസം പിന്നിടുംമുമ്പ് കശ്മീര്‍ എന്ന ഭൂഖണ്ഡം കശ്മീരെന്നും ലഡാക്കെന്നും രണ്ടായി വിഭജിക്കപ്പെടുകയും സ്വാതന്ത്ര്യാനന്തരം ആ ജനതയ്ക്ക് ഉറപ്പുനല്‍കിയ പദവികള്‍ റദ്ദ്‌ചെയ്യുകയും ചെയ്തുവെന്ന ആമുഖത്തോടെയാണ് സജിന്റെ യാത്രാവിവരണം ആരംഭിക്കുന്നത്. കശ്മീരിന്റെ ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും യാത്രചെയ്യുന്ന സജിന്‍ ശിഥിലമായ ഒരു ജനപഥത്തിന്റെ അടരുകള്‍ കണ്ടെത്തുകയാണ്. എത്രയെത്ര രാജവംശങ്ങള്‍, യുദ്ധങ്ങള്‍, പോര്‍നിലങ്ങള്‍. ശിഥില സംസ്‌കൃതിയുടെ തുണ്ടുകള്‍. ജൈനമാര്‍ഗങ്ങള്‍, ബുദ്ധമാര്‍ഗങ്ങള്‍, മതങ്ങള്‍, ഇന്നും തീരാത്ത 'മതപ്പാടുകള്‍'.
...................
Also Read: അടിച്ചമര്‍ത്തപ്പെട്ട കാമനകള്‍, പ്രണയകാമങ്ങളുടെ ഒളിവിടങ്ങള്‍; കഥ കവിയുന്ന നവനാഗരിക തൃഷ്ണകള്‍
...................
'പുറത്തെ കടിച്ചുകീറുന്ന തണുപ്പില്‍, റോഡ് ഞെട്ടിത്തരിച്ചതുപോലെ ഒരു പാലത്തിന് മുകളില്‍ അവസാനിക്കുന്ന' അനിശ്ചിതത്വങ്ങളില്‍ ഉദ്വേഗഭരിതമായി കോര്‍ത്തെടുത്തതാണ് ഈ യാത്ര. മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളിലേയ്ക്ക് മഹാസമാധികളുടെയും ആത്മീയാനുഭൂതികളുടെയും രഹസ്യം തേടിപ്പോയവരുടെ വഴികളിലൂടെയല്ല 'ജൂലെ' സഞ്ചരിക്കുന്നത്. ''ഞങ്ങള്‍ കണ്ട എല്ലാ കശ്മീരികളും താവളങ്ങള്‍ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് പറക്കുന്ന പക്ഷികള്‍ പോലെയായിരുന്നു. അവരുടെ പെരുമാറ്റങ്ങളില്‍ ഭീതി നിഴലിട്ടിരുന്നു.'' എന്നെഴുതുന്നിടത്ത് ആത്മീയ യാത്രകളുടെ അനുഭൂതിമാഹാത്മ്യങ്ങള്‍ ഉടഞ്ഞുപോകുന്നു.
എന്തിനാണ് എല്ലാവരും ഹിമാലയത്തിലേയ്ക്ക് പോകുന്നത്? ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പില്‍നിന്നും പോയവരെല്ലാം ഹിമാലയത്തെക്കുറിച്ച് എഴുതുന്നു. മലയാള സഞ്ചാരസാഹിത്യ ചരിത്രത്തിലെ ഒരു പ്രത്യേക വിഭാഗമാണ് ഇന്ന് 'ഹിമാലയന്‍ യാത്ര'. സാഹസികതയുടെ അനുഭൂതി തേടിപ്പോയവരുണ്ടായിരുന്നു. മനുഷ്യരെ തേടിപ്പോയ നിസ്വസഞ്ചാരികളുമുണ്ടായിരുന്നു. ചരിത്രവും സംസ്‌കാരവും സാഹിത്യവും ദാര്‍ശനികതയും തൊട്ടറിഞ്ഞവരുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാല ഹിമാലയന്‍ യാത്രകള്‍ ഇന്ത്യന്‍ ദേശീയതയുടെ വംശഗരിമയിലേയ്ക്കുള്ള മലയാളി വരേണ്യതയുടെ താദാത്മ്യങ്ങളായി മാറി. ഇന്ത്യന്‍ സാംസ്‌കാരിക ബഹുസ്വരതയെ ശങ്കരമാര്‍ഗത്തിലൂടെ ഏകശിലാത്മക ആത്മീയ പീഠത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ആവര്‍ത്തിച്ചുള്ള എഴുത്തുകളായി പല ഹിമാലയന്‍ യാത്രാവിവരണങ്ങളും. ഇന്ത്യന്‍ ബ്രാഹ്മണ്യത്തിന്റെ പുതുരൂപമായ തീവ്രദേശീയതയുടെ ഭാഗമായി മലയാളിയെ സ്ഥാപിക്കുന്നതുള്ള സത്സംഗങ്ങളായി ഹിമാലയന്‍ യാത്രകളും യാത്രാ വിവരണങ്ങളും ജനപ്രിയമാവുന്നതും കാണേണ്ടതുണ്ട്.
