ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ക്ക് മുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നടപടികളില്‍ ടിക് ടോക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനകീയമായ നടപടിയായിരിക്കും പബ് ജി നിരോധനം എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്.
ദില്ലി: പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. എന്നാല്‍ നിരോധിത പട്ടികയില്‍ ഏറ്റവും വാര്‍ത്ത പ്രധാന്യം നേടുന്നത് പബ് ജി തന്നെയാണ്. രാജ്യത്തെ ഇ-ഗെയിം രംഗത്തെ മുന്നണിക്കാരായി ഇന്ത്യയില്‍ ഇറങ്ങി രണ്ട് വര്‍ഷത്തില്‍ മാറിയ ഈ ഗെയിം ആപ്പിന്റെ അവസാനം പെട്ടെന്ന് ആയിരുന്നു.
ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ക്ക് മുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നടപടികളില്‍ ടിക് ടോക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനകീയമായ നടപടിയായിരിക്കും പബ് ജി നിരോധനം എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. കാരണം പബ് ജി, പബ് ജി ലൈറ്റ് എന്നീ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ 50 ദശലക്ഷം സജീവ കളിക്കാര്‍ ഉണ്ട്. 13 ദശലക്ഷമാണ് ഒരു ദിവസം ഇത് കളിക്കുന്നവരുടെ ഇന്ത്യയിലെ എണ്ണം.
undefined
എന്നാല്‍ മറ്റൊരു പ്രധാനകാര്യം പബ് ജിയുടെ അടുത്തിറങ്ങിയ മൊബൈല്‍ ഇതര പതിപ്പുണ്ട്. പേഴ്സണല്‍ കമ്പ്യൂട്ടര്‍ പതിപ്പാണ് ഇത്. ഇത് എന്നാല്‍ പൂര്‍ണ്ണമായും ചൈനീസ് ബന്ധം ഇല്ലാത്തതാണ്. ഇതിന് ഇപ്പോള്‍ വിലക്കും വന്നിട്ടില്ല. അതേ സമയം മൊബൈല്‍ പതിപ്പുകള്‍ക്ക് പിന്നില്‍ ചൈനീസ് കമ്പനി ടെന്‍സെന്റ് ഗെയിംസ് ആണെന്നതാണ് പബ് ജി മൊബൈല്‍ പതിപ്പിന് വിനയായത്.
എന്ത് കൊണ്ട് പബ്ജി ഇത്രയും പ്രശസ്തം
2018ലാണ് പബ് ജി ഇന്ത്യയില്‍ എത്തുന്നത്. ചുരുങ്ങിയ കാലത്തില്‍ അതീവ ജനപ്രിയമായി. അതിന് രണ്ട് കാരണങ്ങളുണ്ട്. ഇത് സ്ട്രീം ചെയ്യാന്‍ എളുപ്പമാണ്. ഒപ്പം തന്നെ സഹകളിക്കാരനുമായി സംസാരിച്ച് കളിക്കാം. ശരിക്കും ശരീരത്തിലെ അഡ്രിനാലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന രീതിയിലാണ് ഈ ഗെയിം ഫോര്‍മാറ്റ് എന്ന് പറയാം. അതിനാല്‍ യുവാക്കളെ കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കാന്‍ ഈ ഗെയിമിന് സാധിക്കും. ലോക്ക്ഡൌണ്‍ കാലവും ആപ്പിന്റെ വളര്‍ച്ച വേഗത്തിലാക്കുവാന്‍ വലിയ ഘടകമായി.
ഗെയിമുകള്‍ക്ക് വലിയ വിപണിയാണ് ഇന്ത്യ എന്നാല്‍ ഇന്ത്യ ഇ-സ്പോര്‍ട്സ് രംഗത്തെ വലിയൊരു വരുമാനം ഈ ഗെയിം സ്വന്തം നേടുന്നു എന്നാണ് വിവരം. ടെൻസെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തിൽ മാത്രം സമ്മാനിച്ചത് 1700 കോടിയിൽപരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ളേ എന്നിവയിൽ നിന്ന് മെയ് 1 മുതൽ മെയ് 31 വരെ ശേഖരിച്ച വിവരങ്ങൾ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത് മെയ് 2020 -ലെ ഏറ്റവും കൂടുതൽ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി മൊബൈൽ.
