കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് തല്ലിത്തകര്‍ത്ത തൊഴിലാളി രോഷം; പിന്നില്‍ എന്ത്.!

By Web Team  |  First Published Dec 13, 2020, 8:53 AM IST

കൃത്യസമയത്ത് വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ മാനേജ്‌മെന്റിന് നിരവധി തവണ നിവേദനം നൽകിയതായി ജീവനക്കാർ പറയുന്നുണ്ട്. പ്രതിമാസം 12,000 രൂപ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. 


ബംഗലൂരു: സാംസങ്ങ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തില്‍ വലിയ നിക്ഷേപം ഇന്ത്യയില്‍ നടത്താന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം  കർണാടകയിലെ കോലാറില്‍ നിന്നും ഒരു വാര്‍ത്ത എത്തിയത്. ഐഫോൺ നിർമാണ പ്ലാന്റ് ജീവനക്കാർ അടിച്ചുതകർത്തു. ദേശീയ മാധ്യമങ്ങളില്‍ മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഈ വാര്‍ത്ത വന്നു. തായ്‌വാൻ കമ്പനിയായ വിസ്ട്രോണിന്റെ പ്ലാന്റാണ് ശനിയാഴ്ച ഒരുസംഘം അസംതൃപ്തരായ ജീവനക്കാർ ആക്രമിച്ചത്. 

വേതന പ്രശ്നം തന്നെയാണ് തൊഴിലാളികളെ സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.  രണ്ട് മാസത്തിലേറെയായി വിസ്ട്രോൺ കോർപ്പ് പലർക്കും വേതനം നൽകിയിട്ടില്ലെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഒപ്പം അധികമായി ജോലി എടുപ്പിക്കുന്നുവെന്നും ജീവനക്കാർ പറഞ്ഞു. കോലാറിലെ പ്ലാന്റിന് പുറത്ത് ആയിരത്തിലധികം ജീവനക്കാരാണ് കഴിഞ്ഞദിവസം ഒത്തുകൂടി കമ്പനിക്കെതിരെ ആക്രമണം നടത്തിയത്. 

Latest Videos

undefined

കൃത്യസമയത്ത് വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ മാനേജ്‌മെന്റിന് നിരവധി തവണ നിവേദനം നൽകിയതായി ജീവനക്കാർ പറയുന്നുണ്ട്. പ്രതിമാസം 12,000 രൂപ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ഫാക്ടറീസ് ആക്റ്റ് അനുസരിച്ച്, ജോലി സമയം പ്രതിദിനം 8 മണിക്കൂർ ആണ്. എന്നാൽ കമ്പനി തങ്ങളെ 12 മണിക്കൂർ ജോലിചെയ്യിപ്പിക്കുന്നുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു. 

പുലർച്ചെ ജോലി കഴിഞ്ഞിറങ്ങിയ ജീവനക്കാർ ഒത്തുകൂടിയാണ് കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞത്. കമ്പനിയുടെ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു. അക്രമം വ്യാപകമായതോടെ പൊലീസെത്തി ലാത്തി ചാർജ് നടത്തുകയായിരുന്നു.  രാവിലെ ജീവനക്കാർ ഷിഫ്റ്റ് മാറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കോലാർ എസ്പി കാർത്തിക് റെഡ്ഡി പറഞ്ഞു. പ്ലാന്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അക്രമം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിസ്ട്രോണിലെ 80 ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ കോലാറിലെ വിസ്ട്രോൺ കോർപ്പ് പ്ലാന്റിലെ ജീവനക്കാർക്ക് യൂണിയൻ ഇല്ലെന്നും അതിനാൽ തൊഴിൽ അവകാശങ്ങൾക്കായി പോരാടുന്നത് ബുദ്ധിമുട്ടാണെന്നും അഖിലേന്ത്യാ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ സെക്രട്ടറി സത്യനാരായണൻ പറഞ്ഞു.

click me!