ജൂലെ, ഇതിന് വിപരീത ദിശയിലാണ് യാത്ര ചെയ്യുന്നത്. മനുഷ്യരെ തൊട്ടുപോവുക മാത്രമല്ല, ഹിമാലയന്‍ പര്‍വതഭൂമിയുടെ ചരിത്രത്തിലൂടെ, അതിന്റെ വിസ്തൃതവും വിസ്മയാവഹവുമായ സാംസ്‌കാരിക ബഹുസ്വരതകളെ അടയാളപ്പെടുത്തുകയാണത്. വരേണ്യതയുടെ പട്ടുപാതകളെ മനുഷ്യരുടെ കാലടികള്‍ പതിഞ്ഞുമാഞ്ഞ അടിനിലങ്ങളുടെ അനുഭവങ്ങള്‍കൊണ്ട് തിരുത്തുകയാണ് സജിന്‍.
............................
Also Read: ഒരിക്കലും മോചനമില്ലാത്ത ഉടല്‍ച്ചുഴി, പെണ്ണില്‍ മുങ്ങാങ്കുഴിയിടുന്ന ആണ്‍ജന്മങ്ങള്‍
............................
''അയാളുടെ ചുളിവുവീണ കൈകളില്‍ മുഖം താഴ്ത്തി ഞാനൊരു മുത്തം കൊടുത്തു. എന്റെ കയ്യില്‍ അതേയുണ്ടായിരുന്നുള്ളു. മലനിരകളേ കാണുക! ഇതാ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ചുംബിക്കുന്നു! ഇത്രത്തോളം വലുതല്ല നിങ്ങള്‍പോലും!'' മലമുകളിലേയ്ക്ക് എളുപ്പവഴി കാണിച്ചുകൊടുത്ത സോനം മാംഗ്യാല്‍ എന്ന മനുഷ്യനെയോര്‍ത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം എഴുത്തുകാരന്റെ കണ്ണുകള്‍ നിറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തിലെ രണ്ടറ്റങ്ങള്‍ തമ്മില്‍ ചുംബിക്കുമ്പോള്‍ ദേശ-രാഷ്ട്രത്തിന്റെ വരേണ്യയുക്തിയ്ക്ക് അത് മനസ്സിലാക്കാനാവില്ല. സമത്വം, സാഹോദര്യം എന്നീ പദാവലികള്‍ ഉയിരിലും ഉടലിലും പേറുന്നവര്‍ക്ക് മാത്രം ചെന്നുപറ്റാന്‍ കഴിയുന്ന അനുഭൂതിയുടെ ഇടങ്ങളിലാണ് ജൂലെ ചെന്നെത്തുന്നത്.
