വാട്ട്സ്ആപ്പിന് ഇന്ത്യയിലും യൂറോപ്പിലും രണ്ട് സ്വകാര്യത നയം; ആശങ്കയോടെ അറിയേണ്ട കാര്യം.!

By Web Team  |  First Published Jan 14, 2021, 6:32 PM IST

എന്താണ് യൂറോപ്പിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം കിട്ടാന്‍ കാരണം, അതിന് ഒരു ഉത്തരമേ ഉള്ളൂ. അവിടെ നടപ്പിലാക്കിയ ശക്തമായ നിയമം. 


ദില്ലി: ഫേസ്ബുക്കിന്‍റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് അതിന്‍റെ സ്വകാര്യത നയം അപ്ഡേറ്റ് ചെയ്തത് വലിയ വാര്‍ത്തയായിരിക്കുകയാണ്. പ്രധാനമായും ഉപയോക്താക്കളുടെ സ്വകാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് വാട്ട്സ്ആപ്പിന്‍റെ പുതിയ നയം എന്നാണ് പൊതുവിലുള്ള വിമര്‍ശനം. ഇതിനെതിരെ വാട്ട്സ്ആപ്പ് തന്നെ രംഗത്ത് എത്തിയിരുന്നു. 

ഇന്ത്യയിലെ മുന്‍നിര പത്രങ്ങളില്‍ അടക്കം ഫുള്‍ പേജ് പരസ്യം നല്‍കിയൊക്കെയാണ് ഇതിനെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പ്രതിരോധിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഫേസ്ബുക്ക് നടപ്പിലാക്കിയ സ്വകാര്യനയത്തിന്‍റെ അന്തസത്ത ചോദ്യം ചെയ്യുന്ന ഒരു കാര്യവും അതിനിടയില്‍ പൊന്തിവരുന്നു. ഫേസ്ബുക്ക് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നടപ്പിലാക്കിയ നയവും യൂറോപ്പില്‍ നടപ്പിലാക്കിയ സ്വകാര്യ നയവും രണ്ടും രണ്ടാണ് എന്നതാണ് ഇത്. ഇത് കൂടുതല്‍ ചര്‍ച്ചയാകുകയാണ്.

Latest Videos

undefined

ജനുവരി 8മുതല്‍ ഫുള്‍ സ്ക്രീനായി വന്ന അപ്ഡേഷനിലൂടെയാണ് വാട്ട്സ്ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടക്കം വാട്ട്സ്ആപ്പ് യൂസറുടെ വിവരങ്ങള്‍ പരസ്യം പോലുള്ള ഉപയോഗത്തിനായി മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറും എന്ന് പറയുന്നു. എന്നാല്‍ യൂറോപ്പില്‍ ഇത് ഇല്ലെന്നാണ് വിമര്‍ശനം. ഇതിനെ സ്ഥരീകരിക്കുന്ന തരത്തിലാണ് വാട്ട്സ്ആപ്പ് യൂറോപ്പിലെ ഡയറക്ടര്‍ ഓഫ് വാട്ട്സ്ആപ്പ് പോളിസി നിമാഹ് ഷ്വിനി ട്വീറ്റ് ചെയ്തത്. ഒരു കൂട്ടം ട്വീറ്റുകളിലൂടെ ഇവര്‍ ഈ കാര്യം ഉറപ്പിച്ചു പറയുന്നു. യൂറോപ്പിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഒരിക്കലും ഫേസ്ബുക്കിന് കൈമാറില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ യൂറോപ്പിലെ വാട്ട്സ്ആപ്പിന്‍റെ എഫ്എക്യൂ പേജിലും ഇത് കൃത്യമായി വ്യക്തമാക്കുന്നു.

എന്താണ് യൂറോപ്പിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം കിട്ടാന്‍ കാരണം, അതിന് ഒരു ഉത്തരമേ ഉള്ളൂ. അവിടെ നടപ്പിലാക്കിയ ശക്തമായ നിയമം. അതാണ് ജനറല്‍ ഡാറ്റ പ്രോട്ടക്ടിംഗ് റെഗുലേഷന്‍ അഥവ ജിഡിപിആര്‍. ഇതേ സമയത്ത് ഇതിന് സമാനമായി ഇന്ത്യ തയ്യാറാക്കിയ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ല്, ഇതുവരെ നിയമം പോലും ആയിട്ടില്ല എന്നതാണ് സത്യം. ജിഡിപിആര്‍ ശക്തമായ നിയമമാണ് എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഇത് പ്രകാരം ഒരു സര്‍വീസ് നടത്താന്‍ ആവശ്യമായ അത്യവശ്യ വിവരങ്ങള്‍ മാത്രമേ ഒരു സേവനം നല്‍കുന്ന കമ്പനിക്ക് ശേഖരിക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ കടുത്ത ശിക്ഷ പിഴ നടപടികള്‍ നേരിടേണ്ടി വരും. ഇതിനകം തന്നെ ഇതിന്‍റെ ഫലം പലപ്പോഴായി പിഴ രൂപത്തില്‍ വിവിധ ടെക് കമ്പനികള്‍ക്ക് ലഭിച്ചു കഴിഞ്ഞു.