പബ്ജിയുടെ വളര്‍ച്ച
ഇതിനൊപ്പം പബ്ജി സംബന്ധിച്ച് കുറ്റകൃത്യ വാര്‍ത്തകളും, ആത്മഹത്യ വാര്‍ത്തകളും വന്നത് ഈ ആപ്പിനെതിരെ പൊതുബോധം ഉയര്‍ത്തിയിരുന്നു. തന്റെ പരീക്ഷ പേ ചര്‍ച്ച എന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോദി തന്നെ ഈ ആപ്പിനെ പേരെടുത്ത് പറഞ്ഞത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.
അതേ സമയം തന്നെ ഇ-സ്പോര്‍ട്സ് രംഗത്ത് ഇന്ത്യയില്‍ പുതിയ വഴി തുറക്കാനും ഈ ആപ്പ് കാരണമാക്കി. രാജ്യത്തിന്റെ പലഭാഗത്തും പബ് ജി ഗെയിം മത്സരങ്ങളും വലിയ പ്രൈസ് മണി മത്സരങ്ങളും നടത്തപ്പെട്ടു. എബ്യൂല്യന്റ്, ഫനറ്റിക്ക് പോലുള്ള അന്താരാഷ്ട്ര ഗെയിമിംഗ് ടീമുകള്‍ ഇന്ത്യയില്‍ സെലക്ഷന് പോലും നടത്തി.
പുതിയ പബ് ജി നിരോധനത്തെക്കുറിച്ച് പറയുന്ന എബ്യൂല്യന്റ് സഹസ്ഥാപകനായ അമന് ഗാര്‍ഗിന്റെ വാക്കുകള്‍ പ്രകാരം, പബ് ജി സ്ട്രീംമിംഗ് ആണ് പല ഗെയിം സംഘങ്ങള്‍ക്കും വരുമാനത്തിന്റെ വലിയൊരു ഭാഗം നല്‍കിയിരുന്നത്. എന്നാല്‍ ഇത് നിലയ്ക്കുന്നത് ഇന്ത്യയിലെ ഇ-സ്പോര്‍ട്സ് രംഗത്തിന് വലിയൊരു തിരിച്ചടിയായിരിക്കും എന്നതാണ്. പബ് ജിയുടെ അഭാവം ഇ-സ്പോര്‍ട്സ് രംഗത്ത് ഉണ്ടാക്കുന്ന വിടവ് പരിഹരിക്കാന്‍ എട്ട് മാസം മുതല്‍ ഒരു വര്‍ഷം വരെ എടുത്തേക്കാം അമന് ഗാര്‍ഗ് പറയുന്നു.
കണക്കുകള്‍ കഥ പറയുന്നു
പബ് ജിക്ക് ലോകത്താകമാനം 734 ദശലക്ഷം ഡൌണ്ലോഡാണ് ഉള്ളത്. അതില്‍ 175 ദശലക്ഷം ഡൌണ്‍ലോഡ് ഇന്ത്യയില്‍ നിന്നാണ്. അതായത് പബ് ജിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. ലോകത്തിലെ മൊത്തം ഡൌണ്‍ലോഡ് വച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ ഡൌണ്‍ലോഡ് ശരാശരി 23.8 ശതമാനമാണ്. ചൈനയില്‍ ഇത് 16.7 ശതമാനവും. യുഎസില്‍ 16.7 ശതമാനവുമാണ്.
ലോകത്തില്‍ ഏറ്റവും വരുമാനം ഉണ്ടാക്കുന്ന 8മത്തെ ഏറ്റവും വലിയ ഗെയിം ആണ് പബ് ജി. 3,208.8 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വരും ഇത്. ഇതില്‍ തന്നെ 208.8 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പബ് ജി നേടുന്നത് ഇന്ത്യയില്‍ നിന്നാണ്. 10.8 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ പബ് ജി ഇന്ത്യയില്‍ ഉണ്ടാക്കുന്നത്.
ഇനിയെന്ത് സംഭവിക്കും
മുന്‍പ് നിരോധിച്ച ആപ്പുകള്‍ പോലെ തന്നെ അധികം വൈകാതെ പബ് ജിയും വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്യപ്പെടും. ഇപ്പോള്‍ മൊബൈലില്‍ ഗെയിം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ മൊബൈല്‍ പ്രോവൈഡര്മാരോട് നിര്‍ദേശം നല്കി ബ്ലോക്ക് ചെയ്യും വരെ ഗെയിം കളിക്കാന്‍ സാധിച്ചേക്കും.