സൈബര്‍ ഇരപിടുത്തക്കാരെ കെണിവച്ച് പിടിച്ച് പൊലീസ്; ഓപ്പറേഷന്‍ പി ഹണ്ടിന് പിന്നില്‍

By Web Team  |  First Published Jun 29, 2020, 2:00 PM IST

ടെലഗ്രാമിലെ സ്വർഗത്തിലെ മാലാഖമാർ എന്ന രീതിയില്‍ സംശയം തോന്നാത്ത പേരുകള്‍ ഉള്ള ഗ്രൂപ്പുകള്‍ വഴിയായിരുന്നു സൈബര്‍ ഇരപിടുത്തക്കാരുടെ പ്രവര്‍ത്തനം. 


തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കേരള പൊലീസ് സൈബര്‍ഡോമിന്‍റെ സഹായത്തോടെ നടത്തുന്ന ഓപ്പറേഷന്‍ പി-ഹണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിലെ സൈബര്‍ ലോകത്ത് നടക്കുന്ന കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ നേരിടാനുള്ള ഈ ദൌത്യം അടുത്തഘട്ടത്തിലേക്ക് കടന്നുവെന്നാണ് സൂചനകള്‍. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങിയതായും എഡിജിപി മനോജ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തിന് ഇന്‍റര്‍പോള്‍ ഉള്‍പ്പെടെയുളള അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം. ഓപ്പറേഷന്‍ പി-ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ശക്തമായ നടപടികളാണ് പൊലീസ് എടുത്തത്. ഓപ്പറേഷന്‍ പി-ഹണ്ടില്‍ 89 കേസുകളാണ് കഴി​ഞ്ഞ ദിവസങ്ങളിൽ റജിസ്റ്റര്‍ ചെയ്തത്. 47 പേരാണ് അറസ്റ്റിലായത്. ഇതിന്റെ ഭാഗമായി മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കംപ്യൂട്ടറുകൾ മൊബൈൽ ഫോണുകൾ, മോഡമുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ ഉൾപ്പെടുന്ന 143 ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കും.

Latest Videos

undefined

മാസങ്ങളായി സോഷ്യല്‍ മീഡിയകള്‍, സന്ദേശ കൈമാറ്റ ആപ്പുകളായ വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നിവയില്‍ നടത്തിയ നിരീക്ഷണത്തിലൂടെയാണ് പൊലീസ് പി-ഹണ്ടിന് വലവിരിച്ചത്.  ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിച്ചു. വാട്സാപ്പിൽ നിരവധി രഹസ്യഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകൾ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പൊലീസ് രൂപം നല്‍കിയ കേരള പൊലീസ് കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയാനുള്ള വിഭാഗവും സൈബർഡോമും സംയുക്തമായാണ് പി-ഹണ്ട് ആവിഷ്കരിച്ചത്. ഐടി സാങ്കേതിക വിദഗ്ധരുടെ സഹായവും ഉണ്ടായിരുന്നു. ജില്ലകളിലെ പി-ഹണ്ട് റെയ്ഡുകള്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു.

ടെലഗ്രാമിലെ സ്വർഗത്തിലെ മാലാഖമാർ എന്ന രീതിയില്‍ സംശയം തോന്നാത്ത പേരുകള്‍ ഉള്ള ഗ്രൂപ്പുകള്‍ വഴിയായിരുന്നു സൈബര്‍ ഇരപിടുത്തക്കാരുടെ പ്രവര്‍ത്തനം. ഗ്രൂപ്പുകളിൽ നിന്നും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും നിരന്തരം വിനിമയം ചെയ്യപ്പെടുന്നു എന്ന വിവരങ്ങളാണ് സൈബര്‍ഡോമിന് കിട്ടിയത്. ഇത്തരം ഗ്രൂപ്പുകളില്‍ ഇത്തരം വീഡിയോകളുടെയും, ചിത്രങ്ങളുടെയും ചെറിയ ക്ലിപ്പുകള്‍ ഇട്ട്, ആവശ്യപ്പെടുന്നവര്‍ക്ക് പിന്നീട് പണം വാങ്ങി മുഴുവന്‍ വീഡിയോയും വില്‍ക്കുന്ന രീതിയായിരുന്നു ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട കണ്ണികളെ പൊലീസ് പി-ഹണ്ടിലൂടെ കണ്ടെത്തിയെന്നാണ് സൂചന.

"

പി ഹണ്ടുമായി റെയ്ഡ് നടന്നത്  14 ജില്ലകളിലെ 110 സ്ഥലങ്ങളിലാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 15 കേസുകള്‍. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. അറസ്റ്റിലായവരിൽ വലിയ ഐടി സ്ഥാപനങ്ങളില്‍ അടക്കം ജോലി ചെയ്യുന്നവരുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പി-ഹണ്ടുമായി ബന്ധപ്പെട്ട് പൊലീസ് കണ്ടെത്തിയ ദൃശ്യങ്ങളില്‍ ലോക്ക്ഡൌണ്‍ കാലത്ത് വീട്ടില്‍തന്നെയായി പോയ കുട്ടികളുടെ ദൃശ്യങ്ങള്‍ വരെയുണ്ട് എന്നതാണ്. അതായത് സ്വന്തം വീട്ടുകാരുടെ അടുത്ത് പോലും കുട്ടികള്‍ സുരക്ഷിതരല്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ കൂടിയാണ് ഓപ്പറേഷന്‍ പി-ഹണ്ട് വെളിച്ചത് എത്തിക്കുന്നത്.

ഇടുക്കിയില്‍ ഓപ്പറേഷന്‍ പി-ഹണ്ടിലൂടെ അറസ്റ്റിലായത് ഒരു ഡോക്ടറാണ്. കണ്ണൂരില്‍ നിന്നും അറസ്റ്റിലായ ഒരാളുടെ ചാറ്റ് ഹിസ്റ്ററി പരിശോധിച്ച പൊലീസ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. മൂന്ന് മാസം മുന്‍പും സമാനമായ നടപടികള്‍ കേരള പൊലീസ് എടുത്തിരുന്നു. ഇതില്‍ നശിപ്പിച്ച പലഗ്രൂപ്പുകളും വീണ്ടും പൊട്ടിമുളച്ചിട്ടുണ്ടെന്നും. മുന്‍പ് അംഗങ്ങളായ പലരും ഇപ്പോഴും സജീവമാണ് എന്ന സൂചനയാണ് പൊലീസിന് പുതിയ നടപടിയിലൂടെ ലഭിക്കുന്നത്.

ഇനിയും പി-ഹണ്ട് തുടരും എന്ന സൂചനയാണ് കേരള പൊലീസ് നല്‍കുന്നത്. നിലവിലെ നിയമപ്രകാരം കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് പുറമേ ബാലവകാശ നിയമങ്ങളും ചേര്‍ത്ത് പിടിയിലായവര്‍ക്കെതിരെ നിയമനടപടികളും ശക്തമാക്കുവനാണ് പൊലീസിന്‍റെ ശ്രമം.

click me!