കശ്മീരിന്റെ ഭൂഭാഗഭംഗികളിലൂടെയാണ് ജൂലെ സഞ്ചരിക്കുന്നത്. ഗ്രാമങ്ങളും നദികളും ബുദ്ധവിഹാരങ്ങളും കോട്ടകളും കൊട്ടാരങ്ങളും കുടിലുകളും നിസ്വരായ മനുഷ്യാലയങ്ങളും ചെമ്മരിയാട്ടിന്‍പറ്റങ്ങളും പക്ഷികളും പറവകളും പൂക്കളും മേഘപാളികളും ശീതംതുന്നിയ കാറ്റും ഉഷ്ണജലവാഹിനിയും വെയിലിന്റെ ഇളംതോരണങ്ങള്‍ ഞാത്തിയ ചെറുപകലുകളും അപ്രതീക്ഷിത മഴയില്‍ ചിന്നിപ്പോകുന്ന മഞ്ഞുസ്ഫടികങ്ങളും യാത്രകളെ ഉത്സാഹഭരിതമാക്കുന്നു. മറുവശത്ത്, അനിശ്ചിത്വങ്ങളുടെ കനം ചിലപ്പോള്‍ താങ്ങാനാവാതെ വരുന്നു. ഭീതിപുതച്ച രാത്രികളിലൂടെ, മുറിവേറ്റ ഗ്രാമങ്ങളിലൂടെ, ഒറ്റ രാത്രികൊണ്ട് മാറ്റിവരഞ്ഞ ഭൂരേഖയാല്‍ അന്യരായിപ്പോയ രക്തബന്ധങ്ങളുടെ ടാക്ഷിയിലൂടെ, ബാള്‍ട്ടിസ്ഥാനിലൂടെ, ഒറ്റരാത്രികൊണ്ട് ഒറ്റയായിപ്പോയ മനുഷ്യരിലൂടെ, കോരിച്ചൊരിയുന്ന പേമാരിയിലൂടെ, ഘോരമായ മഞ്ഞുപാളികളുടെ ഓരങ്ങളിലൂടെ ചുരം കയറിയും ഇറങ്ങിയും തുടരുന്ന സഞ്ചാരങ്ങളുടെ സാഹസികത. ജൂലെ പല അടരുകളുള്ള യാത്രകളുടെ പുസ്തകമാണ്. ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയില്‍ ആന്ദോളനം ചെയ്യുന്ന എഴുത്തുരീതിയിലൂടെ സംസ്‌കാരങ്ങളുടെ വിസ്തൃതിയെ നെയ്‌തെടുക്കുന്നതാണ് സജിന്റെ കലാവിദ്യ. അതില്‍ മനുഷ്യരും അവരുടെ നഷ്ടകാലങ്ങളും പ്രതീക്ഷകളും തുന്നിച്ചേര്‍ത്തിരിക്കുന്നു. ''ഞങ്ങള്‍ ഈ കൊടുമുടികള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരാണ്'' എന്ന ലൈലയുടെ മൊഴിയില്‍ ഒരു ഭൂമിശാസ്ത്രമല്ല, അവരില്‍ അപരജീവിതം അടിച്ചേല്‍പ്പിച്ച രാഷ്ട്രഭാവനയാണ് പ്രതിയാകുന്നതെന്ന സൂക്ഷ്മ ബോധ്യങ്ങളിലാണ് ഈ കൃതിയുടെ രാഷ്ട്രീയ ഭാവന നിലകൊള്ളുന്നത്. കൊടുംശൈത്യത്തില്‍ ആടുകളും യാക്കുകളും കൂട്ടത്തോടെ ചത്തുവീഴുന്ന സൊ മോരിരി പീഠഭൂമിയിലൂടെ വിശന്നുവലഞ്ഞ് യാത്ര ചെയ്യുമ്പോള്‍ വിശപ്പ് ഉടലാകെ പടരുന്നുണ്ട്. തുര്‍തുര്‍ക്കില്‍ നിന്ന് പോരുമ്പോള്‍ അലി കൊടുത്തയച്ച ആപ്രിക്കോട്ടും വാല്‍നട്ടും പൊട്ടിച്ചു അവരൊന്നിച്ച് തിന്നുമ്പോള്‍ വിശപ്പ് ഒരു ദാര്‍ശനിക-രാഷ്ട്രീയാനുഭവമാകുന്നുണ്ട്. വിന്‍സന്റ് വാന്‍ഗോഗിന്റെ പൊട്ടറ്റോ ഈറ്റേഴ്‌സിനെ ഓര്‍മ്മിപ്പിക്കുന്ന സന്ദര്‍ഭം. അരണ്ട വെളിച്ചത്തില്‍ ഉരുളക്കിഴങ്ങ് തിന്നുന്ന ആ കുടുംബനിമിഷം പ്രകാശിപ്പിക്കുന്നത് വിശപ്പ് എന്ന വികാരം മാത്രമായിരുന്നില്ലല്ലോ. യുദ്ധവും വംശീയതയും വര്‍ണ്ണവെറിയും അധികാരവും കുത്തിമറിച്ച മനുഷ്യരുടെ പാടശേഖരങ്ങളെക്കുറിച്ചുള്ള പാഠമായിരുന്നു. വര്‍ണ്ണവെറിയുടെയും തീവ്രദേശീയതയുടെയും മറ്റൊരു കാലത്ത്, മറ്റൊരു ദേശത്ത് അലിയുടെ കരുതലും അനുകമ്പയും പകരുന്ന മനുഷ്യപ്പറ്റിന്റെ ചെറുചിത്രണങ്ങളാണ് ഈ യാത്രയെഴുത്തിലെ അനുഭൂതിയുടെ ആത്മരഹസ്യം.