അതേ സമയം ഇന്ത്യയില്‍ ഐടി നിയമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത ഉണ്ട്. ഐടി ആക്ട് 2000ത്തിന്‍റെ സെക്ഷന്‍ 43എ ഇത്തരത്തില്‍ സ്വകാര്യ വിവരങ്ങള്‍ ഒരു ഉപയോക്താവില്‍ നിന്ന് ശേഖരിക്കുന്നതും, കൈമാറ്റം ചെയ്യുന്നതും ഒക്കെ നിയന്ത്രിക്കാനുള്ള നിയമമാണ്. സ്വകാര്യ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കാം, അത് എങ്ങനെ ഉപയോഗിക്കാം എന്നതൊക്കെ ഇതില്‍ പറയുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുക എന്നത് വലിയ വെല്ലുവിളിയായി ഇപ്പോഴും തുടരുന്നു. ഒരു ഉപയോക്താവിന് അയാളുടെ വിവരങ്ങള്‍ മറ്റെതെങ്കിലും പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് സംബന്ധിച്ച് കൃത്യമായി മനസിലാക്കാനുള്ള മാര്‍ഗ്ഗം നിലവില്‍ ഇല്ല. ഇതിനൊപ്പം തന്നെ ഇതിനെതിരായ നിയമനടപടികള്‍, ശിക്ഷ എന്നിവയെല്ലാം വലിയ പ്രശ്നങ്ങളാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ച് - ഇത് സംബന്ധിച്ച് പ്രതികരിച്ച സൈബര്‍ ലോ സ്ഥാപനമായ സേത്ത് അസോസിയേറ്റിന്‍റെ ഡോ. കര്‍ണിക് സേത്ത് പറയുന്നു.

ഇന്ത്യയിലെ ഡാറ്റ പ്രൈവസിയും, സംരക്ഷണത്തിനും ഒരു ശക്തമായ നിയമം ഇപ്പോള്‍ നിലവില്‍ ഇല്ല എന്നതാണ് ഈ കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പക്ഷെ നിയമത്തിന്‍റെ അഭാവം മാത്രമല്ല ഫേസ്ബുക്ക് വാട്ട്സ്ആപ്പ് സ്വകാര്യത നയം രണ്ട് രീതിയില്‍ ഇന്ത്യയിലും യൂറോപ്പിലും അവതരിപ്പിക്കാന്‍ കാരണമെന്നും ചില  സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2017ല്‍ ഫേസ്ബുക്കിന് യൂറോപ്യന്‍ കമ്മീഷന്‍ 110 മില്ല്യണ്‍ ഡോളറാണ് പിഴ വിധിച്ചത്. 2014 ല്‍ വാട്ട്സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്ത സംഭവത്തിലായിരുന്നു ഇത്. വാട്ട്സ്ആപ്പ് ഫോണ്‍ നമ്പറുകള്‍ ഫേസ്ബുക്ക് അക്കൗണ്ടുമായി കണക്ട് ചെയ്യാന്‍ സാധിക്കും എന്ന അറിവോടെയാണ് ഈ ഏറ്റെടുക്കല്‍ എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്.  ഇത്തരം വലിയ ശിക്ഷകളാണ് യൂറോപ്പില്‍ കരുതല്‍ എടുക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്.

ഇന്ത്യയിലെ സൈബര്‍ സ്വകാര്യത സംരക്ഷണ നിയമവും, യൂറോപ്പിലെ ജിഡിപിആറും തമ്മില്‍ കാര്യമായ ഒരു വ്യത്യാസം നിലവിലുണ്ട്. ജിഡിപിആറിലെ പിഴ ശിക്ഷകള്‍ തന്നെയാണ് അത്. 20 മില്ല്യണ്‍ യൂറോ മുതല്‍ ഒരു കമ്പനിയുടെ ആഗോള വരുമാനത്തിന്‍റെ  4 ശതമാനം വരെയാണ് പിഴ. അതേ സമയം ഇന്ത്യയിലെ ഐടി ആക്ട് പ്രകാരം തന്‍റെ സ്വകാര്യ വിവരം ചോര്‍ന്നു എന്ന് സംശയിക്കുന്നയാള്‍ പരാതി നല്‍കി അത് കോടതിയില്‍ തെളിയിക്കേണ്ടത് അയാളുടെ ബാധ്യതമാത്രമാകുന്നു. 

വളരെക്കാലയമായി ശക്തമായ സ്വകാര്യത സംരക്ഷണ നിയമത്തിനായി വിവിധ സംഘടനകള്‍ രാജ്യത്ത് മുറവിളികൂട്ടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2019 അവതരിപ്പിച്ചു. ഇപ്പോഴും ഇത് ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. 15 കോടി മുതലാണ് ഡാറ്റ ചോര്‍ച്ചയ്ക്കും മറ്റും ഈ ബില്ലിലെ പിഴ ശിക്ഷ. 

click me!