ഒടിപി, സമ്മാന തട്ടിപ്പുകള്‍; ബാങ്ക് അക്കൌണ്ടുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണം 'ചൈനക്കാര്‍' കൊണ്ടുപോകും.!

By Web Team  |  First Published Jul 9, 2021, 10:08 AM IST

ചിലര്‍ക്ക് 50 ലക്ഷം രൂപ വരെ നേടാമെന്നു പറഞ്ഞ് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുന്നവരും തട്ടിപ്പിനിരയായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.


എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമാക്കി ചൈനീസ് സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ട് ഉടമകളുടെ പണം കവരാനുള്ള സാധ്യതകളാണ് ഇത്തരം ആക്രമണം ഉണ്ടാക്കുന്നത് എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സാങ്കേതിക പരി‍ജ്ഞാനം കുറവായ ഉപയോക്താക്കളാണ് ഇത്തരം സൈബര്‍ തട്ടിപ്പിന്‍റെ വലയില്‍ വീഴുന്നത്. അക്കൗണ്ട് ഉടമകളുടെ 'നൊ യുവര്‍ കസ്റ്റമര്‍' (കെവൈസി) ഫോം അപ്‌ഡേറ്റു ചെയ്യണമെന്നുള്ള ആവശ്യമാണ് മെസേജുകളായി ഹാക്കര്‍മാര്‍ ഇതിലൂടെ ആദ്യം അയക്കുന്നത്. ഇത്തരം ലിങ്ക് ലഭിച്ച് ക്ലിക്ക് ചെയ്തവരെല്ലാം തട്ടിപ്പിനിരയായി എന്നാണ് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍പീസ് ഫൗണ്ടേഷന്‍ ,ഓട്ടോബോട്ട് ഇന്‍ഫോസെക് എന്നീ കമ്പനികള്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നത്. 

Latest Videos

undefined

തട്ടിപ്പിനിരയായ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ടെക്‌സ്റ്റ് സന്ദേശമാണ് ആദ്യം ലഭിച്ചത്. അതില്‍ ക്ലിക്കു ചെയ്താല്‍ എസ്ബിഐയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പേജാണെന്നു തോന്നിപ്പിക്കത്തക്ക വിധത്തിലുള്ള വെബ്പേജിലേക്ക് എത്തും. തുടര്‍ന്ന് കണ്ടിന്യൂ ടു ലോഗ്ഇന്‍ ബട്ടണ്‍ വരും. ഇതില്‍ ക്ലിക്കു ചെയ്താല്‍ പേജ് റീ ഡയറക്ടു ചെയ്തുപോകുന്നതു കാണാം. 

തുടര്‍ന്ന് യൂസര്‍ നെയിം, പാസ്‌വേഡ്, ക്യാപ്ച കോഡ് തുടങ്ങിയവ ഫില്ലു ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഫോണ്‍ നമ്പറിലേക്ക് ഒടിപി അയയ്ക്കുന്നു. ഇത് എന്റര്‍ ചെയ്യുന്നതിനൊപ്പം പേര്, മൊബൈല്‍ നമ്പര്‍, ജനന തിയതി തുടങ്ങി സ്വകാര്യ വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെടും. അതിന് പിന്നാലെ പണം പോയി എന്ന സന്ദേശമാണ് പലര്‍ക്കും ലഭിച്ചത് എന്നാണ് ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നത്.

ഇതിനു പുറമെ വലിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടക്കുന്നുണ്ട്. ചിലര്‍ക്ക് 50 ലക്ഷം രൂപ വരെ നേടാമെന്നു പറഞ്ഞ് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുന്നവരും തട്ടിപ്പിനിരയായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് തേഡ്പാര്‍ട്ടി ഡൊമെയ്‌നുകള്‍ വച്ചാണ്. ചൈനീസ് ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നുമാണ് അനുമാനം. 

എസ്ബിഐയ്ക്ക് പുറമേ, ഐഡിഎഫ്‌സി, പിഎന്‍ബി, ഇന്‍ഡസ്ഇന്‍ഡ്, കോട്ടക് ബാങ്കുകളുടെ വ്യാജ ലിങ്കുകളും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഡൊമെയ്നുകളെല്ലാം ചൈനയില്‍ റജിസ്റ്റര്‍ ചെയ്തതാണ്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ തുറക്കരുതെന്നാണ് ടെക് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
 

click me!