Paytm : ഏതാവശ്യത്തിനും ഉപയോഗിക്കാവുന്ന ട്രാന്‍സിറ്റ് കാര്‍ഡുമായി പേടിഎം

By Web Team  |  First Published Nov 30, 2021, 8:23 PM IST

 വ്യാപാര സ്ഥാപനങ്ങളില്‍ ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങിനും മറ്റ് അനേക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനും കാര്‍ഡ് ഉപയോഗിക്കാം. 


ദില്ലി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്  ലിമിറ്റഡ് ( പുതിയ പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഒരു രാജ്യം ഒരു കാര്‍ഡ് എന്ന ആശയത്തിലാണ് പേടിഎം പുതിയ ഉത്പന്നം ഇറക്കിയിരിക്കുന്നത്. ഒരു കാര്‍ഡ് നിത്യാവശ്യങ്ങള്‍ക്കായി മെട്രോ, റയില്‍, ബസ്, തുടങ്ങിയ യാത്രാ മാര്‍ഗങ്ങള്‍ക്കും ടോള്‍-പാര്‍ക്കിങ് ചാര്‍ജ് നല്‍കുന്നതിനും ഉപയോഗിക്കാന്‍ സാധിക്കും എന്നാണ് പേടിഎം (Paytm) അവകാശവാദം. വ്യാപാര സ്ഥാപനങ്ങളില്‍ ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങിനും മറ്റ് അനേക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. എടിഎമ്മുകളില്‍ (ATMs) നിന്നും പണം പിന്‍വലിക്കാനും കാര്‍ഡ് ഉപയോഗിക്കാം. 

ഈ കാര്‍ഡ് അവതരിപ്പിക്കുന്നതോടെ പല വിധ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം കാര്‍ഡുകള്‍ കൊണ്ടു നടക്കേണ്ട അവസ്ഥയും ഒഴിവായി. എല്ലാ പേയ്‌മെന്റുകള്‍ക്കും പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ഇന്ത്യക്കാര്‍ക്ക് തടസമില്ലാതെ ബാങ്കിങും മറ്റ് ഇടപാടുകളും നടത്തുന്നതിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ട്രാന്‍സിറ്റ് കാര്‍ഡിന്റെ അവതരണമെന്ന് പേടിഎം പറയുന്നു. 

Latest Videos

undefined

ഈ കാര്‍ഡിന് അപേക്ഷിക്കാനും റീചാര്‍ജ് ചെയ്യാനും എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാനുമുള്ള ഡിജിറ്റല്‍ സംവിധാനം പേടിഎം ആപ്പില്‍ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കാര്‍ഡ് വീടുകളിലെത്തും അല്ലെങ്കില്‍ ആവശ്യമായ ഇടത്തെ സെയില്‍സ് പോയിന്റില്‍ നിന്നും കളക്റ്റ് ചെയ്യാം. പ്രീപെയ്ഡ് കാര്‍ഡ് നേരിട്ട് പേടിഎം വാലറ്റുമായി ലിങ്ക് ചെയ്തിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് വാലറ്റ് ടോപ്പ്-അപ്പ് ചെയ്ത് ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിക്കാം. പ്രത്യേക അക്കൗണ്ട് ഒന്നും സൃഷ്ടിക്കേണ്ട.

ഹൈദരാബാദ് മെട്രോ റെയിലുമായി ചേര്‍ന്നാണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്. ഡല്‍ഹി എയര്‍പോര്‍ട്ട് എക്‌സ്പ്രസിലും അഹമദാബാദ് മെട്രോയിലും കാര്‍ഡ് ഇപ്പോള്‍ ലൈവാണ്. ഒരേ ട്രാന്‍സിറ്റ് കാര്‍ഡ് തന്നെ ഇന്ത്യയിലെ ഏത് മെട്രോയിലും ഉപയോഗിക്കാം.
പേടിഎം ട്രാന്‍സിറ്റ് കാര്‍ഡിന്റെ അവതരണം ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഏത് തരത്തിലുള്ള യാത്രയ്ക്കും ബാങ്കിങ് ഇടപാടുകള്‍ക്കും ഉപയോഗപ്രദമാണെന്നും ദേശീയ പൊതുയാത്രാ കാര്‍ഡിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ ഡിജിറ്റല്‍വല്‍ക്കരണത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ സതീശ് ഗുപ്ത പറഞ്ഞു. 

click me!